1 GBP = 130.08
breaking news

ഇറ്റലിയുമായി പുതിയ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് മോദി

ഇറ്റലിയുമായി പുതിയ തന്ത്രപരമായ പങ്കാളിത്തം പ്രഖ്യാപിച്ച് മോദി

ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയുമായുള്ള ഉഭയകക്ഷി ചർച്ചകൾക്ക് പിന്നാലെ, ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക്. പ്രതിരോധം, നവീകരണം, ഉത്പാദനം, ലോജിസ്റ്റിക്സ്, സമുദ്രമേഖല എന്നിവയിൽ വൻ സഹകരണത്തിന് വഴിയൊരുക്കുന്ന സുപ്രധാന ധാരണകളോടെ ഇന്ത്യ-ഇറ്റലി ബന്ധം ‘പ്രത്യേക തന്ത്രപ്രധാന പങ്കാളിത്ത’ത്തിലേക്ക് ഉയർത്തിയതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. റോമിൽ നടന്ന സംയുക്ത വാർത്താ സമ്മേളനത്തിലാണ് ഇരുനേതാക്കളും ഈ ചരിത്രപരമായ ചുവടുവെപ്പ് വ്യക്തമാക്കിയത്.

തനിക്കും ഇന്ത്യൻ പ്രതിനിധി സംഘത്തിനും നൽകിയ ഉജ്ജ്വല സ്വീകരണത്തിന് പ്രധാനമന്ത്രി മോദി നന്ദി രേഖപ്പെടുത്തി. ലോകത്തിന്റെ നിത്യനഗരം എന്ന് അറിയപ്പെടുന്ന റോമും, തന്റെ പാർലമെന്റ് മണ്ഡലമായ വാരണാസിയും തമ്മിലുള്ള സാംസ്കാരിക സമാനതകൾ അദ്ദേഹം ചൂണ്ടിക്കാട്ടി. റോം ലോകത്തിലെ നിത്യനഗരമായി അറിയപ്പെടുന്നു. ഇന്ത്യയിൽ എന്റെ ലോക്‌സഭാ മണ്ഡലമായ കാശിയും അതുപോലെ തന്നെയാണ് വിശേഷിപ്പിക്കപ്പെടുന്നത്. രണ്ട് പുരാതന സംസ്കാരങ്ങൾ കണ്ടുമുട്ടുമ്പോൾ, ചർച്ചകൾ കേവലം അജണ്ടകളിൽ മാത്രം ഒതുങ്ങില്ല. ചരിത്രത്തിന്റെ ആഴവും ഭാവിയുടെ കാഴ്ചപ്പാടും ആ സൗഹൃദത്തിന്റെ ലാളിത്യവും അതിൽ പ്രതിഫലിക്കും,” പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യ-ഇറ്റലി ബന്ധത്തിൽ ഇതൊരു ‘ചരിത്രദിന’മാണെന്ന് ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി വിശേഷിപ്പിച്ചു. നരേന്ദ്ര മോദി 2014-ൽ അധികാരമേറ്റ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ ഇറ്റാലിയൻ ഉഭയകക്ഷി സന്ദർശനമാണിത്. ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഒടുവിൽ ഇറ്റലിയിൽ ഉഭയകക്ഷി സന്ദർശനം നടത്തിയത് 2000-ൽ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയ മെലോനി, ഈ സന്ദർശനത്തിലൂടെ നീണ്ട വർഷങ്ങളുടെ ഇടവേളയ്ക്കാണ് വിരാമമാകുന്നതെന്ന് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറ്റവും ഉയർന്ന തലത്തിലാണ് ഇപ്പോൾ എത്തിനിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. ചർച്ചകൾക്കൊടുവിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യ സന്ദർശിക്കാനായി ക്ഷണിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more