1 GBP = 126.80
breaking news

കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും; റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്ബിഐ അന്വേഷണം നടത്തി

കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും സൗകര്യങ്ങളും; റിപ്പോര്‍ട്ടര്‍ക്കെതിരെ എഫ്ബിഐ അന്വേഷണം നടത്തി

വാഷിംഗ്ടണ്‍: എഫ്ബിഐ ഡയരക്ടറും ഇന്ത്യന്‍ വംശജനുമായ കാഷ് പട്ടേലിന്റെ കാമുകിക്ക് സര്‍ക്കാര്‍ സുരക്ഷയും യാത്രാസൗകര്യവും നല്‍കുന്നുവെന്ന വാര്‍ത്ത തയ്യാറാക്കിയ ന്യൂയോര്‍ക്ക് ടൈംസ് മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ എഫ്ബി.ഐ അന്വേഷണം. അന്വേഷണ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചതിനു തൊട്ടുപിന്നാലെയാണ്, എഫ്ബി.ഐ ഏജന്റുമാര്‍ മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്.

കാഷ് പട്ടേലിന്റെ കാമുകിയായ അലക്‌സിസ് വില്‍ക്കിന്‍സിനു വേണ്ടി എഫ്ബിഐയുടെ സൗകര്യങ്ങള്‍ ദുരുപയോഗം ചെയ്തതായാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തത്. എലിസബത്ത് വില്യംസണ്‍ എന്ന റിപ്പോര്‍ട്ടറാണ് ആഴ്ചകളെടുത്ത് ഈ അന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. വില്‍ക്കിന്‍സുമായി ബന്ധമുള്ള നിരവധിപേരോടു സംസാരിച്ചും എഫ്ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ചുമായിരുന്നു റിപ്പോര്‍ട്ട്. താരതമ്യേന അപ്രശസ്തയായ ഗായികയും വലതുപക്ഷ ആക്ടിവിസ്റ്റുമായിരുന്ന അലക്‌സിസ് വില്‍ക്കിന്‍സ് അന്ന് ട്രംപിനു വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാഷ് പട്ടേലുമായി പരിചയപ്പെട്ടതും പ്രണയത്തിലായതും ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയതും മുതലുള്ള വിവരങ്ങള്‍ അതിലുണ്ടായിരുന്നു. പട്ടേല്‍ എഫ്ബിഎ ഡയരക്ടര്‍ ആയതിനു ശേഷം, ഇവരുടെ സംഗീത പരിപാടികള്‍ക്കു പോലും എഫ്ബി.ഐ സുരക്ഷ ഒരുക്കിയതിന്റെ വിശദവിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നു. യുകെയില്‍ കാഷ് പട്ടേല്‍ പങ്കെടുക്കുന്ന പാര്‍ട്ടിയിലേക്ക് കാമുകിയെ എത്തിക്കുന്നതിനായി എഫ്ബി.എ ഉദ്യോഗസ്ഥര്‍ പ്രത്യേക ഗതാഗത സൗകര്യങ്ങള്‍ ഒരുക്കിയതായും വാര്‍ത്തയില്‍ പറഞ്ഞു. വില്‍ക്കിന്‍സിന്റെ സംഗീത പരിപാടികള്‍ക്കും മറ്റ് സ്വകാര്യ പരിപാടികള്‍ക്കും എഫ്ബിഐയുടെ സ്‌പെഷ്യല്‍ വെപ്പണ്‍സ് ആന്‍ഡ് ടാക്റ്റിക്‌സ് ടീം അംഗങ്ങളെ സുരക്ഷയ്ക്കായി നിയോഗിച്ചതായും ഈ റിപ്പോര്‍ട്ടിലുണ്ട്. ഒളിമ്പിക്‌സിലെ സ്വര്‍ണ്ണ മെഡല്‍ വിജയത്തിന് ശേഷം മിലാനില്‍ യുഎസ് പുരുഷ ഹോക്കി ടീം നടത്തിയ ആഘോഷങ്ങളില്‍ വില്‍ക്കിന്‍സ് പങ്കെടുത്തതിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ക്ക് പിറകെയാണ്, പട്ടേല്‍ നികുതിപ്പണം ഉപയോഗിച്ച് കാമുകിക്ക് സൗകര്യങ്ങള്‍ ഒരുക്കുന്നുവെന്ന വിവരങ്ങള്‍ പുറത്തുവന്നത്.

ഇതിനു പിറകെയാണ്, വാര്‍ത്ത തയ്യാറാക്കിയ മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെ വാഷിംഗ്ടണിലെ എഫ്ബിഐ ആസ്ഥാനത്തുള്ള പ്രത്യേക സംഘം അന്വേഷണം ആരംഭിച്ചത്. പട്ടേലിന്റെ കാമുകിയുടെ മൊഴി എടുക്കുകയും റിപ്പോര്‍ട്ടറായ എലിസബത്ത് വില്യംസണെക്കുറിച്ചുള്ള വിവരങ്ങള്‍ക്കായി ഡാറ്റാബേസുകള്‍ പരിശോധിക്കുകയും ചെയ്തു. പ്രാഥമിക അന്വേഷണം നടത്തിയ സംഘം, സ്വകാര്യതയില്‍ കടന്നുകയറുന്നതുമായി ബന്ധപ്പെട്ട ഫെഡറല്‍ നിയമങ്ങള്‍ റിപ്പോര്‍ട്ടര്‍ ലംഘിച്ചിട്ടുണ്ടോ എന്ന കാര്യം അന്വേഷിക്കാന്‍ ശിപാര്‍ശ ചെയ്തു. എന്നാല്‍, ഈ ശുപാര്‍ശ യുഎസ് നീതിന്യായ വകുപ്പ് തള്ളുകയും അത്തരമൊരു അന്വേഷണത്തിന് നിയമപരമായ അടിസ്ഥാനമില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. തുടര്‍ന്ന് അന്വേഷണവുമായി മുന്നോട്ടു പോവേണ്ട എന്ന് എഫ്ബി.ഐ തീരുമാനിക്കുകയായിരുന്നു.

റിപ്പോര്‍ട്ട് പുറത്തുവന്നതിനോടുള്ള പ്രതികാരമായാണ് പട്ടേലും കാമുകിയും ഇത്തരമൊരു നടപടിക്ക് തുനിഞ്ഞതെന്ന് ന്യൂയോര്‍ക്ക് ടൈംസ് വ്യക്തമാക്കി. സ്വന്തം ജോലി ചെയ്തതിന്റെ പേരില്‍ ഒരു റിപ്പോര്‍ട്ടറെ അന്വേഷണത്തിന് വിധേയമാക്കിയ എഫ്ബിഐ നടപടിയെ എക്സിക്യൂട്ടീവ് എഡിറ്റര്‍ ജോസഫ് കാന്‍ വിമര്‍ശിച്ചു. ‘സാധാരണ റിപ്പോര്‍ട്ടിംഗിനെ കുറ്റകരമാക്കാനുള്ള എഫ്ബിഐയുടെ ശ്രമം ഒന്നാം ഭേദഗതി അവകാശങ്ങളുടെ ലംഘനമാണ്. ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ മാധ്യമപ്രവര്‍ത്തകര്‍ സൂക്ഷ്മമായി പരിശോധിക്കുന്നത് തടയാനുള്ള മറ്റൊരു ശ്രമം കൂടിയാണിത. ഇത് ആശങ്കാജനകമാണ്. ഭരണഘടനാ വിരുദ്ധമാണ്. കൂടാതെ ഇത് തെറ്റുമാണ്- ജോസഫ് കാന്‍ പറഞ്ഞു.

അതിനിടെ, സംഭവത്തില്‍ സ്വന്തം ഭാഗം വിശദീകരിച്ച് എഫ്ബിഐ രംഗത്തുവന്നു. വില്‍ക്കിന്‍സിന് നേരെ വധഭീഷണി ഉണ്ടായതിനെ തുടര്‍ന്നാണ് അന്വേഷണം നടത്തിയതെന്ന് എഫ്ബിഐ വക്താവ് പറഞ്ഞു. വധഭീഷണിയുടെ പശ്ചാത്തലത്തിലാണ് വില്‍ക്കിന്‍സിന് ഇത്രയും സുരക്ഷ നല്‍കുന്നത്. ലേഖനം പ്രസിദ്ധീകരിച്ച ദിവസം വില്‍ക്കിന്‍സിന് അജ്ഞാതനായ ഒരാളില്‍ നിന്ന് ഭീഷണി ഇമെയില്‍ ലഭിച്ചു. അന്ന് തന്നെ അവര്‍ ഈ ഇ മെയില്‍ എഫ്ബിഐക്ക് കൈമാറി. ബോസ്റ്റണിലുള്ള ഒരാളായിരുന്നു മെയില്‍ അയച്ചതെന്ന് പിന്നീട് കണ്ടെത്തി. ന്യൂയോര്‍ക്ക് ടൈംസിലെ വാര്‍ത്ത വായിച്ചശേഷമാണ് ഭീഷണി ഇമെയില്‍ അയച്ചതെന്ന് പ്രതി സമ്മതിച്ചു. ഇതിനുേശഷം, മൊഴി എടുത്തപ്പോള്‍ ന്യൂേയാര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് തനിക്ക് ശല്യമായി തോന്നിയെന്നായിരുന്നു വില്‍ക്കിന്‍സ് പറഞ്ഞത്. തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തകയെക്കുറിച്ച് പ്രാഥമിക അന്വേഷണം നടത്തിയതെന്നും എന്നാല്‍, പിന്നീട് കേസ് വേണ്ടെന്നു വെക്കുകയായിരുന്നുവെന്നും എഫ്ബിഐ വക്താവ് പറഞ്ഞു. അന്വേഷണത്തെക്കുറിച്ച് കാഷ് പട്ടേലിന് അറിവുണ്ടായിരുന്നോ എന്നും ഒരു റിപ്പോര്‍ട്ടറുടെ സാധാരണ വാര്‍ത്താ ശേഖരണം പരിശോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചിരുന്നോ എന്നുമുള്ള ചോദ്യങ്ങള്‍ക്ക് എഫ്ബിഐ വക്താവ് മറുപടി നല്‍കിയില്ല.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more