ബെഡ്ഫോർഡ്: യുണിയൻ ഓഫ് യു.കെ മലയാളി അസോസിയേഷൻസ് (യുക്മ) ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ 2026–2027 കാലയളവിൽ സംഘടിപ്പിക്കുന്ന പ്രധാന പരിപാടികളുടെ വാർഷിക കലണ്ടർ പ്രഖ്യാപിച്ചു. റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജ്ജിന്റെ അധ്യക്ഷതയിൽ ചേർന്ന എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് പരിപാടികളുടെ തീയതികളും വേദികളും തീരുമാനിച്ചത്.പ്രസിഡണ്ട് ജോബിൻ ജോർജ്ജ് വിളിച്ചു ചേർത്ത യോഗത്തിൽ യുക്മ ദേശീയ സമിതി ജോയിന്റ് സെക്രട്ടറി സണ്ണിമോൻ മത്തായി, നാഷണൽ എക്സിക്യൂട്ടീവ് അംഗം ജെയ്സൺ ചാക്കോച്ചൻ, റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. പരിപാടികളുടെ തീയതികളും വേദികളും യോഗം ഐകകണ്ഠ്യേന അംഗീകരിച്ചു.
പുതിയ കലണ്ടർ പ്രകാരം, യുകെയിൽ മലയാളികളുടെ ശക്തമായ സാന്നിധ്യമുള്ള നഴ്സിംഗ് മേഖലയെ ആദരിക്കുന്നതിനായി ദേശീയ തലത്തിൽ നഴ്സസ് ദിനാഘോഷം മേയ് 9-ന് വിപുലമായി സംഘടിപ്പിക്കും. ഈസ്റ്റ് ആംഗ്ലിയ റീജണിലെ അംഗ അസോസിയേഷനുകളിൽ നിന്നുള്ള പരമാവധി നഴ്സുമാരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് യോഗം അഭ്യർത്ഥിച്ചു.
യുകെയിലെ മലയാളികൾക്കിടയിൽ ഏറെ ജനപങ്കാളിത്തം ഉണ്ടാവാറുള്ള ‘പ്രവാസികളുടെ നെഹ്റുട്രോഫി’ എന്നറിയപ്പെടുന്ന ‘കേരളാ പൂരം വള്ളംകളി’ മത്സരം ഇന്ത്യൻ സ്വാതന്ത്ര്യദിനമായ ആഗസ്റ്റ് 15-ന് ദേശീയ സമിതി സംഘടിപ്പിക്കും.
ഈസ്റ്റ് ആംഗ്ലിയ റീജണൽ തല കായികമത്സരങ്ങൾ ജൂൺ 6-ന് ലൂട്ടൺ അത്ലറ്റിക് സ്റ്റേഡിയത്തിൽ നടക്കും. ലൂട്ടൺ മലയാളി അസോസിയേഷൻ ആതിഥേയത്വം വഹിക്കും. റീജണൽ മത്സരങ്ങളിൽ വിജയിക്കുന്നവർക്ക് ജൂൺ 20-ന് നടക്കുന്ന ദേശീയ കായികമേളയിൽ മാറ്റുരയ്ക്കുവാനുള്ള അവസരം ലഭിക്കും.
റീജണൽ തലത്തിൽ ഏറെ വർണ്ണാഭമായ കലാമേള ഒക്ടോബർ 3-ന് നടക്കും. കലാമേളയിൽ വിജയിക്കുന്നവർക്ക് നവംബർ 7-ന് നടക്കുന്ന ദേശീയ കലാമേളയിൽ പങ്കെടുക്കാനുള്ള യോഗ്യത ലഭിക്കും.
കൂടാതെ ക്രിക്കറ്റ് ബാഡ്മിന്റൺ അടക്കം മത്സരങ്ങളും സംഘടിപ്പിക്കുവാൻ പദ്ധതിയുണ്ട്.
“ഫലപ്രദമായ ഏകോപനവും കൂട്ടായ പ്രവർത്തനവും അംഗ അസോസിയേഷനുകളുടെ പൂർണ്ണ സഹകരണവും ഉറപ്പാക്കിയാൽ മാത്രമേ കമ്മിറ്റിയുടെ പരിപാടികൾ വിജയകരമായി നടപ്പിലാക്കാൻ കഴിയൂ,” എന്ന് പ്രസിഡണ്ട് ജോബിൻ ജോർജ്ജ് അഭ്യർത്ഥിച്ചു.
യുക്മ ദേശീയ സമിതി നേതൃത്വം നൽകുന്ന വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും വള്ളംകളി ഉൾപ്പെടെയുള്ള പരിപാടികൾക്കും സജീവമായ പിന്തുണ നൽകാനും യോഗം തീരുമാനിച്ചു. സംഘടനയുടെ പ്രവർത്തനങ്ങൾക്ക് ധനസമാഹരണം നടത്തുന്നതിനായി ദേശീയ സമിതി സംഘടിപ്പിക്കുന്ന റാഫിൾ ടിക്കറ്റുകൾ അംഗ അസോസിയേഷനുകൾ വഴി പരമാവധി വിറ്റഴിക്കാൻ തീരുമാനവും എടുത്തു.
യോഗത്തിൽ റീജണൽ സെക്രട്ടറി ഭുവനേഷ് സ്വാഗതം ആശംസിച്ചു. ട്രഷറർ ഷിന്റോ നന്ദിയും രേഖപ്പെടുത്തി.
click on malayalam character to switch languages