1 GBP = 130.07
breaking news

മെക്സിക്കൻ മയക്കുമരുന്ന് രാജാവ് ‘എൽ മെൻചോ’ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു; മെക്സിക്കോയിൽ കലാപം

മെക്സിക്കൻ മയക്കുമരുന്ന് രാജാവ് ‘എൽ മെൻചോ’ സൈനിക നടപടിയിൽ കൊല്ലപ്പെട്ടു; മെക്സിക്കോയിൽ കലാപം

മെക്സിക്കോ സിറ്റി: മെക്സിക്കോയിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയും ‘ജാലിസ്കോ ന്യൂ ജനറേഷൻ കാർട്ടൽ’ (CJNG) തലവനുമായ നെമെസിയോ ഒസെഗ്വേര സെർവാന്റസ് (എൽ മെൻചോ) സൈനിക നടപടിയിൽ കൊല്ലപ്പെട്ടു. ഞായറാഴ്ച പടിഞ്ഞാറൻ സംസ്ഥാനമായ ജാലിസ്കോയിൽ നടന്ന ഏറ്റുമുട്ടലിലാണ് 59-കാരനായ എൽ മെൻചോ കൊല്ലപ്പെട്ടതെന്ന് മെക്സിക്കൻ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

തപാൽപ നഗരത്തിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഇയാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടർന്ന് മെക്സിക്കോ സിറ്റിയിലേക്ക് വിമാനമാർഗം മാറ്റുന്നതിനിടെയാണ് മരണം സംഭവിച്ചത്. എൽ മെൻചോയുടെ മരണവാർത്ത പുറത്തുവന്നതോടെ ജാലിസ്കോയിലും അയൽ സംസ്ഥാനങ്ങളിലും കാർട്ടൽ അംഗങ്ങൾ വ്യാപക അക്രമം അഴിച്ചുവിട്ടു. പ്രധാന പാതകളെല്ലാം വാഹനങ്ങൾ കത്തിച്ച് ഉപരോധിച്ചു. വിനോദസഞ്ചാര കേന്ദ്രമായ പ്യൂർട്ടോ വല്ലറ്റയിലും ഗ്വാഡലഹാരയിലും സ്ഥിതി അതീവ ഗുരുതരമാണ്.

എൽ മെൻചോയെ പിടികൂടാൻ സഹായിക്കുന്നവർക്ക് അമേരിക്ക 1.5 കോടി ഡോളർ (ഏകദേശം 125 കോടി രൂപ) പ്രതിഫലം പ്രഖ്യാപിച്ചിരുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ സഹായത്തോടെ നടത്തിയ ഓപ്പറേഷനിൽ ആറ് കാർട്ടൽ അംഗങ്ങൾ കൊല്ലപ്പെടുകയും രണ്ട് പേർ പിടിയിലാവുകയും ചെയ്തു.

സംഘർഷത്തെത്തുടർന്ന് പ്യൂർട്ടോ വല്ലറ്റ, ഗ്വാഡലഹാര എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ അമേരിക്കൻ എയർലൈൻസുകൾ റദ്ദാക്കി. പൊതുഗതാഗതവും നിർത്തിവച്ചിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more