കേരളത്തിൽ പുതിയ അതിവേഗ റെയിൽപാത പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ഡിഎംആർസി മുൻ മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ വ്യക്തമാക്കി.റെയില്‍വേയുടെ നിര്‍ദേശപ്രകാരം മുന്നോട്ടുപോകാനാണ് തീരുമാനം. പദ്ധതിയുടെ പ്രഖ്യാപനം പതിനഞ്ച് ദിവസത്തിനകം ഉണ്ടാകുമെന്നും ഇതിനായുള്ള ഓഫീസ് പൊന്നാനിയിൽ സജ്ജമാണെന്നും അദ്ദേഹം പാലക്കാട് നടത്തിയ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആദ്യ ഘട്ടത്തിൽ 14 സ്റ്റേഷനുകളാണുള്ളത്, പിന്നീട് ഇത് 22 ആയി ഉയർത്തും. തിരുവനന്തപുരം എയർപോർട്ട് സ്റ്റേഷനിൽ തുടങ്ങി വർക്കല, കൊല്ലം, കൊട്ടാരക്കര, അടൂർ, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം (ബൈപ്പാസിന് സമീപം), ആലുവ, തൃശൂർ, കുന്നംകുളം, എടപ്പാൾ, തിരൂർ, മലപ്പുറം (കരിപ്പൂർ), കോഴിക്കോട്, കൊയിലാണ്ടി, വടകര, തലശ്ശേരി, കണ്ണൂർ എന്നിവയായിരിക്കും സ്റ്റേഷനുകൾ. നിലവിൽ യാത്രക്കാർ കുറവാണെന്ന കണ്ടെത്തലിനെ തുടർന്നാണ് കാസർകോടിനെ ഒഴിവാക്കിയത്. ആവശ്യമെങ്കിൽ 200 കോടി രൂപ അധികം ചെലവാക്കി അങ്ങോട്ടേക്കും പാത നീട്ടാവുന്നതാണ്.
മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ യാത്രാസമയത്തിൽ വലിയ ലാഭമുണ്ടാക്കും. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലെത്താൻ 1.20 മണിക്കൂറും, കോഴിക്കോട്ടേക്ക് 2.30 മണിക്കൂറും, കണ്ണൂരിലേക്ക് വെറും 3.15 മണിക്കൂറും മതിയാകും. തുടക്കത്തിൽ 560 പേർക്ക് സഞ്ചരിക്കാവുന്ന എട്ട് കോച്ചുകളുള്ള ട്രെയിനുകളാണ് സർവീസ് നടത്തുക. ഓരോ അഞ്ച് മിനിറ്റിലും ട്രെയിൻ ലഭ്യമാകും.നിലവിലെ നിരക്കിന്റെ പകുതി മാത്രമേ കൂടൂകയുള്ളൂ എന്നും ഇ ശ്രീധരൻ പറഞ്ഞു.
click on malayalam character to switch languages