മോസ്കോ: തലസ്ഥാനമായ മോസ്കോ അടക്കം വിവിധ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ കനത്ത ഡ്രോൺ ആക്രമണം നടത്തിയതിനെ തുടർന്ന് 13 സുപ്രധാന വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ച് റഷ്യ.
മോസ്കോയുടെ അടുത്തുള്ള നാലും ഒമ്പത് മേഖല വിമാനത്താവളങ്ങളുടെയും പ്രവർത്തനമാണ് റദ്ദാക്കിയത്. നൂറിലേറെ ഡ്രോണുകളാണ് ഡസനിലേറെ മേഖലകളെ ലക്ഷ്യമിട്ട് യുക്രെയ്ൻ പ്രയോഗിച്ചത്. ഇതു തുടർച്ചയായ രണ്ടാം ദിവസമാണ് മോസ്കോയിലേക്ക് യുക്രെയ്ൻ ശക്തമായ ഡ്രോൺ ആക്രമണം നടത്തുന്നത്. അതിർത്തി മേഖലകളിലും റഷ്യയുടെ ഉൾപ്രദേശങ്ങളിലുമാണ് ഡ്രോണുകൾ പതിച്ചത്. ഭൂരിഭാഗം ഡ്രോണുകളും വെടിവെച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു. കുർസ്ക് മേഖലയിൽ രണ്ടുപേർക്ക് പരിക്കേറ്റതായി ഗവർണർ അലക്സാണ്ടർ ഖിൻഷ്റ്റെയിൻ പറഞ്ഞു.
രണ്ടാം ലോക യുദ്ധത്തിൽ നാസി ജർമനിക്കെതിരെ വിജയിച്ചതിന്റെ 80ാം വാർഷികമായ വിജയദിനാഘോഷം നടക്കാനിരിക്കെ റഷ്യ മൂന്നു ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണ് യുക്രെയ്ൻ ആക്രമണം. എന്നാൽ, റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ പ്രഖ്യാപനം തള്ളിയ യുക്രെയ്ൻ, ദീർഘകാല വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. വെള്ളിയാഴ്ച ചൈനീസ് പ്രസിഡന്റ് ഷീ ജിങ്പിങ് അടക്കം 20ലേറെ രാഷ്ട്ര നേതാക്കൾ പങ്കെടുക്കുന്ന വിജയദിനാഘോഷ പരേഡിന് യാതൊരു സുരക്ഷയും ഉറപ്പുനൽകാൻ കഴിയില്ലെന്നും യുക്രെയ്ൻ പ്രസിഡന്റ് വോളോദിർ സെലൻസ്കി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, യുക്രെയ്നെതിരെ കഴിഞ്ഞ രാത്രിതന്നെ ഷഹീദ് ഡ്രോണുകൾ പ്രയോഗിച്ച് റഷ്യ തിരിച്ചടിച്ചു. യുക്രെയ്ന്റെ രണ്ടാമത്തെ നഗരമായ ഖാർകിവിലെ ഏറ്റവും വലിയ മാർക്കറ്റായ ബരാബഷോവോയിൽ ഡ്രോണുകൾ പതിച്ച് നൂറോളം സ്റ്റാളുകൾ കത്തിനശിച്ചു. നാലുപേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഖാർകിവിലെ മറ്റിടങ്ങളിൽ ഗ്ലൈഡ് ബോംബും ഡ്രോണുകളും പതിച്ച് ഏഴുപേർക്ക് പരിക്കേറ്റതായും റീജനൽ ഗവർണർ ഒലെ സിനിഹുബോവ് അറിയിച്ചു.
click on malayalam character to switch languages