1 GBP = 112.61
breaking news

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽതല വാർഷിക പരിപാടികൾ പ്രഖ്യാപിച്ചു; നേഴ്സസ് ദിനാഘോഷം മെയ് 17 ന് ഹാർലോയിൽ

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽതല വാർഷിക പരിപാടികൾ പ്രഖ്യാപിച്ചു; നേഴ്സസ് ദിനാഘോഷം മെയ് 17 ന് ഹാർലോയിൽ

അപ്പച്ചൻ കണ്ണഞ്ചിറ

ബെഡ്ഫോർഡ്: യുണിയൻ ഓഫ് യു കെ മലയാളി അസോസിയേഷൻസ് (യുക്മ) ഈസ്റ്റ് ആംഗ്ലിയ റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 2025-2026 വാർഷിക പരിപാടികളുടെ കലണ്ടർ പൂർത്തിയായി. യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ പ്രസിഡണ്ട് ജോബിൻ ജോർജിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ വെച്ചാണ്‌ കലണ്ടർ വർഷത്തെ പ്രോഗ്രാമുകളുടെ തീയതികളും വേദികളും അന്തിമമാക്കി പ്രഖ്യാപിച്ചത്.

നാഷണൽ ജോ. സെക്രട്ടറി സണ്ണിമോൻ മത്തായിയും നാഷണൽ എക്സിക്യൂട്ടീവ് മെമ്പർ ജെയ്സൺ ചാക്കോച്ചൻ ,റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളുടെയും സജീവ പങ്കാളിത്തത്തിൽ നടന്ന മീറ്റിങ്ങിൽ നിർദ്ദേശിച്ച തീരുമാനങ്ങളും പദ്ധതികളും ഏകകണ്ഠമായി യോഗം അംഗീകരിക്കുകയായിരുന്നു. ഫലപ്രദമായ ഏകോപനത്തിലൂടെയും കൂട്ടായ പ്രവർത്തനങ്ങളിലൂടെയും കമ്മിറ്റി അംഗ അസോസിയേഷനുകളുടെ സഹകരണത്തോടെ വിഭാവനം ചെയ്ത എല്ലാ പരിപാടികളുടെയും വിജയം ഉറപ്പാക്കുന്നതിന് ഏവരും പ്രതിജ്ഞാബദ്ധരാവണം എന്ന് പ്രസിഡണ്ട് ജോബിൻ ജോർജ്ജ് അഭ്യർത്ഥിച്ചു.

2025 -2026 വാർഷീക പരിപാടികളുടെ പുതിയ കലണ്ടർ പ്രകാരം യു കെ യിലെ തൊഴിൽ മേഖലയിൽ മലയാളികളുടെ ശക്തമായ സാന്നിദ്ധ്യമരുളുന്ന നേഴ്‌സുമാരെ അണിനിരത്തിയും അനുമോദിച്ചും നേഴ്സസ് ദിനാഘോഷം ഏറ്റവും വിപുലവും അർഹവുമായ പ്രാധാന്യത്തോടെ സംഘടിപ്പിക്കുന്നതാണ്. മെയ് 17നു ഹാർലോയിൽ വെച്ച് സംഘടിപ്പിക്കുന്ന നേഴ്സസ് ദിനാഘോഷത്തിന് ‘our lady of Fathima church hall Harlow വേദിയാകും . റീജണൽ പ്രസിഡണ്ട്, സെക്രട്ടറി എന്നിവരെക്കൂടാതെ സുധിൻ ഭാസ്കർ, എലിസബത്ത് മത്തായി ഷിന്റോ സ്കറിയ ആർച്ച അജിത് എന്നിവർ നേഴ്സസ് ദിനാഘോഷത്തിന് നേതൃത്വം അരുളും.

ഈസ്റ്റ് ആംഗ്ലിയ റീജണൽതല കായിക മത്സരങ്ങൾ ജൂൺ 14 ന് ലൂട്ടൻ അത്‌ലറ്റിക്‌ സ്റ്റേഡിയത്തിൽ വെച്ച് നടത്തപ്പെടുന്നതാണ്. ലൂട്ടൻ മലയാളി അസ്സോസ്സിയേഷൻ ആതിഥേയത്വം വഹിക്കുന്ന കായിക മേളക്ക് സ്പോർട്സ് കോർഡിനേറ്റർ ജോർജ്ജ് പറ്റിയാൽ നേതൃത്വം നൽകും.

റീജണൽ തല മത്സരങ്ങളിൽ ഏറെ വർണ്ണാഭവും ആകർഷകവുമായ ‘കലാമേള’ക്ക് ഒക്ടോബർ 18 ന് സ്വെയ്ൻ പാർക് സ്ക്കൂളിൽ വേദിയൊരുങ്ങും.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജണൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെ മുഖാമുഖം മീറ്റിങ് 2025 മെയ് മാസം സംഘടിപ്പിക്കുവാനും യോഗം തീരുമാനിച്ചു. 2026 പ്രാരംഭ മാസങ്ങളിൽ ഷട്ടിൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ് സംഘടിപ്പിക്കുവാനും പദ്ധതിയിടുന്നുണ്ട്. യുക്മ ഈസ്റ്റ് ആംഗ്ലിയ എക്സിക്യൂട്ടീവ് യോഗത്തിൽ റീജണൽ സെക്രട്ടറി ഭുവനേഷ് സ്വാഗതം ആശംസിക്കുകയും, ജോർജ്ജ് കുരിയൻ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more