വാഷിങ്ടൺ: അസർബൈജാൻ വിമാനാപകടത്തിൽ ബാഹ്യ ഇടപെടൽ ഉണ്ടായെന്ന് രാജ്യത്തിന്റെ ഗതാഗതമന്ത്രി. ഡിസംബർ 25ന് നടന്ന അപകടത്തെ സംബന്ധിച്ചാണ് പ്രതികരണം. റഷ്യയിലെ തെക്കൻ പ്രദേശമായ ചെച്നിയയിൽ വെച്ചാണ് വിമാനം തകർന്ന് വീണത്.
വിമാന അപകടത്തിൽ നിന്നും രക്ഷപ്പെട്ട എല്ലാവരും മൂന്ന് സ്ഫോടനശബ്ദം കേട്ടതായി മൊഴി നൽകിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി റാഷദ് നാബിയേവ് പറഞ്ഞു. റഷ്യയുടെ എയർ ഡിഫൻസ് സിസ്റ്റത്തിലെ മിസൈൽ ഇടിച്ചാണ് വിമാനം തകർന്നതെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ഇതുസംബന്ധിച്ച് അസർബൈജാന്റെ പ്രതികരണം പുറത്ത് വരുന്നത്.
അതേസമയം, ഇതുസംബന്ധിച്ച വാർത്തകളോട് പ്രതികരിക്കാൻ റഷ്യ തയാറായിട്ടില്ല. വളരെ സങ്കീർണമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്ന് റഷ്യൻ സിവിൽ ഏവിയേഷൻ ഏജൻസി വ്യക്തമാക്കി.
ഖസാകിസ്താനിലെ അക്തൗവിൽ യാത്രാവിമാനം തകർന്നുവീണത് റഷ്യൻ മിസൈൽ ഇടിച്ചാണെന്ന് റിപ്പോർട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. വാൾ സ്ട്രീറ്റ് ജേണൽ, യൂറോന്യൂസ്, വാർത്ത ഏജൻസിയായ എ.എഫ്.പി തുടങ്ങിയ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ബകുവിൽനിന്ന് ഗ്രോസ്നിയിലേക്ക് പോകുന്നതിനിടെയാണ് അസർബൈജാൻ എയർലൈൻസിന്റെ വിമാനം അപകടത്തില്പ്പെട്ടത്. അപകടത്തിൽ 40 പേർ മരിച്ചിരുന്നു.
വിമാനത്തിന്റെ പ്രധാന ഭാഗത്തെ ദ്വാരങ്ങളും വാൽഭാഗത്തെ അടയാളങ്ങളും മിസൈൽ അല്ലെങ്കിൽ ഷെല്ലുകൾ ഇടിച്ചുണ്ടായതാണെന്ന് വ്യോമയാന വിദഗ്ധരെ ഉദ്ധരിച്ച് നൽകിയ റിപ്പോർട്ടിൽ പറയുന്നു. പ്രധാന ബോഡിയിൽ കണ്ടെത്തിയ തുളകൾ വളരെ വലുതാണെന്ന് യുദ്ധം റിപ്പോർട്ട് ചെയ്യുന്ന ക്ലാഷ് റിപ്പോർട്ട് സംഘം എക്സിൽ പോസ്റ്റ് ചെയ്ത ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
റഷ്യയുടെ ഭാഗമായ ചെച്നിയൻ നഗരങ്ങളെ ലക്ഷ്യമിട്ട് നിരന്തരം യുക്രെയ്ൻ ഡ്രോൺ പറത്തുന്ന മേഖലയിലാണ് വിമാനം തകർന്ന് വീണത്. ഇവിടെ റഷ്യയുടെ ഡ്രോൺ, മിസൈൽ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണെന്നും ക്ലാഷ് റിപ്പോർട്ട് ചൂണ്ടിക്കാട്ടി. അവശിഷ്ടങ്ങളിൽ കാണുന്ന ദ്വാരങ്ങൾ വിമാനവേധ മിസൈൽ സംവിധാനം മൂലമുണ്ടായ കേടുപാടുകൾക്ക് സമാനമാണെന്നും വ്യോമപ്രതിരോധ മിസൈൽ ഇടിച്ചിട്ടുണ്ടാകാമെന്നും റഷ്യൻ സൈനിക വ്ലോഗർ യൂറി പോഡോല്യാക എ.എഫ്.പിയോട് പറഞ്ഞു.
click on malayalam character to switch languages