നോട്ടിംഗ്ഹാം: കഴിഞ്ഞ ദിവസം (26/12/2024) നോട്ടിംഗ്ഹാമിൽ മരണമടഞ്ഞ ദീപക് ബാബുവിന്റെ (39) ഭൗതിക ശരീരം നാട്ടിൽ കൊണ്ടുപോയി സംസ്കരിക്കുന്നതിനും, അദ്ദേഹത്തിന്റെ കുടുംബത്തെ സഹായിക്കുവാനും വേണ്ടി കുടുംബത്തിന്റെയും സുഹൃത്തുക്കളുടേയും അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷന്റെ (UCF) നേതൃത്വത്തിൽ ആരംഭിച്ച ഫണ്ട് സമാഹകരണത്തിൽ പങ്കാളിയാകാൻ യുകെ മലയാളികളോട് അഭ്യർത്ഥിച്ച് നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസിയേഷനും മുദ്ര ആർട്സും സേവനം യുകെയും നടത്തിയ ക്യാംപെയ്നിൽ ലഭിച്ചത് വമ്പൻ പിന്തുണ. ആവശ്യപ്പെട്ടതിലധികം നൽകി കുടുംബത്തിനൊപ്പം ഐക്യദാർഢ്യം പ്രകടിപ്പിച്ച ഓരോ മലയാളികൾക്കും യുക്മ ദേശീയ നേതൃത്വത്തിനൊപ്പം നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസ്സോസിയേഷനും മുദ്ര ആർട്സും സേവനം യുകെയും നന്ദി പറഞ്ഞു.
യുക്മ ചാരിറ്റി ഫൗണ്ടേഷൻ അംഗ അസോസിയേഷനുകൾ വഴിയും സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴിയും നൽകിയ അഭ്യർത്ഥന പ്രകാരം റിക്കോർഡ് വേഗതയിലാണ് യുകെ മലയാളികൾ പ്രതികരിച്ചത്. ദീപക് ബാബുവിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും കുടുംബത്തിന് സഹായം നൽകുന്നതിനായി യുക്മ ചാരിറ്റി ഫൗണ്ടേഷൻ നൽകിയ ടാർജറ്റ് മറികടന്ന് ഇരുപത്തിനാലു മണിക്കൂറിനകമാണ് യുകെ മലയാളികളുടെ സഹായം കുടുംബത്തിനെത്തിയത്.
ഭാര്യ നീതുവിനോടും മകൻ എട്ട് വയസ്സുകാരൻ ദക്ഷിതിനോടുമൊപ്പം 2022 – ലാണ് കൊല്ലം ജില്ലയിലെ മങ്ങാട്, അറുനൂറ്റിമംഗലം സ്വദേശിയായ ദീപക് ബാബു യുകെയിൽ എത്തിച്ചേർന്നത്. ഏറെ പ്രതീക്ഷകളോടും സ്വപ്നങ്ങളോടും കൂടി യുകെയിൽ എത്തിയ ദീപക് ബാബുവിന്റെ അപ്രതീക്ഷിത വേർപാടിൽ ഹൃദയം തകർന്നിരിക്കുന്ന അദ്ദേഹത്തിന്റെ ഭാര്യ നീതുവിനും മകൻ ദക്ഷിതിനും കൈത്താങ്ങാകുവാൻ യുകെയിലെ മുഴുവൻ സുമനസ്സുകളും മുന്നോട്ട് വരണമെന്ന് അസോയിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചിരുന്നു. നോട്ടിംഗ്ഹാം മുദ്ര ആർട്ട്സ് ട്രഷററായി പ്രവർത്തിച്ച് വന്ന ദീപക് ബാബുവിന്റെ അപ്രതീക്ഷിത വിയോഗം നോട്ടിംഗ്ഹാമിലെ മുഴുവൻ മലയാളികളുടെയും വേദനയായി മാറുകയായിരുന്നു. അതുകൊണ്ട് കൂടി തന്നെയാണ് ഏറെ സൗഹൃദവലയമുണ്ടായിരുന്ന ദീപകിന്റെ കുടുംബത്തിന് താങ്ങാകാൻ എൻഎംസിഎയും മുദ്ര ആർട്ട്സും സേവനം യുകെയും ഒരുമിച്ച് കൈകോർത്ത് മുന്നിട്ടിറങ്ങിയത്. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും യുക്മ അംഗസംഘടനയായ എൻഎംസിഎയുടെയും അഭ്യർത്ഥന പ്രകാരം യുക്മ ചാരിറ്റി ഫൗണ്ടേഷൻ ആരംഭിച്ച ഫണ്ട് സമാഹകരണത്തിലാണ് യുകെ മലയാളികളുടെ സഹായം ഒഴുകിയെത്തിയത്.
വളരെക്കുറച്ച് മണിക്കൂറുകൾക്കുള്ളിൽത്തന്നെ ഏകദേശം £27,368 പൗണ്ടാണ് യുക്മ ചാരിറ്റി ഫൗണ്ടേഷൻ നൽകിയ ലിങ്ക് വഴിയെത്തിയത്. അതുകൊണ്ട് തന്നെ ഫണ്ട് ശേഖരണം അവസാനിപ്പിക്കുന്നതായും സഹകരിച്ച ഏവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി രേഖപ്പെടുത്തുന്നതായും നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷൻ ഭാരവാഹികളും മുദ്ര ആർട്സ് ഭാരവാഹികളും സേവനം യുകെ ഡയറക്ടർ ബോർഡും അറിയിച്ചു.
click on malayalam character to switch languages