1 GBP = 129.97
breaking news

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റം നിർവ്വഹിച്ചു… നാട്ടിൽ നിന്നെത്തിയ കലാകാരൻമാർക്കൊപ്പം ജോസച്ചനും…നൃത്ത വിസ്മയവുമായി യുവനിര….. ഫോറം സെൻറിനെ ഇളക്കിമറിച്ച് സംഗീത സായാഹ്നം

മാഞ്ചസ്റ്റർ ദുക്റാന തിരുന്നാളിന് ഭക്തിനിർഭരമായ തുടക്കം; മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റം നിർവ്വഹിച്ചു… നാട്ടിൽ നിന്നെത്തിയ കലാകാരൻമാർക്കൊപ്പം ജോസച്ചനും…നൃത്ത വിസ്മയവുമായി യുവനിര….. ഫോറം സെൻറിനെ ഇളക്കിമറിച്ച് സംഗീത സായാഹ്നം

മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മാഞ്ചസ്റ്ററിൽ ദുക്റാന  തിരുന്നാൾ ആഘോഷങ്ങൾക്ക് ഭക്തിനിർഭരമായ തുടക്കം. ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ കൊടിയേറ്റം നിർവ്വഹിച്ചു. നാട്ടിൽ നിന്നെത്തിയ കലാകാരൻമാർക്കൊപ്പം ജോസച്ചനും. നൃത്ത വിസ്മയവുമായി യുവനിര. ഫോറം സെൻറിനെ ഇളക്കിമറിച്ച് സംഗീത സായാഹ്നം

ജോസ് അഞ്ചാനിക്കൽ അച്ചന്റെ നേതൃത്വത്തിൽ പിന്നണി ഗായകരായ സാംസൺ സെൽവൻ, അഭിജിത്, അറാഫത് കടവിൽ, ഡെൽസി എന്നിവർ പാടിക്കയറിയപ്പോൾ വിഥിൻഷോ ഫോറം സെന്ററിൽ തടിച്ചുകൂടിയ കാണികൾക്ക് മെഗാഷോ  മികച്ച വിരുന്നായി. ഭക്തി ഗാനത്തിൽ തുടങ്ങി സെമി ക്ലാസ്സിക്കലിലൂടെ  അടിപൊളി പാട്ടുകളിലേക്കു കടന്നപ്പോൾ നൃത്ത ചുവടുകളുമായി കാണികളും ഒപ്പം ചേർന്നതോടെ ഏവർക്കും മറക്കാനാവാത്ത ആഘോഷരാവിനാണ് കഴിഞ്ഞ ശനിയാഴ്ച  മാഞ്ചസ്റ്റർ സാക്ഷ്യം വഹിച്ചത്.

മലയാറ്റൂർ മലയും കയറി എന്ന ഭക്തി ഗാനത്തോടെയായിരുന്നു ജോസ് അച്ചന്റെ കടന്നുവരവ്. അനൂപ് പാലായുടെ സ്‌പോർട് ഡബ്ബിങ്ങും, കോമഡി ഷോയും വേറിട്ട അനുഭവമായി. പാട്ടുകൾക്കൊപ്പം നൃത്ത ചുവടുകളുമായി മാഞ്ചസ്റ്ററിലെ യുവനിരയും ചേർന്നതോടെ പാട്ടും നൃത്തവും ചേർന്ന വിസ്മയ രാവാണ് കടന്നുപോയത്. വൈകുന്നേരം 4.30 ന് ആരംഭിച്ച മെഗാ  ഷോ രാത്രി 9.30 വരെ നീണ്ടു.

തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാദ്ധ്യക്ഷൻ മാർ ജോസഫ്  സ്രാമ്പിക്കൽ ഇന്നലെ വൈകുന്നേരം കൊടിയേറ്റ് നിർവഹിച്ചു. പ്രാർത്ഥനാ മന്ത്രങ്ങൾ ഉരുവിട്ട് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ നൂറുകണക്കിന് വിശ്വാസികളെ സാക്ഷി നിർത്തി ആയിരുന്നു അഭിവന്ദ്യ പിതാവ് പതാക ഉയർത്തിയത്. തുടർന്ന് നടന്ന ദിവ്യബലി മദ്ധ്യേ 16 കുട്ടികൾ ആണ്  അഭിവന്ദ്യ പിതാവിൽ നിന്നും ആദ്യമായി ദിവ്യകാരുണ്യം സ്വീകരിച്ചത്. ഗിൽഡ് റൂമിൽ നിന്നും പ്രദക്ഷിണമായി അൾത്താര സംഘവും വൈദീകരും, പിതാവും, ആദ്യകുർബാന സ്വീകരണത്തിനുള്ള കൂട്ടികളും അൾത്താരയിൽ എത്തിയതോടെ നടന്ന പ്രാർത്ഥനകളോടെ തിരുന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുള്ള കൊടിയേറ്റ് നടന്നു. കാഴ്ചവെപ്പിനെ തുടർന്ന്  പ്രസിദേന്തി വാഴ്ചയും വെഞ്ചരിപ്പും നടന്നു. തുടർന്ന് നടന്ന ഭക്തിനിർഭരമായ ദിവ്യബലിക്ക് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ്പ് മാർ.ജോസഫ്  സ്രാമ്പിക്കൽ നേതൃത്വം നൽകി.

ദിവ്യകാരുണ്യ ഈശോയുടെ ചൈതന്യം ജീവിതത്തിൽ ഉടനീളം കാത്തു സൂക്ഷിക്കുവാനും, ജീവിതത്തിലെ  വിഷമ ഘട്ടങ്ങളിൽ  ദൈവകൃപയിൽ കൂടുതലായി ആശ്രയിച്ചു ദൈവമക്കളായി വളരുവാനും ദിവ്യബലി മദ്ധ്യേ നൽകിയ സന്ദേശത്തിൽ അഭിവന്ദ്യ പിതാവ്  പ്രഥമ ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികളെ  ഉത്‌ബോധിപ്പിച്ചു.

ദിവ്യബലിയെ തുടർന്ന് ദിവ്യകാരുണ്യം സ്വീകരിച്ച കുട്ടികൾക്ക് പിതാവും ജോസ് അച്ചനും ചേർന്ന് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. തിരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയ പിതാവിന് ഇടവക സമൂഹത്തിൻ്റെ പേരിൽ ജോസ് അച്ചൻ നന്ദി രേഖപ്പെടുത്തി.

ഇന്നലെ തുടങ്ങി എല്ലാ ദിവസവും ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കും. ഓരോ ദിവസത്തെയും  ദിവ്യബലിയിൽ മിഷനിലെ വിവിധ കുടുംബ കൂട്ടായ്മമകൾ,സന്നദ്ധ സംഘടനകൾ എന്നിവയുടെ പ്രത്ത്യേക  പ്രാദിനിത്യം  ഉണ്ടായിരിക്കും.

 ഇന്നലെ  വൈകുന്നേരം 6 ന് നടന്ന ദിവ്യബലിയിൽ ഫാ.ജിൻസൺ മുട്ടത്തുകുന്നേൽ മുഖ്യ കാർമ്മികൻ ആയിരുന്നു. ഇന്ന് ചൊവ്വാഴ്ച (28/6/22) വൈകുന്നേരം 5.30 ന് നടക്കുന്ന ദിവ്യബലിയിലും നൊവേനക്കും ഫാ. ജോം കിഴക്കരക്കാട്ട് കാർമ്മികനാകും,

29 ബുധനാഴ്ച വൈകുന്നേരം 6 ന് നടക്കുന്ന  ദിവ്യബലിയിലും നൊവേനക്കും സെൻ്റ്. ആൻ്റണീസ് ഇടവക വികാരി റവ. ഫാ. നിക്ക് കെൺ കാർമ്മികനാകും. ജൂൺ 30 വ്യാഴാഴ്ച വൈകുന്നേരം 6 നു നടക്കുന്ന ദിവ്യബലിയിൽ ഫാ.ലൂയിസ് ചെറുവിള പുത്തൻവീട് കാർമ്മികനാകുമ്പോൾ ജൂലൈ ഒന്നാം തിയതി വെള്ളിയാഴ്ച്ച വൈകുന്നേരം 6 മണിക്ക് നടക്കുന്ന ദിവ്യബലിക്ക് ഫാ.വിൻസെൻറ് ചിറ്റിലപ്പള്ളി കാർമ്മികനാവും.

പ്രധാന തിരുന്നാൾ ദിനമായ ജൂലൈ രണ്ടാം തിയതി  രാവിലെ 10 ന് നടക്കുന്ന സിറോ മലബാർ സഭയുടെ അത്യാഘോഷപൂർവ്വമായ റാസ കുർബാനക്ക് ഫാ. ലിജേഷ് മുക്കാട്ട് മുഖ്യ കാർമ്മികനാകും. ഷൂഷ്ബറി രൂപതാ വികാരി ജനറൽ റവ. ഫാ.മൈക്കിൾ ഗാനൻ, റവ. ഫാ.നിക്ക് കേൺ, ഫാ. ജോൺ പുളിന്താനത്ത്‌, ഫാ.ഡാനി മോളൊപ്പറമ്പിൽ, എന്നിവർ സഹകാർമ്മികരാകും. ദിവ്യബലി മദ്ധ്യേ ഫാ. മൈക്കിൾ ഗാനൻ തിരുന്നാൾ സന്ദേശം നൽകും. 

ദിവ്യബലിയെ   തുടർന്ന് ആഘോഷപൂർവ്വമായ തിരുന്നാൾ പ്രദക്ഷിണത്തിന് തുടക്കമാകും. പൊൻ – വെള്ളി കുരിശുകളുടെയും, മുത്തുക്കുടകളുടെയും, വാദ്യമേളങ്ങളുടെയും അകമ്പടിയോടെ, വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുനടക്കുന്ന തിരുന്നാൾ പ്രദക്ഷിണം വിശ്വാസസമൂഹത്തിന് ആത്മ നിർവൃതിയാണ്. സെൻറ് ആന്റണീസ് ദേവാലയത്തെ വലം വെച്ചുകൊണ്ട് വിഥിൻഷോയുടെ തെരുവീഥികളിലൂടെ നടക്കുന്ന തിരുന്നാൾ പ്രദക്ഷിണം തിരികെ പള്ളിയിൽ പ്രവേശിച്ച ശേഷം വിശുദ്ധ കുർബാനയുടെ ആശീർവാദവും ,സ്‌നേഹവിരുന്നും ഉണ്ടായിരിക്കും. പ്രദക്ഷിണത്തിൽ അണിനിരക്കാനുള്ള പുതിയ സെറ്റ് മുത്തുക്കുടകളെല്ലാം നാട്ടിൽ നിന്നും എത്തിച്ചേർന്നുകഴിഞ്ഞു.

ജൂലൈ മൂന്ന് ഞാറാഴ്ച വൈകുന്നേരം നാലിന് നടക്കുന്ന ദിവ്യബലിയയിൽ മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ കാർമ്മികനാവും. ഇതേത്തുടർന്നാവും തിരുന്നാൾ ആഘോഷങ്ങൾക്ക് സമാപനം കുറിച്ചുകൊണ്ടുള്ള കൊടിയിറക്ക് നടക്കുക.

ഒരാഴ്ചക്കാലം നീണ്ടുനിൽക്കുന്ന തിരുന്നാൾ ആഘോഷങ്ങൾ വിപുലമായി നടത്തുന്നതിന് മിഷൻ ഡയറക്‌ടർ  ഫാ.ജോസ് അഞ്ചാനിക്കൽ, ട്രസ്റ്റിമാരായ അലക്സ് വർഗീസ്, ചെറിയാൻ മാത്യു, ജിൻസ്മോൻ ജോർജ്,ജോജി ജോസഫ്,ജോസ് ജോസഫ്, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്തിൽ വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു.

തിരുന്നാൾ തിരുക്കർമ്മങ്ങളിൽ പങ്കെടുത്ത്‌ വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ ഏവരെയും മിഷൻ ഡയറക്‌ടർ ഫാ.ജോസ് അഞ്ചാനിക്കൽ സ്വാഗതം ചെയ്യുന്നു.

പള്ളിയുടെ വിലാസം:- 

ST.ANTONY’S CHURCH WYTHENSHAWE,

DUNKERY ROAD, 

MANCHESTER

M22 0WR.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more