വെസ്റ്റ് ഇൻഡീസിനെതിരായ മൂന്നാം ടി-20 മത്സരത്തിൽ ഇന്ത്യക്ക് ജയം. 17 റൺസിനാണ് ഇന്ത്യ മൂന്നാം ടി-20യിൽ ജയം കുറിച്ചത്. ഇന്ത്യ മുന്നോട്ടുവച്ച 185 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വിൻഡീസിന് നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടപ്പെടുത്തി 167 റൺസ് മാത്രമേ നേടാൻ സാധിച്ചുള്ളൂ. 61 റൺസെടുത്ത് പുറത്തായ നിക്കോളാസ് പൂരാൻ ആണ് വിൻഡീസിൻ്റെ ടോപ്പ് സ്കോറർ. ഇന്ത്യക്കായി ഹർഷൽ പട്ടേൽ 3 വിക്കറ്റ് വീഴ്ത്തി. ജയത്തോടെ ഇന്ത്യ ടി-20 പരമ്പര 3-0നു തൂത്തുവാരി. ഇതോടെ ടി-20 റാങ്കിംഗിൽ ഇന്ത്യ ഒന്നാമതെത്തി.
കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ വെസ്റ്റ് ഇൻഡീസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടമായെങ്കിലും വേഗത്തിൽ സ്കോർ ചെയ്യാൻ കഴിഞ്ഞു. ഓപ്പണർമാരായ കെയിൽ മയേഴ്സ് (6), ഷായ് ഹോപ്പ് (8) എന്നിവരെ ദീപക് ചഹാർ മടക്കി അയച്ചപ്പോൾ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന നിക്കോളാസ് പൂരാനും റോവ്മൻ പവലും തുടരെ ബൗണ്ടറികൾ കണ്ടെത്തി. 47 റൺസിൻ്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. റോവ്മൻ പവലിനെ (25) പുറത്താക്കിയ ഹർഷൽ പട്ടേൽ ഇന്ത്യക്ക് ബ്രേക്ക്ത്രൂ നൽകി. പവലിനെ ശർദ്ദുൽ താക്കൂർ അവിശ്വസനീയമായി പിടികൂടുകയായിരുന്നു. കീറോൺ പൊള്ളാർഡ് (5), ജേസൻ ഹോൾഡർ (2) എന്നിവരെ വെങ്കടേഷ് അയ്യർ മടക്കിഅയച്ചു. ഇരുവരെയും യഥാക്രമം രവി ബിഷ്ണോയും ശ്രേയാസ് അയ്യരും പിടികൂടുകയായിരുന്നു. റോസ്റ്റൺ ചേസും (12) വേഗം മടങ്ങി. ചേസിനെ ഹർഷൽ പട്ടേൽ ക്ലീൻ ബൗൾഡാക്കുകയായിരുന്നു.
ഒരുവശത്ത് വിക്കറ്റുകൾ തുടർച്ചയായി നഷ്ടപ്പെടുമ്പോഴും പിടിച്ചുനിന്ന നിക്കോളാസ് പൂരാൻ ആണ് വിൻഡീസ് ഇന്നിംഗ്സിനെ താങ്ങിനിർത്തിയത്. എട്ടാം നമ്പറിലെത്തിയ റൊമാരിയോ ഷെപ്പേർഡ് പൂരാനൊപ്പം ചേർന്നതോടെ വിൻഡീസ് മത്സരത്തിലേക്ക് തിരികെയെത്തി. ഏഴാം വിക്കറ്റിൽ 48 റൺസാണ് ഈ സഖ്യം കൂട്ടിച്ചേർത്തത്. ഇതിനിടെ 39 പന്തുകളിൽ പൂരാൻ ഫിഫ്റ്റി തികച്ചു. പരമ്പരയിൽ തുടർച്ചയായ മൂന്നാം ഫിഫ്റ്റിയാണ് ഇന്ന് പൂരാൻ കണ്ടെത്തിയത്. ഫിഫ്റ്റിക്ക് പിന്നാലെ പൂരാൻ മടങ്ങി. 47 പന്തിൽ 61 റൺസെടുത്ത താരത്തെ ദീപക് ചഹാറിൻ്റെ പന്തിൽ ഇഷാൻ കിഷൻ ഉജ്ജ്വലമായി പിടികൂടി.
അവസാന ഓവറിൽ ഉജ്ജ്വലമായി പന്തെറിഞ്ഞ ഇന്ത്യ വിൻഡീസി. ഹർഷൽ പട്ടേൽ എറിഞ്ഞ 19ആം ഓവറിൽ റൊമാരിയോ ഷെപ്പേർഡ് (29) രോഹിത് ശർമ്മയുടെ കൈകളിൽ അവസാനിച്ചു. ശർദ്ദുൽ താക്കൂർ എറിഞ്ഞ അവസാന ഓവറിൽ ഡോമിനിക് ഡ്രേക്സിനെ (4) രോഹിത് മുഴുനീള ഡൈവ് ചെയ്ത് കൈപ്പിടിയിലൊതുക്കി. ഓവറിൽ 23 റൺസ് ആയിരുന്നു വിൻഡീസിൻ്റെ ലക്ഷ്യം. അഞ്ച് റൺസ് മാത്രമേ താക്കൂർ വിട്ടുനൽകിയുള്ളൂ.
click on malayalam character to switch languages