നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ ഫ്രണ്ട് ഓഫ് പ്രസ്റ്റൻ്റെ (FOP) ഓണാഘോഷം നാളെ പ്രസ്റ്റണിലെ ലോംങ്ങ് ഗ്രിഡ്ജ് സിവിക് ഹാളിൽ നടക്കുന്നതാണ്. അസോസിയേഷൻ കോർഡിനേറ്റർ സിന്നി ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന ഉദ്ഘാടന പരിപാടികളിൽ പ്രസ്റ്റൺ സെൻ്റ്. അൽഫോൻസാ കത്തീഡ്രൽ വികാരി റവ.ഫാ.ബാബു പുത്തൻപുരയ്ക്കൽ, യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള, സെക്രട്ടറി അലക്സ് വർഗ്ഗീസ്, അഭിനന്ദന കോഡൻഡ, ലക്ഷ്മി രതീഷ് തുടങ്ങിയവർ മുഖ്യാതിഥികളായി പങ്കെടുക്കും. ഓണാഘോഷത്തിൻ്റെ ഒരുക്കങ്ങൾ പൂർത്തിയായി.
പ്രസ്റ്റൺ മലയാളികളുടെ ഹൃദയതാളമായ പ്രണ്ട്സ് ഓഫ് പ്രസ്റ്റൻ്റെ (FOP) വിപുലമായ ഓണാഘോഷ പരിപാടികൾ നാളെ ഞായറാഴ്ച (22/08/21) രാവിലെ 10.30 ന് ആരംഭിക്കും. കോവിഡ് മഹാമാരിയുടെ ഇന്നലെകളിൽ നഷ്ടപ്പെട്ടുപോയ ഓണദിനങ്ങൾ വീണ്ടെടുക്കാൻ ഗൃഹാതുരത്വത്തിൻ്റെ ഇന്നലെകളിലേക്ക് പ്രവാസികളെ എത്തിക്കുന്ന ഓണത്തിൻ്റെ നിറം മങ്ങാത്ത ഓർമ്മയുടെ പുനർ സ്യഷ്ടിക്കായി തനിമയുടെ ഓണം നിറം മങ്ങാതെ പുതിയ തലമുറക്ക് പകർന്നു നൽകാനും FOP ഒരുങ്ങിക്കഴിഞ്ഞു.
ഓണത്തിൻ്റെ ഹൃദ്യമായ ഓർമ്മകൾ പകർന്ന് നൽകാനുള്ള ദൗത്യമാണ് FOP യുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ. അത്തപ്പൂക്കളമിട്ട് ആരംഭിക്കുന്ന പരിപാടികൾ തുടർന്ന് വിഭവ സമൃദ്ധമായ 21 ഇനം കൂട്ടങ്ങളുമായി ഓണസദ്യ. FOP മഹിളകൾ അവതരിപ്പിക്കുന്ന തിരുവാതിര. അസോസിയേഷനിലെ കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന വിവിധ കലാവിരുന്നുകൾ. കുട്ടനാടൻ വള്ളംകളിയുടെ സ്റ്റേജ് ആവിഷ്ക്കാരം തുടങ്ങി നിരവധി പരിപാടികൾ FOP അതിൻ്റെ ഓണച്ചെപ്പിൽ ഒരുക്കി വച്ചിരിക്കുന്നു. FOP ടീമിൻ്റെ ചെണ്ടമേളം പരിപാടികൾക്ക് മാറ്റ് കൂട്ടും.
ഇന്നലെകളിലെ ഗ്രാമീണ ഓണ ഓർമ്മകളിലേക്ക് പ്രസ്റ്റൺ മലയാളികളെ എത്തിക്കാൻ, വടംവലി, കുടം തല്ലിപ്പൊട്ടിക്കൽ, സൈക്കിൾ സ്ലോ റെയ്സ്, സാക്ക് റെയ്സ്, തുടങ്ങിയ ഔട്ട് ഡോർ കായിക വിഭവങ്ങളും FOP അതിൻ്റെ ഓണാഘോഷത്തിൻ്റെ രസച്ചരടിൽ കോർത്തിണക്കി നാളത്തെ ദിവസം വിഭവ സമൃദ്ധമാക്കാൻ FOP യുടെ കോർഡിനേറ്റർ സിന്നി ജേക്കബിൻ്റെ നേതൃത്വത്തിൽ പ്രവർത്തിച്ച് വരുന്ന വിവിധ കമ്മിറ്റികൾ ഇന്നലെ യോഗം ചേർന്ന് അവസാന വട്ട ഒരുക്കങ്ങൾ വിലയിരുത്തി. ഫ്രണ്ട്സ് ഓഫ് പ്രസ്റ്റൻ്റെ (FOP) യുടെ ഓണാഘോഷത്തിൻ്റെ ഒരുമയിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ടീം എഫ് ഒ പി അറിയിച്ചു.
click on malayalam character to switch languages