വാഷിങ്ടൺ: യു.എസ് ഭരണത്തിന്‍റെ എല്ലാ തലങ്ങളിലും മികവു തെളിയിച്ച് അതിവേഗം പുതിയ ഉയരങ്ങൾ താണ്ടുന്ന ഇന്ത്യൻ വംശജരുടെ മിടുക്കിൽ അഭിമാനം പങ്കുവെച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. നാസയിൽ ഗൈഡൻസ്, നാവിഗേഷൻ, കൺട്രോൾ ഓപറേഷൻസ് ചുമതലയുള്ള സ്വാതി മോഹനുൾപെടെ ശാസ്ത്ര സംഘത്തോട് നടത്തിയ ഓൺലൈൻ സംഭാഷണത്തിലായിരുന്നു ബൈഡന്‍റെ വാക്കുകൾ.
നാസയുടെ ചൊവ്വാദൗത്യമായ ‘പേഴ്സവറൻസ്’ റോവർ വിജയകരമായി ദൗത്യം പൂർത്തിയാക്കിയതിനു പിന്നിൽ സ്വാതിയുടെ മിടുക്ക് പ്രശംസിക്കപ്പെട്ടിരുന്നു.
”അമേരിക്കയിലെ ഇന്ത്യൻ വംശജർ രാജ്യത്തിന്‍റെ ഭരണം പിടിക്കുകയാണ്. നിങ്ങൾ (സ്വാതി മോഹൻ), വൈസ് പ്രസിഡന്‍റ് (കമല ഹാരിസ്), എന്‍റെ പ്രഭാഷണ എഴുത്തുകാരൻ (വിനയ് റെഡ്ഡി) തുടങ്ങി എല്ലാം”.
അധികാരത്തിൽ 50 ദിവസം പൂർത്തിയാക്കുന്നതിനിടെ ഭരണരംഗത്ത് 55 ഇന്ത്യൻ വംശജരെ ബൈഡൻ നിയമിച്ചിട്ടുണ്ട്. സർക്കാറിന്‍റെ ഓരോ തലങ്ങളിലും ഇന്ത്യൻ വംശജരുടെ സാന്നിധ്യം പ്രകടമാണെന്നതാണ് ശ്രദ്ധേയം. പകുതിപേർ വനിതകളാണെന്നു മാത്രമല്ല, ഭരണസിരാകേന്ദ്രമായ വൈറ്റ്ഹൗസിൽ ഇന്ത്യൻ വംശജർക്ക് കാര്യമായ സ്വാധീനവുമുണ്ട്. നേരത്തെ ബറാക് ഒബാമ പ്രസിഡന്‍റായ ഘട്ടത്തിലും സമാനമായി ഇന്ത്യൻ വംശജരെ നിയമിച്ചിരുന്നു. എണ്ണത്തിൽ കുറവായിരുന്നുവെങ്കിലും ട്രംപ് പ്രസിഡന്‍റായിരിക്കെ ദേശീയ സുരക്ഷ കൗൺസിലിൽ കാബിനറ്റ് പദവിയോടെ ഒരാളെ നിയമിച്ചതും ചരിത്രം.
പുതിയ പദവികളിൽ വിവേക് മൂർത്തി യു.എസ് സർജൻ ജനറലും വനിത ഗുപ്ത അസോസിയേറ്റ് അറ്റോണി ജനറലുമാകും. വൈറ്റ്ഹൗസ് മാനേജ്മെന്റ് ആന്‍റ് ബജറ്റ് ഡയറക്ടറായി നീര ടാണ്ടനെ നാമനിർദേശം ചെയ്തിരുന്നുവെങ്കിലും സമിതിയിലെ റിപ്പബ്ലിക്കൻ അംഗങ്ങളുടെ പ്രതിഷേധം മൂലം അവർ അവസാനനിമിഷം പിൻമാറി.
സിവിലിയൻ സുരക്ഷ, മനുഷ്യാവകാശ സ്റ്റേറ്റ് അണ്ടർ സെക്രട്ടറി ഉസ്റ സിയ, ജിൽ ബൈഡന്‍റെ പോളിസി ഡയറക്ടർ മാല അഡിഗ, വൈറ്റ്ഹൗസ് ഡിജിറ്റൽ സ്ട്രാറ്റജി ഓഫീസ് പാർട്നർഷിപ് മാനേജർ ആയിശ ഷാ, യു.എസ് നാഷനൽ സാമ്പത്തിക കൗൺസിൽ ഡെപ്യൂട്ടി ഡയറക്ടർ സമീറ ഫാസിലി തുടങ്ങി നിരവധി പേർ പട്ടികയിലുണ്ട്. മലയാളി സാന്നിധ്യമായി ശാന്തി കളത്തിൽ മനുഷ്യാവകാശ, ജനാധിപത്യ കോർഡിനേറ്ററായും നിയമിതയായിട്ടുണ്ട്.
click on malayalam character to switch languages