മാഞ്ചസ്റ്റർ: – യു കെയിലെ ഏറ്റവും പ്രസിദ്ധമായ മാഞ്ചസ്റ്റർ തിരുനാൾ ജൂലൈ 6 ശനിയാഴ്ച മാഞ്ചസ്റ്റർ വിഥിൻഷോയിലെ സെന്റ്.ആന്റണീസ് ദേവാലയത്തിൽ നടക്കുമ്പോൾ നാടിന്റെ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരക്കണക്കിന് ഭക്തജനങ്ങൾ തിരുനാളിൽ സംബന്ധിക്കാനെത്തിച്ചേരും. യുകെയുടെ മലയാറ്റൂരായ മാഞ്ചസ്റ്ററിൽ ഭാരത അപ്പസ്തോലൻ മാർ തോമാശ്ലീഹായുടെയും ഭാരതത്തിന്റെ പ്രഥമ വിശുദ്ധ അൽഫോൻസയുടെയും സംയുക്ത തിരുനാളിന് ഈ മാസം 29 ന് കൊടിയേറുന്നതോടെ ഒരാഴ്ചക്കാലം നീളുന്ന ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ മാഞ്ചസ്റ്റർ എത്തിച്ചേരും.പ്രധാന തിരുനാൾ ദിവസമായ ജൂലൈ ആറിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അഭിവന്ദ്യ അദ്ധ്യക്ഷൻ മാർ ജോസഫ് മുഖ്യകാർമികനാകും. നിരവധി വൈദികർ സഹകാർമികരാകും. ആഘോഷവും ഭക്തി സാന്ദ്രവുവുമായ അന്തരീക്ഷത്തിൽ വിഥിൻഷോ സെന്റ്. ആന്റണീസ് ദേവാലത്തിലാണ് തിരുനാൾ ആഘോഷങ്ങൾ നടക്കുന്നത്. മാഞ്ചസ്റ്റർ മിഷൻ നിലവിൽ വന്നതിന് ശേഷം നടക്കുന്ന ആദ്യ തിരുനാൾ എന്ന പ്രത്യേകതയും ഇത്തവണത്തെ തിരുനാളിന് സ്വന്തമാകും.


ഒരാഴ്ച നീണ്ടു നിൽക്കുന്ന തിരുനാളാഘോഷങ്ങൾ ജൂൺ 29 ശനിയാഴ്ച പ്ര കൊടിയേറ്റത്തോടെ ആരംഭിക്കും. 2.30ന് വിഥിൻഷോ സെന്റ്.ആൻറണീസ് ദേവാലയത്തിൽ ഷ്രൂസ്ബറി രൂപതാ വികാരി ജനറാൾ റവ.ഫാ.മൈക്കൾ ഗാനൻ മുഖ്യകാർമികനായി ദിവ്യബലിയും നൊവേനയും തുടർന്ന് തിരുനാളിന്റെ കൊടിയേറ്റവും നടക്കും.
അന്നേ ദിവസം ( 29/6/19) വൈകുന്നേരം 5.30ന് വിഥിൻഷോ ഫോറം സെന്ററിൽ സംഗീതവും കോമഡിയും ഉൾക്കൊള്ളുന്ന മെഗാഷോ സംഘടിപ്പിച്ചിട്ടുണ്ട്. ഒരു കുടുംബത്തിന് 25 പൗണ്ടാണ് ടിക്കറ്റ് നിരക്ക്. മലയാളത്തിന്റെ പുതിയ നിരയിലെ ചലച്ചിത്ര പിന്നണി ഗായകരായ നാം ശിവ, സുമി അരവിന്ദ്, ബെന്നി മുക്കാടൻ, റ സിനിമാ ടിവി താരങ്ങളായ ഷിനോ പോൾ, അരാഫത്ത് കടവിൽ, കോമഡി ഉത്സവം ഫെയിം നിസ്സാം കാലിക്കട്ട് തുടങ്ങി ഒട്ടേറെ സിനിമാ ടി വി താരങ്ങളും ചലച്ചിത്ര പിന്നണി ഗായകരും ലൈവ് ഓർക്കസ്ട്രയുമായി പ്രസ്തുത ഷോയിൽ അണിനിരക്കും. പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ ഉദ്ഘാടനം കഴിഞ്ഞ ദിവസം വികാരി റവ.ഫാ.ജോസ് അഞ്ചാനിക്കൽ നിർവ്വഹിക്കുകയുണ്ടായി.

തുടർന്നുള്ള എല്ലാ ദിവസവും വൈകുന്നേരങ്ങളിൽ ദിവ്യബലിയും നൊവെനയും ഉണ്ടായിരിക്കുന്നതാണ്. ജൂൺ 30 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടൻ രൂപതാ സീറോ മലബാർ വികാരി ജനറാൾ റവ.ഫാ.ജിനോ അരീക്കാട്ട് ദിവ്യബലി അർപ്പിക്കും. ജൂലൈ ഒന്നിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ചാൻസലർ റവ.ഫാ. മാത്യു പിണക്കാട്ട് ദിവ്യബലിയിൽ മുഖ്യകാർമികനാകും. ജൂലൈ രണ്ടിന് റവ.ഫാ. നിക്കോളാസ് കേൻ ലത്തീൻ റീത്തിൽ ഇംഗ്ലീഷ് കുർബാന അർപ്പിക്കും. ജൂലൈ മൂന്നിന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ.ഫാ. സജി മലയിൽ പുത്തൻ പുരയിൽ ദിവ്യബലിക്ക് മുഖ്യകാർമികനാകും. ജൂലൈ നാലിന് സീറോ മലങ്കര റീത്തിൽ റവ.ഫാ രഞ്ജിത്ത് മടത്തിറമ്പിൽ ദിവ്യബലി അർപ്പിക്കും. ജൂലൈ 5 ന് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ വികാരി ജനറാൾ റവ. ഫാ.ആൻറണി ചൂണ്ടെലിക്കാട്ട് ദിവ്യബലി അർപ്പിക്കും. എല്ലാ ദിവസവും നൊവേനയും പ്രത്യേക മധ്യസ്ഥ പ്രാർത്ഥനയും ഉണ്ടായിരിക്കും.
പ്രധാന തിരുന്നാൾ ദിനമായ ജൂലൈ 6 ശനിയാഴ്ച രാവിലെ 10ന് ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ മുഖ്യ കാർമ്മികനായി എത്തിച്ചേരുന്ന ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ അദ്ധ്യക്ഷൻ മാർ.ജോസഫ് ഡ്രാമ്പിക്കൽ പിതാവിനെയും മറ്റ് വൈദികരെയും ദേവാലയത്തിലേക്ക് സ്വീകരിച്ചാനയിക്കുന്നതോടെ
അത്യാഘോഷപൂർവ്വമായ തിരുനാൾ ദിവ്യബലിക്ക് തുടക്കമാകും. മാഞ്ചസ്റ്ററിലെ ഗായക സംഘം റെക്സ് ജോസ് മിന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിൽ ദിവ്യബലിയെ ഭക്തി സാന്ദ്രമാക്കും. ദിവ്യബലിക്ക് ശേഷം മാഞ്ചസ്റ്ററിലെ സ്വദേശിയരും മറ്റ് മതസ്ഥരുമെല്ലാം ആകാംക്ഷയോടെ കാത്തിരിക്കുന്ന ഭക്തി നിർഭരമായ തിരുനാൾ പ്രദക്ഷിണം മാഞ്ചസ്റ്ററിന്റെ തെരുവീഥികളിൽ നടക്കും. പ്രദക്ഷിണത്തിൽ മാർ.തോമാശ്ലീഹായുടെയും, വി.അൽഫോൻസയുടെയും തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട്, പൊൻ വെള്ളി കുരിശുകളുടെയും മുത്തുക്കുടകളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ നടക്കുന്ന പ്രദക്ഷിണം നാട്ടിലെ തിരുനാളാഘോഷങ്ങളെ അനുസ്മരിപ്പിക്കും. യുകെയിൽ ആദ്യമായി തിരുനാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചതു മുതൽ ഓരോ വർഷം ചെല്ലുംതോറും കൂടുതൽ പ്രശസ്തിതിയിലേക്ക് ഉയരുകയാണ് മാഞ്ചസ്റ്റർ തിരുനാൾ.
ഇന്നലെ സെന്റ് ആന്റണീസ് ദേവാലയത്തിൽ വികാരി റവ. ഫാ.ജോസ് അഞ്ചാനിക്കലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിവിധ കമ്മിറ്റികളുടെ സംയുക്ത യോഗം തിരുനാളിന്റെ ഒരുക്കങ്ങൾ വിലയിരുത്തി. തിരുനാളിന്റെ വിജയത്തിനായി ട്രസ്റ്റിമാരുടെ നേതൃത്വത്തിൽ കമ്മിറ്റിയംഗങ്ങൾ ഊർജ്ജസ്വലമായി അഹോരാത്രം പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.
മാഞ്ചസ്റ്റർ തിരുന്നാളിൽ സംബന്ധിച്ച് വിശുദ്ധരുടെ അനുഗ്രഹങ്ങൾ പ്രാപിക്കുവാൻ മാഞ്ചസ്റ്റർ മിഷൻ കോർഡിനേറ്ററും ഇടവക വികാരിയുമായ ഫാ.ജോസ് അഞ്ചാനിക്കൽ ഏവരേയും സ്വാഗതം ചെയ്തു കൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ട്രസ്റ്റിമാരുമായി ബന്ധപ്പെടുക:-
സിബി ജെയിംസ് -07886670128
ജോബി തോമസ് -07985234361
ബിജോയി മാത്യു – 07710675575
ദേവാലയത്തിന്റെ വിലാസം –
ST .ANTONY’S CHURCH,
DUNKERY ROAD,
PORTWAY,
M22 0WR
click on malayalam character to switch languages