1 GBP = 106.75
breaking news

ക്രിസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുന്ന യുകെ മലയാളികൾ കേരളത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാൻ പറ്റുമോ? ഓഖി ദുരന്തത്തിൽ പെട്ടവർക്കായി കരുണയുടെ കയ്യൊപ്പ് തേടി യുക്മ….

ക്രിസ്തുമസ് ആഘോഷിക്കാൻ ഒരുങ്ങുന്ന യുകെ മലയാളികൾ കേരളത്തിൽ ദുരിതം അനുഭവിക്കുന്ന നമ്മുടെ സഹോദരങ്ങളെ കണ്ടില്ലെന്നു നടിക്കാൻ പറ്റുമോ? ഓഖി ദുരന്തത്തിൽ പെട്ടവർക്കായി കരുണയുടെ കയ്യൊപ്പ് തേടി യുക്മ….

ബാല സജീവ്കുമാർ, യുക്മ പി ആർ ഓ

തിരുപിറവിയുടെ ആഘോഷം പടിവാതിലിൽ എത്തി നിൽകുമ്പോൾ, ഒട്ടു മിക്ക വീടുകളിലും നക്ഷത്രങ്ങളും അലങ്കാര ദീപങ്ങളും നിറഞ്ഞു കഴിഞ്ഞു. ദിവസങ്ങളായി കരോൾ സംഘങ്ങൾ വീടുകളിലെത്തി തുടങ്ങിയതോടെ കുഞ്ഞുങ്ങളുടെ മനസ്സിൽ ആഹ്ളാദ പൂത്തിരി നിറഞ്ഞു കത്തുകയാണ്.
അതിനിടയിൽ എന്തെങ്കിലും തരത്തിലുള്ള ദുരന്തം നമ്മുടെ ഭവനങ്ങളിൽ എത്തുകയാണെങ്കിൽ എല്ലാ ആഘോഷങ്ങളും താറുമാറാവും.ദുരന്തം എന്ന വാക്ക് തന്നെ ഭീതിജനകമാണ്. അത് പ്രകൃതി ക്ഷോഭമായി വന്ന് നിസ്സഹായരായ ഒരു പറ്റം ആൾക്കാരെ നിവർത്തികേടിന്റെ സ്ഥിതിയിലേക്ക് ആക്കുന്നതായാലോ?

നമ്മൾ ക്രിസ്തുമസ്സിന്റെയും പുതുവത്സരത്തിന്റെയും ആശംസാകാർഡുകളും സമ്മാനപ്പൊതികളും അയച്ച് ആഘോഷിക്കാൻ ഒരുങ്ങുമ്പോൾ നമ്മുടെ സഹജീവികൾ കേരളത്തിൽ പൂന്തുറയിലും മറ്റ് കടപ്പുറങ്ങളിലും അന്തിയുറങ്ങാൻ ഇടമില്ലാതെ, നാളെ തീരത്തടിഞ്ഞേക്കാവുന്ന ജഡം നോക്കി കാവലിരിക്കുകയാണ്. നമ്മുടെ ആഘോഷങ്ങളിൽ നിന്ന് ഒരു പങ്ക് ഇവർക്ക് നൽകി സാന്ത്വനത്തിന്റെ ഒരു ഇളം തെന്നൽ ആകാൻ നമുക്ക് കൂട്ടായി പരിശ്രമിച്ചാലോ? സന്തോഷത്തിന്റെയും, സമാധാനത്തിന്റെയും ആശംസകളുടെയും അവസരമായ ക്രിസ്തുമസ്- പുതുവത്സരാഘോഷ വേളയിൽ കേരളത്തിന്റെ തീര ദേശങ്ങളിലെ പാവങ്ങളുടെ ജീവിതങ്ങളിലേക്ക് വീശിയടിച്ച ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തങ്ങളിൽ നിന്ന് കര കയറാൻ യുക്മയോടൊപ്പം കൈ കോർക്കാൻ എല്ലാവരെയും സ്വാഗതം ചെയ്യുന്നു.

നവംബർ അവസാനവും ഡിസംബർ ആദ്യവുമായി ഘോര താണ്ഡവം നടത്തിയ ഓഖിയുടെ ഭീകരതയുടെ ആഴം ഇതുവരെ തിട്ടപ്പെടുത്താനായിട്ടില്ല. മുന്നൂറോളം പേരെ ഇനിയും കാണാനുണ്ട് എന്ന് പറയുമ്പോൾ, സർക്കാർ കണക്കിൽ മരിച്ചവർ 74 , തിരിച്ചറിയപ്പെടാത്തവർ 31 , രക്ഷപെടുത്തപ്പെട്ടവർ 2800 നു മുകളിൽ, മടങ്ങി യെത്താനുള്ളവർ 132. വീട് തകർന്നവരും, വള്ളവും വലയും നഷ്ടപ്പെട്ട് ജീവിതമാർഗ്ഗം അടഞ്ഞവരും, ഉടുതുണിക്ക് മറുതുണി പോലുമില്ലാതെ എല്ലാം കടലെടുത്തവരും അനേകം. കടൽ ക്ഷോഭത്തിന്റെയും ചുഴലിക്കാറ്റിന്റെയും ഭീകരതയിൽ ഉണ്ടായ നാശനഷ്ടങ്ങൾ ഇപ്പോഴും കണക്കെടുപ്പ് നടക്കുന്നതേയുള്ളൂ.രക്ഷാപ്രവർത്തനത്തിനും, തിരച്ചിലിനുമായി പ്രതീക്ഷിക്കുന്നയത്ര ബോട്ടുകളോ സംവിധാനങ്ങളോ പോലും ഉപയോഗിക്കാൻ കഴിയുന്നില്ല.
ഇവിടെയാണ് ചിറമേൽ അച്ചന്റെ വാക്കുകൾ പ്രസക്തമാകുന്നത്. പണക്കാരുടെയോ അധികാരികളുടെയോ ഇടയിൽ ഉണ്ടായ ദുരന്തമല്ല ഇത്. വെള്ളത്തിനു മേലെ ജീവിക്കുന്ന ഒരു പറ്റം പാവങ്ങളാണ് ദുരന്തബാധിതർ. അതുകൊണ്ട് അവരെ സഹായിക്കാൻ മനുഷ്യത്വം വറ്റാത്ത സർവ്വ മനസ്സുകളും ഒന്നായി സഹകരിക്കണം. സർക്കാർ സംവിധാനങ്ങളുടെ ധനസഹായം നടന്നുകൊള്ളട്ടെ. നമ്മളാൽ കഴിയുന്നത് നമുക്ക് ചെയ്യാനായി ഒരുമിക്കാം.
യുക്മയുടെ നേതൃത്വത്തിൽ ഓഖി ദുരന്തത്തിൽ പെട്ട കഴിയുന്നത്ര കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാൻ ആണ് ആഗ്രഹിക്കുന്നത്. അവർക്ക് 5 ലക്ഷം രൂപ ചിലവ് വരുന്ന വീട് വച്ച് കൊടുക്കാനും ആവശ്യമായ സഹായങ്ങൾ ചെയ്യാനുമാണ് യുക്മ ആഗ്രഹിക്കുന്നത്. ആദ്യ ഘട്ടത്തിൽ 5 കുടുംബങ്ങളെ ദത്തെടുത്ത് പരിപാലിക്കാൻ ആണ് യുക്മ ആഗ്രഹിക്കുന്നത്. സർവ്വവും നഷ്ടപ്പെട്ട കുടുംബങ്ങളിലെ കുട്ടികളുടെ തുടർ വിദ്യാഭ്യാസത്തിനും മറ്റുമുള്ള മേൽനോട്ടം വഹിക്കുന്നതിനും സന്നദ്ധതയുള്ളവരുണ്ടെങ്കിൽ മുന്നോട്ടു വരണം എന്നും യുക്മ അഭ്യർത്ഥിക്കുന്നു.

ഈ ക്രിസ്തുമസ് പുതുവത്സരാഘോഷ വേളയിൽ യു കെ മലയാളികൾ ഏവരും കണ്ണീരിൽ കഴിയുന്ന ഈ കുടുംബങ്ങൾക്ക് തുണയാകുവാൻ മുന്നോട്ടു വരണം. നിങ്ങളുടെ ചെറിയ തുകകൾ സ്വരൂപിച്ച് ഒരു വലിയ ദൗത്യത്തിനായി വിനിയോഗിക്കാൻ സഹായിക്കണം.
എല്ലാവർക്കും ക്രിസ്തുമസ്- പുതുവത്സര മംഗളങ്ങൾ നേർന്നുകൊണ്ട് നമ്മുടെ സന്തോഷത്തിൽ ഈ പാവങ്ങളെയും ഓർക്കണമേ എന്നും, യുക്മ ഓഖി ദുരന്ത സഹായ നിധിയിൽ ഭാഗഭാക്കണമേ എന്നും അഭ്യർത്ഥിക്കുന്നു.
യുക്മയുടെ ഈ ഓഖി ദുരന്ത സഹായ നിധിയിൽ പണം നിക്ഷേപിക്കാൻ താഴെ കൊടുത്തിരിക്കുന്ന ബാങ്ക് വിവരങ്ങളിൽ പണം നിക്ഷേപിക്കുവുന്നതാണ്.
.
കൂടാതെ പല അസോസിയേഷനുകളും ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളോട് അനുബന്ധിച്ച് ഫണ്ട് കളക്ഷൻ നടത്തുന്നതിനുള്ള സന്നദ്ധത അറിയിച്ചിട്ടുള്ളതിനാൽ അപ്രകാരവും നിങ്ങളുടെ സഹായം എത്തിക്കുന്നതിന് അവസരം ഉണ്ട്. നമ്മുടെ സൗഭാഗ്യങ്ങളിൽ നിന്ന് ഒരു പങ്ക് കൊടുത്ത് നമുക്ക് ക്രിസ്തുമസ് ആഘോഷിക്കാം, ഒരു നന്മ കൂടി ചെയ്ത് പുതുവർഷത്തെ വരവേൽക്കാം.

UUKMA Charity Foundation
AC Number: 52178974
Sort Code : 403736

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more