1 GBP = 108.45
breaking news

ബാര്‍കോഴ: കെഎം മാണി കുറ്റവിമുക്തന്‍, തെളിവില്ലെന്ന് വിജിലന്‍സിന്റെ അന്തിമറിപ്പോര്‍ട്ട്

ബാര്‍കോഴ: കെഎം മാണി കുറ്റവിമുക്തന്‍, തെളിവില്ലെന്ന് വിജിലന്‍സിന്റെ അന്തിമറിപ്പോര്‍ട്ട്

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച ബാര്‍കോഴ കേസില്‍ മുന്‍ധനമന്ത്രി കെഎം മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട്. മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ടുള്ള അന്തിമഅന്വേഷണറിപ്പോര്‍ട്ട് വിജിലന്‍സ് സംഘം കോടതിയില്‍ സമര്‍പ്പിച്ചു. ഇത് മൂന്നാം തവണയാണ് മാണിയ്ക്ക് ക്ലീന്‍ചിറ്റ് നല്‍കി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. തിരുവനന്തപുരം വിജിലന്‍സ് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. ബാര്‍ കോഴ ആരോപണത്തില്‍ മാണിക്കെതിരെ തെളിവ് കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പറയുന്നു.

നേരത്തെ ജനുവരി 17 ന് വിജിലന്‍സ് സംഘം കോടതിയില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. അന്ന് നല്‍കിയ അന്വേഷണപുരോഗതി റിപ്പോര്‍ട്ടിലും മാണിയ്‌ക്കെതിരെ തെളിവുകള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നായിരുന്നു വ്യക്തമാക്കിയിരുന്നത്. അന്ന് റിപ്പോര്‍ട്ട് പരിശോധിച്ച കോടതി കേസ് അവസാനിപ്പിക്കാന്‍ 45 ദിവസം കൂടി അന്വേഷണസംഘത്തിന് നല്‍കിയിരുന്നു. തുടര്‍ന്നാണ് അന്തിമറിപ്പോര്‍ട്ട് തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണി ബാറുകള്‍ വീണ്ടും തുറക്കുന്നതിനായി ബാര്‍ അസോസിയേഷയന്‍ നേതാക്കളില്‍ നിന്ന് കോഴ വാങ്ങിയെന്ന വെളിപ്പെടുത്തലാണ് കേസിന് അടിസ്ഥാനം. ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റായിരുന്ന ബിജു രമേശാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നടത്തിയത്. തുടര്‍ന്നാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഹൈക്കോടതിയില്‍ നിന്ന് പ്രതികൂല പരാമര്‍ശമുണ്ടായതിനെ തുടര്‍ന്ന് മാണിക്ക് ധനമന്ത്രി സ്ഥാനം രാജിവെയ്‌ക്കേണ്ടിവന്നിരുന്നു.

ബാര്‍ ഉടമയായിരുന്ന ബിജു രമേശാണ് ധനമന്ത്രിയായിരുന്ന കെഎം മാണിക്കെതിരെ 2014 ല്‍ ബാര്‍ കോഴ ആരോപണവുമായി രംഗത്തെത്തിയത്. യുഡിഎഫ് സര്‍ക്കാര്‍ പൂട്ടിയ ബാറുകള്‍ തുറക്കാന്‍ കെഎംമാണി ബാര്‍ മുതലാളിമാരില്‍ നിന്ന് ഒരു കോടി രൂപകോഴ വാങ്ങിയെന്നായിരുന്നു ബിജു രമേശിന്റെ ആരോപണം. തുടര്‍ന്ന് 2014 ഡിസംബറില്‍ വിജിലന്‍സ് മാണിയെ പ്രതിയാക്കി കേസ് എടുക്കുകയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more