1 GBP = 109.21
breaking news

ആർ സി എൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതാദ്യമായൊരു മലയാളി….. ബിജോയ് സെബാസ്റ്റ്യൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയേകി യുക്മയും യുക്മ നഴ്സസ് ഫോറവും.

ആർ സി എൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കാൻ ഇതാദ്യമായൊരു മലയാളി….. ബിജോയ് സെബാസ്റ്റ്യൻ്റെ സ്ഥാനാർത്ഥിത്വത്തിന് പിന്തുണയേകി യുക്മയും യുക്മ നഴ്സസ് ഫോറവും.

അലക്സ് വർഗ്ഗീസ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

റോയൽ കോളേജ് ഓഫ് നഴ്സിംഗ് (RCN) പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ബിജോയ് സെബാസ്റ്റ്യന് പിന്തുണ അഭ്യർത്ഥിച്ച് യുക്മ – യു എൻ എഫ് നേതൃത്വം. വളരെ കുറഞ്ഞ വർഷങ്ങൾ കൊണ്ട് തന്നെ നഴ്സിംഗ് രംഗത്ത് തന്റെ മികവ് തെളിയിച്ച ബിജോയിയ്ക്ക് ആർ.സി.എൻ അംഗങ്ങളായ മുഴുവൻ മലയാളികളും വോട്ട് നൽകി വിജയിപ്പിക്കണമെന്ന് യുക്മ ദേശീയ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്ജ്, ട്രഷറർ ഡിക്സ് ജോർജ്ജ്, യുക്മ നഴ്സസ് ഫോറം നാഷണൽ (UNF) കോർഡിനേറ്റർ അബ്രാഹം പൊന്നുംപുരയിടം, പ്രസിഡൻറ് സോണി കുര്യൻ, സെക്രട്ടറി ഐസക്ക്  കുരുവിള, ട്രഷറർ ഷൈനി ബിജോയ് എന്നിവർ അഭ്യർത്ഥിച്ചു. 

അഞ്ച് ലക്ഷത്തിലധികം ആരോഗ്യ പ്രവർത്തകർ അംഗങ്ങളായുള്ള ആർ.സി.എൻ, ആരോഗ്യ മേഖലയിൽ ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലാളി സംഘടനയാണ്. ഇതാദ്യമായാണ് ഒരു മലയാളി ആർ സി എൻ പ്രസിഡൻറ് സ്ഥാനത്തേക്ക് മത്സരിക്കുന്നത്. യു കെയിലെ ആരോഗ്യ മേഖലയിൽ ഏറ്റവും പ്രബലമായ സാന്നിദ്ധ്യമായി മാറിക്കഴിഞ്ഞിരിക്കുന്ന മലയാളികൾക്കിടയിൽ ബിജോയിയുടെ സ്ഥാനാർത്ഥിത്വം വലിയ ആവേശമാണ് ഉയർത്തിയിരിക്കുന്നത്.

ബിജോയ് സെബാസ്റ്റ്യൻ്റെ സ്ഥാനാർത്ഥിത്വത്തിന്റെ പശ്ചാത്തലത്തിൽ യൂക്കെയിലെ നൂറുകണക്കിന്  നഴ്‌സുമാരും  ഹെൽത്ത് കെയർ സപ്പോർട്ട് വർക്കേഴ്സും  റോയൽ കോളേജ് ഓഫ് നഴ്സിങ് അംഗത്വമെടുത്തിട്ടുണ്ട്.

തൊഴിലിടങ്ങളിൽ നേരിടുന്ന നിയമപ്രശ്നങ്ങളും അച്ചടക്ക നടപടികളും വർധിച്ചുകൊണ്ടിരിക്കുമ്പോൾ, നിരവധി പേരാണ് ഇപ്പോഴും യൂണിയൻ അംഗത്വം എടുക്കാതെ തൊഴിലിടങ്ങളിൽ പ്രവർത്തിക്കുന്നത്.  സർവീസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ പലപ്പോഴും എൻ.എം.സി. (നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ) റെഫറലിലും  കോടതി-നിയമ നടപടികളിലേക്കും  വരെ എത്തുന്നതിനാൽ, യൂണിയൻ പിന്തുണയുടെ അഭാവം ഗുരുതര പ്രശ്‌നങ്ങളുണ്ടാക്കാറുണ്ട്. ഇതിന്‍റെ ഫലമായി, യൂണിയൻ സഹായം ഇല്ലാത്ത നഴ്‌സുമാർക്കും ഹെൽത്ത് കെയർ സപ്പോർട്ട് വർക്കേഴ്സിനും  നിയമസഹായത്തിനായി ആയിരക്കണക്കിന് പൗണ്ടിന്റെ വക്കീൽ ഫീസും മറ്റ് ചെലവുകളും വഹിക്കേണ്ടി വരുന്നു.

യൂണിയൻ അംഗത്വം നേടുന്നത് നഴ്‌സുമാർക്കും ഹെൽത്ത്കെയർ അസിസ്റ്റന്റുമാർക്കും ജോലി ചെയ്യുന്നിടത്ത് നേരിടുന്ന വർണ്ണ വിവേചനത്തിനെതിരെ ശബ്ദം ഉയർത്താനും ചൂഷണങ്ങളെ തടയാനും വഴിയൊരുക്കുന്നു. ആർ സി എൻ മെമ്പർഷിപ്പിലൂടെ, ജോലിസ്ഥലത്തിലെ പ്രശ്‌നങ്ങളെ നേരിടുന്നതിന് സമഗ്രമായ നിയമ സഹായം ലഭ്യമാകുന്നതോടൊപ്പം, യൂറോപ്പിലെ ഏറ്റവും വലിയ നഴ്സിംഗ് ലൈബ്രറി റിസോഴ്‌സുകൾ, തുടർ പഠന കോഴ്സുകൾ എന്നിവയിലേക്കുള്ള ആക്സസും ലഭിക്കും.

യൂക്കെയിലെ നഴ്‌സുമാരിലും ഹെൽത്ത് കെയർ സപ്പോർട്ട് വർക്കേഴ്സിൻ്റെയും ഇടയിൽ യൂണിയൻ അംഗത്വം എടുക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവൽക്കരണം നടത്തുകയാണ് ബിജോയ്. “തൊഴിലിടങ്ങളിൽ നേരിടുന്ന തൊഴിൽ, നിയമ പ്രശ്നങ്ങളിൽ നഴ്സുമാർക്കും ഹെൽത്ത്കെയർ സപ്പോർട്ട് വർക്കേഴ്സിനും സംരക്ഷണം ഉറപ്പു വരുത്തുക, അവരുടെ ശബ്‌ദം ആർ സി എന്നിൽ ഉന്നയിക്കുക” എന്നതാണ് തന്റെ സ്ഥാനാർത്ഥിത്വം കൊണ്ട് ലക്ഷ്യമാക്കുന്നതെന്ന് ബിജോയ് പറഞ്ഞു. മികച്ച ശമ്പള വർദ്ധനവ് ഉറപ്പുവരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി ആർ സി എന്റെ പ്രവർത്തനങ്ങളും സേവനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുകയും സംഘടനാ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയും  ചെയ്യേണ്ടതുണ്ട് എന്നാണ് ബിജോയ് പറയുന്നത്. 

ബിജോയ്, കഴിഞ്ഞ കൊല്ലം നടന്ന ആർ സി എൻ സമരത്തിൽ എല്ലാ ദിവസവും പങ്കെടുത്ത വ്യക്തിയായിരുന്നു. അതേസമയം, UCLH (University College London) ഹോസ്പിറ്റലിൽ ഇലക്ടീവ് ക്രിട്ടിക്കൽ കെയർ പാത്ത് വേയുടെ ചുമതലയുള്ള സീനിയർ നഴ്സ് ആയി പ്രവർത്തിക്കുന്ന ബിജോയ്, ക്രിട്ടിക്കൽ കെയർ  വിഭാഗത്തിലെ എക്വീറ്റി, ഡൈവേഴ്‌സിറ്റി, ഇൻക്ലൂഷൻ കമ്മിറ്റിയുടെ കോ ചെയർ  ആയും അലയൻസ് ഓഫ് സീനിയർ കേരള നഴ്‌സസിന്റെ ജനറൽ സെക്രട്ടറി ആയും ഫ്ലോറെൻസ് നൈറ്റിഗേൽ ഫൗണ്ടേഷനുമായും ചേർന്ന് പ്രവർത്തിക്കുന്ന വിവിധ രാജ്യങ്ങളിൽ നിന്ന് യൂക്കെയിൽ ജോലി ചെയ്യുന്ന നഴ്‌സുമാരുടെ സംഘടനകളുടെ നെറ്റ് വർക്കിന്റ ചെയറായും എൻ എച്ച് എസ് ഇംഗ്ലണ്ടുമായും അതിനോട് ചേർന്ന് നിൽക്കുന്ന മറ്റ് സ്റ്റേക്ക് ഹോൾഡേഴ്സ് മായി ചേർന്ന് നഴ്‌സുമാരുടെ വിശാലമായ താല്പര്യങ്ങളും അവകാശങ്ങളും സംരക്ഷിക്കാൻ നിരന്തരമായി പ്രവർത്തിച്ചു വരുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് നഴ്സിങ്ങിൽ ബിരുദ പഠനത്തിന് ശേഷം, കഴിഞ്ഞ  പതിമൂന്നര കൊല്ലമായി യൂക്കെയിൽ നഴ്‌സ് ആയി ജോലി ചെയ്യുന്ന ബിജോയിയുടെ ഭാര്യ ദിവ്യ ക്ലെമന്റ് ഹാമെർസ്‌മിത് ഹോസ്പിറ്റലിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്തു വരുന്നു. ബിജോയിയുടെ സഹോദരി ബ്ലെസിയും ഭർത്താവ് ജിതിനും യൂക്കെയിൽ നഴ്‌സുമാരാണ്. 

 ഉപഹാറിന്റെ സ്റ്റം സെൽ ഡോണർ രെജിസ്ട്രേഷൻ ഡ്രൈവുകളിലും ബിജോയ് സ്ഥിരം സാന്നിധ്യമാണ്. മിനിജ ജോസെഫിന്റെ നേതൃത്വത്തിലുള്ള കോട്ടയം മെഡിക്കൽ കോളേജിൽ നടത്തി വരുന്ന ട്രാൻസ്ഫോർമേഷൻ പ്രോജെക്ടിലും ബിജോയ് ഒരു പ്രധാനപങ്കു വഹിച്ച് വരുന്നു.

ഒക്ടോബർ 14 മുതൽ ആർ സി എൻ അംഗങ്ങൾക്ക് അയച്ച് തുടങ്ങിയ ബാലറ്റ്  പേപ്പറുകൾ വോട്ട് രേഖപ്പെടുത്തി നവംബർ 11 തിങ്കളാഴ്ചയ്ക്കകം തിരികെ അയക്കേണ്ടതാണ്. പോസ്റ്റൽ ആയി അയക്കുന്ന ബാലറ്റ് പേപ്പർ ഇനിയും ലഭിച്ചിട്ടില്ലെങ്കിൽ [email protected] എന്ന  ഇമെയിൽ അഡ്രസ്സിൽ മെമ്പർഷിപ് നമ്പറും പേരും അടക്കം ഉള്ള വിവരങ്ങൾ  നൽകി പുതിയ ബാലറ്റ് അയക്കാൻ ആവശ്യപ്പെട്ടാൽ പുതിയ ബാലറ്റ് ലഭിക്കും.

ഇപ്പോളും ആർ സി എൻ അംഗമല്ലാത്തവർക്കു അംഗം ആകാനുള്ള ലിങ്ക്- https://www.rcn.org.uk/membership

മെമ്പർ ആണെങ്കിൽ ആർ സി എന്നിൽ ഉള്ള നിങ്ങളുടെ അഡ്രസ് ശരി ആണോ എന്ന് പരിശോധിക്കുവാനും  മാറ്റങ്ങൾ വരുത്താനുമുള്ള  മൈ ആർ സി എൻ ലിങ്ക് – https://my.rcn.org.uk/Login

നിലവിലുള്ള അംഗങ്ങൾ അവരുടെ വിലാസവും വിവരങ്ങളും അപ്‌ഡേറ്റ് ചെയ്തതിനു ശേഷം, വിലാസ ക്രമീകരണങ്ങൾ തിരഞ്ഞെടുപ്പ് നടത്തിപ്പുകാർക്ക് കൈമാറിയതായി ഉറപ്പാക്കേണ്ടതുണ്ട്. 

പുതുതായി അഡ്രസ് ചേർക്കുകയോ അംഗമാവുകയോ ചെയ്യുന്നവർ നിങ്ങളുടെ അഡ്രസ്  എലെക്ഷൻ നടത്തുന്ന ബോഡിക്കു ആർ സി എൻ കൃത്യമായി കൈമാറുന്നു എന്ന് ഉറപ്പ് വരുത്താൻ [email protected] എന്ന  ഇമെയിൽ അഡ്രസ്സിൽ ബന്ധപ്പെട്ടു നിങ്ങൾ പുതിയ അംഗം അല്ലെങ്കിൽ അഡ്രസ് അപ്‌ഡേറ്റ് ചെയ്ത ആൾ ആണ് നിങ്ങൾക്കും പ്രസിഡന്റ് ഇലക്ഷനിൽ വോട്ട് ചെയ്യാനുള്ള  ബാലറ്റ് അയക്കണമെന്ന് ആവശ്യപ്പെടാവുന്നതാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more