തിരുവനന്തപുരം : മലയാളി നഴ്സുമാരുടെ വിദേശജോലി സ്വപ്നത്തിന് തടയിടാൻ പുത്തൻ അടവുമായി സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ. വിദേശത്തേക്ക് ജോലിക്ക് അപേക്ഷിക്കുമ്പോൾ നഴ്സുമാർ നൽകുന്ന വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കുന്ന ‘ബാക്ക് ചെക്ക്’ ആണ് സ്വകാര്യ ആശുപത്രികൾ ആയുധമാക്കുന്നത്.
വിദേശജോലിക്ക് അപേക്ഷിക്കുമ്പോൾ എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് എന്നിവ നാട്ടിൽ ജോലി ചെയ്തിരുന്ന ആശുപത്രികളിൽ നിന്ന് നഴ്സുമാർ വാങ്ങി നൽകേണ്ടതുണ്ട്. ഇങ്ങനെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകളിലെ വിവരങ്ങൾ ശരിയാണോയെന്ന് പരിശോധിക്കാൻ വിദേശ ആശുപത്രികൾ അവരുടേതായ ഏജൻസികളെ ചുമതലപ്പെടുത്തും. ഈ സംവിധാനത്തിനാണ് ‘ബാക്ക് ചെക്ക്’ എന്നു പറയുന്നത്. ഏജൻസികൾ നല്ല റിപ്പോർട്ട് നൽകിയെങ്കിൽ മാത്രമേ ജോലിക്കുള്ള ബാക്കി നടപടികൾ മുന്നോട്ട് നീങ്ങൂ.
മുൻകാലങ്ങളിൽ സർട്ടിഫിക്കറ്റിൽ പറഞ്ഞിരുന്ന കാര്യങ്ങളിൽ നിന്ന് വിപരീതമായി ഒന്നും മാനേജ്മെന്റ് വിദേശപ്രതിനിധികളോട് വെളിപ്പെടുത്തിയിരുന്നില്ല.
മൂന്നുവർഷം മുമ്പ് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ സമരം ആരംഭിച്ചതോടെ മാനേജ്മെന്റും തൊഴിലാളികളും തമ്മിലുള്ള ബന്ധം വഷളായി. ഇതോടെ മാനേജ്മെന്റ് പ്രതികാര നടപടികൾ കൈക്കൊള്ളാൻ തുടങ്ങി.
മാനേജ്മെന്റുകളുടെ ‘കളി’ ഇങ്ങനെ
രാഷ്ട്രീയ സമ്മർദ്ദത്തിനു വഴങ്ങിയാണ് ഉദ്യോഗാർത്ഥിയുടെ സ്വഭാവ സർട്ടിഫിക്കറ്റിൽ നല്ല അഭിപ്രായം രേഖപ്പെടുത്തിയതെന്നും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകിയതെന്നും അന്വേഷണ ഏജൻസികളോട് മാനേജ്മെന്റുകൾ വെളിപ്പെടുത്തും. ഇക്കാര്യം കാട്ടി ഏജൻസികൾ വിദേശ ആശുപത്രികൾക്ക് റിപ്പോർട്ട് നൽകുന്നതോടെ ഉദ്യോഗാർത്ഥിയുടെ വിദേശ ജോലി എന്ന സ്വപ്നം പൊലിയും. നല്ല പ്രതിഫലവും മെച്ചപ്പെട്ട ജീവിത സാഹചര്യവും പ്രതീക്ഷിച്ച് വിദേശത്തേക്ക് പോകാനിരിക്കുന്നവരുടെ അവസരങ്ങൾ ഇങ്ങനെ നിഷേധിക്കരുതെന്നാണ് നഴ്സുമാരുടെ വാദം. സംസ്ഥാനത്തെ രണ്ട് പ്രമുഖ സ്വകാര്യ ആശുപത്രികളിൽ ജോലി ചെയ്തിരുന്ന ഇരുനൂറോളം പേർക്കാണ് അടുത്തിടെ ‘ബാക്ക് ചെക്കി’ൽ തട്ടി വിദേശജോലി നഷ്ടമായത്.
‘ബാക്ക് ചെക്ക്’കർശനം
രണ്ട് വർഷം മുമ്പ് എമിഗ്രേഷൻ ക്ലിയറൻസ് കർശനമാക്കിയതോടെയാണ് കേരളത്തിൽ നിന്ന് വിദേശത്തേക്കുള്ള നഴ്സുമാരുടെ കുത്തൊഴുക്ക് കുറഞ്ഞത്. മുമ്പ് പ്രതിവർഷം 10,000 പേർ വരെ വിദേശത്തേക്ക് ജോലിക്ക് പോയിരുന്നെങ്കിൽ ഇപ്പോൾ അത് ആയിരത്തിൽ താഴെ മാത്രമാണ്. നോർക്ക വഴിയുള്ള റിക്രൂട്ട്മെന്റിലും ഏജൻസി വഴിയുള്ള ‘ബാക്ക് ചെക്ക്’ ശേഖരണം ഉണ്ട്. യു.എസ്.എ, യു.കെ, കാനഡ, ആസ്ട്രേലിയ, ന്യൂസിലൻഡ്, അയർലൻഡ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കുമാണ് കേരളത്തിൽ നിന്ന് നഴ്സുമാർ പ്രധാനമായും ജോലി തേടി പോവുന്നത്.
click on malayalam character to switch languages