1 GBP = 106.02
breaking news

ഉയിര്‍പ്പിന്റെ പാഠം

ഉയിര്‍പ്പിന്റെ പാഠം

ന്ന് ലോകമാകെയുള്ള ക്രൈസ്തവര്‍ ഉയിര്‍പ്പ് പെരുന്നാള്‍ ആഘോഷിക്കുന്നു. ജൂലിയന്‍ കലണ്ടര്‍ പിന്തുടരുന്ന കോപ്റ്റിക് ഓര്‍ത്തഡോക്‌സ് സഭയ്കും ഗ്രിഗോറിയന്‍ കലണ്ടര്‍ പിന്തുടരുന്ന മറ്റു സഭകള്‍ക്കും ഈ വര്‍ഷം ഒരേ ദിവസം തന്നെയാണ് ഈസ്റ്റര്‍. ഇനി ഇങ്ങനെയൊന്നു ഉണ്ടാവുക 2025 ല്‍ ആണ്. അതുകൊണ്ടുതന്നെ ഭംഗ്യന്തരേണ അല്ലാതെ തന്നെ ലോകമാകെയുള്ള ക്രൈസ്തവര്‍ എന്ന് പറയുന്നതില്‍ തെറ്റില്ല താനും.

യേശുദേവന്‍ തന്റെ പീഡാ സഹനത്തിനു ശേഷം മൂന്നാണികളില്‍
തറക്കപ്പെട്ടു കുരിശുമരണം ഏറ്റു അടക്കപ്പെടുകയും മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെയും ഓര്‍മ്മയാണല്ലോ ഈസ്റ്റര്‍.
യേശുദേവന്റെ പരസ്യ ജീവിതകാലത്ത് മരണത്തില്‍ നിന്നും യേശുദേവനാല്‍ ഉയിപ്പിക്കപ്പെട്ട ബാലികയുടെയോ, വിധവയുടെ മകന്റെയോ ലാസറിന്റെയോ ഭൗതീക ജീവിതത്തിലേക്കുള്ള തിരിച്ചു വരവ് എങ്ങും തന്നെ ആഘോഷിക്കപ്പെടുന്നില്ല. വിചിന്തനത്തിനായി അവ വായിക്കപ്പെടുക മാത്രമേ ചെയ്യുന്നുള്ളു. അവിടെയാണ് യേശുവിന്റെ മരണത്തിന്റെ അല്ലെങ്കില്‍ ശിക്ഷാവിധിയുടെ മഹിമ നമ്മള്‍ മനസ്സിലാക്കേണ്ടത്. ആ മഹിമയാണ് 2000 വര്‍ഷങ്ങള്‍ക്കുമിപ്പുറം തേജസ്സോടെ ലോകത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

യേശിവിന്റെ ജനനത്തിനു 900 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഏശയ്യാ പ്രവാചകന്‍ സമാധാനത്തിന്റെ രാജാവായി അവന്‍ ജനിക്കും എന്ന് പ്രവചിച്ചു. മറിയത്തിനു സന്ദേശം നല്‍കാന്‍ വന്ന ദൂതന്‍ മറിയക്കു സമാധാനം ആശംസിച്ചു. യേശുവിന്റെ ജനന സമയത്തു ആട്ടിടയര്‍ക്കും സമാധാനത്തിന്റെ സദ്വാര്‍ത്ത ലഭിച്ചു. യേശുവിന്റെ പരസ്യ ജീവിതത്തില്‍ അടിച്ചമര്‍ത്തപ്പെട്ടവര്‍ക്ക് സ്വാതന്ത്ര്യവും പാപികള്‍ക്ക് മോചനവും നല്‍കി എല്ലാവര്‍ക്കും സമാധാനത്തിന്റെ സന്ദേശം നല്‍കി. മരണസമയത്തും ശിക്ഷാവിധി നടപ്പാക്കാന്‍ ഭരമേല്പിക്കപ്പെട്ടവര്‍ക്കുവേണ്ടി ആടുകളുടെ നല്ല ഇടയനായ യേശു പ്രാര്‍ത്ഥിച്ചു.

യഥാര്‍ത്ഥത്തില്‍ യേശു അന്നത്തെ അധികാരവര്‍ഗ്ഗത്തിനു മാത്രമായിരുന്നു ശത്രു. മതത്തിന്റെയും രാഷ്ട്രത്തിന്റെയും അധികാരികള്‍ പാവം ജനങ്ങളെ രാജ്യ നിയമത്തിന്റെയും വേദ ഗ്രന്ഥ്ങ്ങളുടെയും മറവില്‍ ചൂഷണം ചെയ്തപ്പോഴും അടിച്ചമര്‍ത്തിയപ്പോഴും അതിനെ ചോദ്യം ചെയ്തതായിരുന്നു യേശുചെയ്ത തെറ്റ്. വെറും ‘ഏറാന്‍ മൂളികളായ’ അനുയായികളെ കൊണ്ട് കള്ളം പറയിച്ചു അവര്‍ തങ്ങളുടെ ആഗ്രഹം സാധിച്ചപ്പോള്‍ വെറും മൂന്നു ദിവസത്തേക്ക് മാത്രം അവര്‍ക്കു വിജയിക്കാന്‍ പറ്റി. പക്ഷെ ആ മൂന്നു ദിവസങ്ങളായിരുന്നു അവരുടെ ജീവിതത്തിലെ ഏറ്റവും നഷ്ട ദിനങ്ങള്‍ എന്നതാണ് സത്യം. അന്യായമായി ഒരുവനെ കൊല്ലാന്‍ അവര്‍കാണിച്ച ആവേശം ‘ഏറാന്‍ മൂളികളിലും’ ആശയകുഴപ്പം ഉണ്ടാക്കിയ ദിവസങ്ങളായിരുന്നു അവ.

ഇന്നും അധികാരകൊതി മൂത്ത മത രാഷ്ട്രീയ നേതാക്കളെ നമുക്ക് കാണാം. അടിച്ചമര്‍ത്തപ്പെട്ടവനുവേണ്ടി കൈ ഉയര്‍ത്തുന്നവനെ ഇല്ലായ്മ ചെയ്യുവാന്‍ ഇല്ലാത്ത കഥ മെനഞ്ഞു പാവം ജനങ്ങളെകൊണ്ട് തന്നെ ഇല്ലാതാക്കുന്ന കുതന്ത്രം മെനയുന്ന അധികാരികളെയും നിത്യ ജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ഇറാക്കും സിറിയയും ഈജിപ്തും ഒക്കെ ഉദാഹരണങ്ങള്‍ മാത്രം. സ്വാര്‍ത്ഥ താല്പര്യത്തിനായി പല കാരണങ്ങള്‍ പറഞ്ഞു ജനങ്ങളെ തമ്മില്‍ ഭിന്നിപ്പിച്ചു ഭരിക്കുന്ന എല്ലാ അധികാരികള്‍ക്കും മൂന്നാംനാളിലേ ഉയിര്‍പ്പ് ഒരുപാഠമായിരുന്നുവെങ്കില്‍ എന്നാശിച്ചുപോകുന്നു.
ലോകത്തില്‍ എവിടെ നോക്കിയാലും യേശുവിന്റെയും പത്രോസിന്റെയും റോമാചക്രവര്‍ത്തിയുടെയും കയ്യാഫാസിന്റെയും യൂദാസ്‌കറിയോത്തയുടെയും ബറാബാസിന്റെയും സ്വഭാവത്തോടെ ജീവിക്കുന്ന മനുഷ്യരെക്കാണാം. ജീവിതത്തിലെ പച്ചപ്പ് തേടി പ്രവാസ ജീവിതം നയിക്കുന്ന നമ്മിലും ഉണ്ട് മേല്‍പ്പറഞ്ഞവരുടെ സ്വഭാവങ്ങള്‍. ആത്മീയ പ്രസ്ഥാനങ്ങളില്‍ കൂടെ മാത്രമല്ല യേശു ഇന്നും ഉത്ഥിതന്‍ ആയി ജീവിക്കുന്നത്. ഭൗതീക സംഘടനകളില്‍ മാത്രമല്ല ബറാബാസും സംഘവും ഉള്ളത്. നാമായിരിക്കുന്നിടത്തുനിന്നു യേശുവിനെ ജീവിതത്തില്‍ പകര്‍ത്തുകയും ജാതിയുടെയോ മതത്തിന്റെയോ വേലിക്കെട്ടുകള്‍ ഇല്ലാതെ ജനനന്മ്മക്കായി പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോഴാണ് യേശിവിന്റെ പുനരുത്ഥാനത്തിനു അര്‍ത്ഥമുണ്ടാവുക. ഈ ഈസ്റ്റര്‍ അടിമത്വത്തില്‍ നിന്നുള്ള ഉയിര്‍പ്പിന്റെ തിരുന്നാളാകുവാന്‍ അതിനായി ആത്മാര്‍ത്ഥമായി പ്രവര്‍ത്തിക്കുവാന്‍ ഉള്ള ഉത്തേജകമായി മാറുവാന്‍ സര്‍വ്വശക്തന്‍ സഹായിക്കട്ടെ എന്നാശംസിക്കുന്നു.
എല്ലാവര്‍ക്കും യുക്മ ന്യൂസിന്റെ ഈസ്റ്റര്‍ ആശംസകള്‍….

(ഈസ്റ്റര്‍ പ്രമാണിച്ച് ഓഫീസ് അവധിയായതിനാല്‍ ഭാഗികമായി മാത്രമേ വാര്‍ത്ത അപ്ഡേറ്റുചെയ്യുകയുളളൂ)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more