1 GBP = 106.14
breaking news

ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്; പുതുവർഷത്തിലെ ആദ്യ തടവുകാരിയായി അട്ടകുളങ്ങര ജയിലിൽ

ഗ്രീഷ്മ ഹൈക്കോടതിയിലേക്ക്; പുതുവർഷത്തിലെ ആദ്യ തടവുകാരിയായി അട്ടകുളങ്ങര ജയിലിൽ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് തിരുവനന്തപുരം അട്ടകുളങ്ങര വനിതാ ജയിലിൽ ഈ വർഷം എത്തുന്ന ഒന്നാം നമ്പർ പ്രതിയാണ് ഷാരോൺ രാജ് വധക്കേസിലെ ഗ്രീഷ്മ. 1 സി 2025 എസ് എസ് ഗ്രീഷ്മ എന്നാണ് ജയിൽ രേഖകളിലെ അടയാളം. മുൻപ് റിമാൻഡ് തടവുകാരിയായി ഒന്നരവർഷക്കാലത്തോളം ഗ്രീഷ്മ ഇതേ ജയിലിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. അതുകൊണ്ടുതന്നെ ഗ്രീഷ്മയ്ക്ക് ഇവിടം പുതിയതല്ല. ജയിലിൽ ആദ്യ നാല് ദിവസം ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും ഗ്രീഷ്മ.

സെൻട്രൽ ജയിലിലെ വനിതാ സെല്ലിൽ കൂടുതൽ തടവുകാരെ ഉൾക്കൊള്ളാൻ സൗകര്യം ഇല്ലാത്തതിനാലാണ് അട്ടക്കുളങ്ങര ജയിലിലേക്ക് ഗ്രീഷ്മയെ മാറ്റിയത്. ജയിലിലെ മറ്റു സ്ഥിരം തടവുകാരെ പോലെയാണ് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെയും പരിഗണിക്കുക. അപ്പീലുകളെല്ലാം തള്ളി വധശിക്ഷ ഉറപ്പായാൽ മാത്രമേ പ്രത്യേക സെല്ലിലേക്ക് മാറ്റുകയുള്ളൂ. ഇങ്ങനെ മാറ്റിയിട്ടുള്ള വനിത തടവുകാരാരും സംസ്ഥാനത്തെ ജയിലുകളിൽ ഇല്ല.

ഗ്രീഷ്മ ഷാരോണിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നു കണ്ടെത്തിയാണ് നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്.സമർത്ഥവും ക്രൂരവുമായി കുറ്റകൃത്യം ചെയ്ത പ്രതിക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കുന്നതിനെ നിയമം എതിർക്കുന്നില്ലെന്ന് പറഞ്ഞാണ് 24 വയസ്സുള്ള ഗ്രീഷ്മക്ക് കോടതി വധശിക്ഷ നൽകിയത്. വിധി ന്യായത്തിൽ ക്രൂര കൊലപാതകത്തെ കുറിച്ച്
കോടതി അക്കമിട്ടു പറഞ്ഞു.ഗ്രീഷ്മയ്ക്കും ഷാരോണിനും ഒരേ പ്രായമാണെന്നും പ്രായത്തിന്റെ ഇളവ് ഗ്രീഷ്മക്ക് നല്‍കാനാവില്ലെന്നും കോടതി നീരിക്ഷണം.പ്രണയത്തിന്റെ അടിമയായി മാറിയ ഷാരോണിനെ പ്രകോപനമില്ലാതെയാണ് ഗ്രീഷ്മ കൊന്നത്.ഗാഢമായ സ്നേഹബന്ധം തുടരുമ്പോഴും ഷാരോണിനെ കൊലപെടുത്താൻ ഗ്രീഷ്മ ശ്രമിച്ചു.കുറ്റം ചെയ്തിട്ടും അവസാനം വരെ പിടിച്ചു നിൽക്കാനുള്ള ഗ്രീഷ്മയുടെ കൗഷലം വിജയിച്ചില്ല. മുമ്പ് കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടില്ലെന്ന ഗ്രീഷ്മയുടെ വാദവും കോടതി തള്ളി.

അതേസമയം, നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധിച്ച വധ ശിക്ഷക്കെതിരെ അപ്പീൽ നൽകുന്ന കാര്യത്തിൽ ഗ്രീഷ്മയുടെ കുടുംബം ഉടൻ തീരുമാനം എടുക്കും. വധശിക്ഷ ഹൈക്കോടതിയുടെ രണ്ട് അംഗ ബെഞ്ച് പരിഗണിക്കണമെന്നാണ് ആവശ്യപ്പെടുക. സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിച്ചത് നിലനിൽക്കില്ല എന്ന നിലപാടിലാണ് ഗ്രീഷ്മയുടെ അഭിഭാഷകർ.

സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തിൽ വധശിക്ഷ വിധിക്കരുത് എന്ന് മേൽക്കോടതികൾ പലപ്പോഴും നിർദ്ദേശിച്ചിരുന്നു. ക്രിമിനൽ പശ്ചാത്തലം ഇല്ലാത്ത 24 വയസ്സുള്ള ഒരു പെൺകുട്ടിയാണെന്നതും പ്രതിക്ക് അനുകൂല ഘടകം ആയിരുന്നു. പക്ഷേ ഇതൊന്നും പരിഗണിക്കാതെയാണ് കോടതി പരമാവധി ശിക്ഷ വിധിച്ചത് എന്നാണ് പ്രതിഭാഗത്തിന്റെ പരാതി. അഭിഭാഷകരുമായി ഗ്രീഷ്മയുടെ മാതാപിതാക്കൾ കൂടിക്കാഴ്ച നടത്തും. ഇതിനുശേഷമായിരിക്കും അപ്പീൽ നൽകുക. ശിക്ഷ വിധിച്ച 30 ദിവസത്തിനുള്ളിൽ അപ്പീൽ നൽകാനുള്ള സാവകാശം പ്രതിഭാഗത്തിനുണ്ട്. കേസിൽ ഒന്നാംപ്രതിയായ ഗ്രീഷ്മയ്ക്ക് വധശിക്ഷയും, തെളിവ് നശിപ്പിച്ചതിന് മൂന്നാം പ്രതിയായ അമ്മാവൻ നിർമല കുമാരന് മൂന്നുവർഷം തടവുമാണ് കോടതി വിധിച്ചത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more