1 GBP = 106.84
breaking news

കാന്‍സര്‍ രോഗികള്‍ക്കായി പ്രിയയുടെയും മൂന്നു പെണ്‍കുട്ടികളുടെയും മുടി വെള്ളിയാഴ്ച മുറിച്ചു നല്‍കി

കാന്‍സര്‍ രോഗികള്‍ക്കായി പ്രിയയുടെയും മൂന്നു പെണ്‍കുട്ടികളുടെയും മുടി വെള്ളിയാഴ്ച മുറിച്ചു  നല്‍കി

ടോം ജോസ് തടിയംപാട്

കഴിഞ്ഞ ദിവസം യുകെയിലെ ഗ്രേറ്റ് യാമത്തില്‍ നിന്നും ഇടുക്കി സ്വദേശികളായ ഒരു മലയാളി കുടുംബം ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി മുടി മുറിച്ചു നല്‍കുന്നതിനെ പറ്റി വാര്‍ത്ത പ്രസിദ്ധികരിച്ചിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ലൂയിസ് ഹാമില്‍ട്ടണ്‍ സെന്ററിന്റെ പ്രതിനിധിയും സെന്ററിന്റെ ഫണ്ട് റെയിസറും , ഞങ്ങളുടെ ഈവന്റ് കോ ഓര്‍ഡിനേറ്ററും ആയ മക്സൈനും ഞങ്ങളുടെ സ്‌പോണ്‍സര്‍മാരില്‍ ഒന്നായ മോറിസണ്‍സ് ഗോള്‍സ്റ്റണ്‍ സ്റ്റോറിലെ സ്റ്റാഫ് പ്രതിനിധിയുമായ ഷെറില്‍, അതുപോലെ കുട്ടികള്‍ പോകുന്ന സെന്റ് മേരീസ് സ്‌കൂളിനെ പ്രതിനിധീകരിച്ച് അസിന്റെ കൂട്ടുകാരിയുടെ അമ്മയായ വലേറി ഗബ്രി എന്നിവരുടെ സാന്നിധ്യത്തിലാണ് മുടി മുറിച്ചു നല്‍കിയത്.

 

വെള്ളിയാഴ്ച വൈകുന്നേരം 3.30ന് ഗോള്‍സ്റ്റണില്‍ ഉള്ള ജാക്‌സ് ഹെയര്‍ സലൂണില്‍ ആണ് ഞങ്ങളുടെ ഒരു വര്‍ഷക്കാലമായി നോക്കിയിരുന്ന ചാരിറ്റി ഹെയര്‍ കട്ട് നടന്നത്. ആദ്യം മുടി മുറിച്ചത് ഏറ്റവും ഇളയ മകളായ ഹന്നയാണ്. വളരെ സന്തോഷത്തോട് കൂടി 3 കുട്ടികളും ഭാര്യയും മുടി മുറിച്ചു’നല്‍കി. ഒരു പക്ഷെ മലയാളി സമൂഹത്തില്‍നിന്നും ഇത്തരം ചാരിറ്റി പ്രവര്‍ത്തനം വളരെ അപൂര്‍വ്വമായിട്ടാണ് നടക്കുന്നത്,. എന്നാല്‍ ഇംഗ്ലീഷ് സമൂഹത്തില്‍ മുറി മുറിച്ചു നല്‍കുന്നത് സാധാരണമാണ് .

ഈ സല്‍കര്‍മ്മം ചെയ്യാന്‍ കഴിഞ്ഞതില്‍ ഭാര്യ പ്രിയയുടെ സന്തോഷം വിവരിക്കുവാന്‍ ബുദ്ധിമുട്ടാണെന്ന് ഭര്‍ത്താവു ജിജി ജോര്‍ജ് പറഞ്ഞു വളരെക്കാലമായി മനസ്സില്‍ സൂക്ഷിച്ച ഒരാഗ്രഹം സഫലീകരിച്ചതില്‍ ഞങ്ങള്‍ സന്തുഷ്ഠരാണ്. മുടി ഞങ്ങള്‍ ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് (എല്‍പിടി) ന് അയച്ച് കൊടുക്കാന്‍ പാക്ക് ചെയ്ത് വച്ചിരിക്കുവാണ്. നമ്മളാല്‍ കഴിയുന്ന സഹായം ബുദധിമുട്ടുന്നവര്‍ക്ക് ചെയ്യാന്‍ പറ്റുന്നതില്‍ വളരെ സന്തോഷമുണ്ടെന്നു ജിജി ജോര്‍ജു കൂട്ടിച്ചേര്‍ത്തു .

ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് (എല്‍പിടി) എന്ന ചാരിറ്റി സ്ഥാപനത്തിനാണ് ഇവര്‍ മുടി മുറിച്ചു നല്‍കിയത് . യുകെയില്‍ ധാരാളം ഹെയര്‍ ഡൊണേഷന്‍ ചാരിറ്റി സ്ഥാപനങ്ങളുണ്ട്. മറ്റുള്ളവരില്‍ നിന്നും വ്യത്യസ്ഥമായി ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റ് (എല്‍പിടി) ഇവര്‍ കൊടുക്കുന്ന മുടിക്ക് പണം നല്‍കുന്നില്ല. അതുപോലെ ഫ്രീ ആയിട്ടാണ് അവര്‍ വിഗ്ഗ് ഉണ്ടാക്കി കാന്‍സര്‍ വന്നു മുടി കൊഴിഞ്ഞ് പോയ കൊച്ച് കുട്ടികള്‍ക്ക് കൊടുക്കുന്നത് (വേറെ ചില സ്ഥാപനങ്ങള്‍ നമ്മള്‍ കൊടുക്കുന്ന മുടിക്ക് പണം തരും, അത് പോലെ ഉപഭോക്താക്കളുടെ കയ്യില്‍ നിന്നും വിഗ് കൊടുക്കുമ്പോള്‍ അവര്‍ പണം വാങ്ങുകയും ചെയ്യും).

എന്റെ കൂടെ ജോലി ചെയ്യുന്നൊരാള്‍ അവരുടെ കൗമാര കാലഘട്ടത്തില്‍ കീമോതെറാപ്പി ചെയ്ത് മുടി പോയപ്പോള്‍ 800 പൗണ്ട് മുടക്കിയാണ് വിഗ് വാങ്ങിയത് എന്ന കാര്യം പറഞ്ഞു. ഇതില്‍ നിന്നും പണം ഇല്ലാത്തവരെ സഹായിക്കാന്‍ വേണ്ടിയാണു ഞങ്ങള്‍ ലിറ്റില്‍ പ്രിന്‍സസ് ട്രസ്റ്റിന് മുടി മുറിച്ചു നല്‍കാന്‍ ഒരു വര്‍ഷം മുമ്പ് തീരുമാനിച്ചതെന്നു ജിജി ജോര്‍ജും, പ്രിയയും പറഞ്ഞു.

ഈ ചാരിറ്റി സംരംഭത്തില്‍ ഞങ്ങളെ സപ്പോര്‍ട്ട് ചെയ്ത എല്ലാവര്‍ക്കും നന്ദി.അറിയിക്കുന്നുവെന്നു ജിജിയും പ്രിയയും പറഞ്ഞു. പ്രിയ ഒരു വര്‍ഷത്തോളമായി നീട്ടി വളര്‍ത്തുന്ന 22 ഇഞ്ച് നീളമുള്ള മുടിയാണ് മുറിച്ച് ലിറ്റില്‍ പ്രിന്‍സ് എന്ന സ്ഥാപനത്തിന് നല്‍കിയത്. മമ്മിയുടെ ഈ തീരുമാനത്തിന് സപ്പോര്‍ട്ട് നല്‍കി പ്രിയയുടെ മൂന്ന് കുട്ടികളും യഥാക്രമം 14 ,12,10 ഇഞ്ച് നീളമുള്ള അവരുടെ മുടിയും സംഭാവന ചെയ്യുകയാണുണ്ടായത്. ഇവര്‍ക്ക് പിന്തുണ നല്‍കി കൊണ്ട് ജിജി ജോര്‍ജ് ഒരു പൂമ്പാറ്റ ഷെയിപ്പില്‍ മാത്രം മുടി നിര്‍ത്തി ബാക്കി ഭാഗം ഷേവ് ചെയ്തുകളഞ്ഞു

പൊതുവേ മലയാളി മങ്കമാര്‍ അവരുടെ കേശഭംഗിയില്‍ വളരെ ശ്രദ്ധിക്കുന്നവരാണ്. നീലിഭൃംഗാദി എണ്ണയും ധാത്രി ഹെയര്‍ കെയറും പോലെയുള്ള ഔഷധങ്ങളും ഉപയോഗിച്ചു വളരെ ശ്രദ്ധയോടെ തങ്ങളുടെ കേശഭംഗി വര്‍ധിപ്പിക്കാന്‍ സ്ത്രിസമൂഹം പണിപ്പെടുമ്പോളാണ് ഈ കുടുംബം ഇതിനു തയ്യാറായത് എന്നത് മലയാളികള്‍ക്ക് മുഴുവന്‍ അഭിമാനമാണ്.

പ്രിയ, കഴിഞ്ഞ 12 വര്‍ഷമായി ഗോള്‍സ്റ്റണിലുള്ള ജെയിംസ് പേജറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്‌ട്രോക്ക് നേഴ്‌സ് ആയി ജോലി ചെയ്യുന്നു. ജിജി ജോര്‍ജ് അതേ ഹോസപിറ്റലില്‍ തന്നെ ക്ലാര്‍ക്കായും മെഡിക്കല്‍ റെക്കോര്‍ഡ്‌സ് വിഭാഗത്തില്‍ കോര്‍ഡിനേറ്റര്‍ ആയും ജോലി ചെയ്യുന്നു

ജോര്‍ജ് ഇടുക്കി ജില്ലയിലെ തൊടുപുഴക്കടുത്ത് മൈലക്കൊമ്പ് എന്ന സ്ഥലത്ത് നിന്നും 2005 മുതല്‍ നോര്‍ഫോക്ക് കൗണ്ടിയിലെ ഗ്രേറ്റ് യാമത്ത് ബോറോ കൗണ്‍സിലിലെ ഗോള്‍സ്റ്റണ്‍ എന്ന സ്ഥലത്ത് കുടിയേറിയതാണ്. ഭാര്യ പ്രിയ, ഇടുക്കി ജില്ലയിലെ ഇരട്ടയാര്‍ പളളിക്കാനം സ്വദേശിയാണ്. എന്നാല്‍ ഇവരുടെ കുടുംബം പിന്നിട് കാഞ്ഞിരപ്പളളിക്കടുത്ത് പിണ്ണാക്കനാട് എന്ന സ്ഥലത്തേക്ക് മാറി താമസിച്ചു. ജോര്‍ജ് പ്രിയ ദമ്പതികള്‍ക്ക് മൂന്ന് പെണ്‍ മക്കളാണ്. ആറാം ക്ലാസില്‍ പഠിക്കുന്ന അസിന്‍, മൂന്നില്‍ പഠിക്കുന്ന മിഷേല്‍, റിസപ്ഷനില്‍ പഠിക്കുന്ന ഹന്ന. മൂന്ന് പേരും ഗോള്‍സ്റ്റണിലുള്ള സെന്റ്.മേരീസ് സ്‌കൂളില്‍ പഠിക്കുന്നു.

ഈ കുടുംബം ഇതോടൊപ്പം മറ്റൊരു മഹത്തായ സേവനം കൂടി ചെയ്യുന്നു. എല്‍ എച്ച് സി എന്ന ചാരിറ്റി സ്ഥാപനത്തെ സഹായിക്കാന്‍ പണം സ്വരൂപിക്കുക കൂടി ചെയ്യുന്നുണ്ട്.. എന്താണ് എല്‍ എച്ച് സി എന്ന സ്ഥാപനം എന്നാല്‍. ജെയിംസ് പഗെറ്റ് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിന്റെ കോമ്പൌണ്ടില്‍ വേറൊരു ബില്‍ഡിംഗില്‍ പ്രവര്‍ത്തിക്കുന്ന മറ്റൊരു ചാരിറ്റി സ്ഥാപനമാണിത്.

ഗോള്‍സ്റ്റണില്‍ ജനിച്ച് വളര്‍ന്ന ലൂയിസ് ഹാമില്‍ട്ടണ്‍ എന്ന പെണ്‍കുട്ടി 1997ല്‍ 28-മത്തെ വയസ്സില്‍ ബ്രെസ്റ്റ് കാന്‍സര്‍ വന്ന് മരിച്ചു. അവരുടെ പേരിലാണ് ഈ സ്ഥാപനം അറിയപ്പെടുന്നത്. മരിക്കുന്നതിന് മുന്‍പ് അവരില്‍ നിന്നും കിട്ടിയ പ്രചോദനത്താല്‍ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന അവളുടെ അമ്മ റോബര്‍ട്ട ലോവിക്ക് തന്റെ മകളെപ്പോലുള്ള രോഗികള്‍ക്ക് വേണ്ടി പടുത്തുയര്‍ത്തിയതാണ് ഈ പ്രസ്ഥാനം , അഭ്യുദയകാംഷികളില്‍ നിന്നും ചാരിറ്റി ഇവന്റസ് നടത്തിയും കിട്ടിയ ഫണ്ട് ഉപയോഗിച്ചാണ് ഇത് പണിതതും നടത്തിക്കൊണ്ട് പോകുന്നതും. കൃത്യമായ സര്‍ക്കാര്‍ ഫണ്ടോ ലോട്ടറി ഫണ്ടോ ഒന്നും ലഭിക്കാത്ത ഈ സ്ഥാപനം വളരെ പ്രശംസയര്‍ഹിക്കുന്ന സേവനങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി ചെയ്യുന്നത്.

ഒരിക്കല്‍ ഒരു മലയാളി പ്രോഗ്രാമില്‍ റോബര്‍ട്ട ലോവിക്ക് ഗസ്റ്റായി വന്ന് നടത്തിയ പ്രസംഗം ഞങ്ങളെ ഒന്ന് പിടിച്ചു കുലുക്കി. ആ സ്ത്രീക്ക് ഇത്രയും വലിയ ഒരു സംരംഭം യാഥാര്‍ത്യമാക്കാമെങ്കില്‍, നമ്മള്‍ക്ക് പറ്റുന്ന ഒരു ചെറിയ സഹായം മറ്റുള്ളവര്‍ക്ക് എന്ത് കൊണ്ട് ചെയ്ത് കൂടാ എന്ന് ഞങ്ങള്‍ ആലോചിച്ചു. അതില്‍ നിന്നുമാണ് അവര്‍ക്കുവേണ്ടി ചാരിറ്റി സ്വരൂപിക്കാന്‍ ഞങ്ങള്‍ക്ക് കിട്ടിയ പ്രചോദനമെന്നു ജിജി ജോര്‍ജ് പറഞ്ഞു. .

സാമ്പത്തികമായി ഞങ്ങള്‍ക്ക് ഒരു പൈസ പോലും ലഭിക്കാതെ . ചെയ്യുന്ന ഈ പ്രവര്‍ത്തിയില്‍ കൂടി കൂടുതല്‍ പേരിലേക്ക് ഈ ചാരിറ്റി പ്രവര്‍ത്തനം എത്തിച്ച്, അതിലൂടെ സമൂഹത്തിന് ഗുണകരമാകുന്ന ഇതുപോലെയൊ സമാനമായ മറ്റേതെങ്കിലും പ്രവര്‍ത്തി ചെയ്യാന്‍ ഒരു പ്രേരണ കൊടുക്കുക എന്നു മാത്രമാണ് ഞങ്ങള്‍ ഈ പ്രവര്‍ത്തി കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ജിജി ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

 

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more