1 GBP = 109.02
breaking news

ശ്രീ മുരുകേഷ് പനയറ എഴുതിയ ലഘു നോവല്‍ ‘ലൗലി വില്‍ഫ്രഡ്’ തുടരുന്നു…ആറാം അദ്ധ്യായം

ശ്രീ മുരുകേഷ് പനയറ എഴുതിയ ലഘു നോവല്‍ ‘ലൗലി വില്‍ഫ്രഡ്’ തുടരുന്നു…ആറാം അദ്ധ്യായം

അദ്ധ്യായംആറ്
*********************

അന്നെന്തോ സന്ധ്യ വിഷാദവതിയായിരുന്നു. വളുടെ കണ്ണുകള്‍ ഈറനണിഞ്ഞും കവിളുകള്‍ പതിവിലും കൂടുതല്‍ അരുണാഭമായും കണ്ടു. ചുണ്ടുകളില്‍ ഇനിയും ബാക്കി നില്‍ക്കുന്ന വിതുമ്പല്‍ തടിച്ചു.

കാക്കകളെക്കുറിച്ച് അവള്‍ ചിന്തിച്ചുകാണണം. മരിച്ചവരുടെ ആത്മാക്കള്‍ പൂവും നീരും അരിയും തേടി അണ്ഡകടാഹങ്ങളിലൂടെ അലഞ്ഞ് കടല്‍ക്കരയില്‍ അരൂപികളായി എത്തി ഊഴം കാത്തുനിന്നത് അവള്‍ കണ്ടു കാണണം. അരൂപികളെ കാണാന്‍ സന്ധ്യക്ക് ശേഷിയുണ്ട് എന്ന് വല്‍സല ഒരിക്കല്‍ എന്നോട് പറഞ്ഞിരുന്നു. അതെനിക്ക് വിശ്വാസമായിരുന്നു. ചില വിശ്വാസങ്ങള്‍ തിരുത്താന്‍ എളുതല്ല.

“വിശ്വാസം തീവ്രമാകുമ്പോള്‍ യുക്തിചിന്ത പണിമുടക്കും, അല്ലേ ബസന്ത്?”

ലൗലി ചോദിച്ചു. അവളുടെ ആ ചോദ്യം എന്നെ കുറച്ചൊന്നു നടുക്കി. എന്റെ ചിന്ത വായിച്ചറിഞ്ഞു ചോദിച്ച പോലെ തോന്നി എനിക്ക്

ഞാന്‍ ലൗലിയെ നോക്കി. അവള്‍ കടലിലേക്ക് നോക്കിയിരിക്കുകയാണ്.

ആ മുഖത്ത് വിശേഷിച്ച് ഭാവപ്പകര്‍ച്ചയൊന്നുമില്ല.

ഒരു ചെറിയ പെണ്‍കുട്ടിയും അവളേക്കാള്‍ വലിയ ഒരാണ്‍കുട്ടിയും കൂടി നമ്മുടെ ചാരത്തേക്ക് വന്നു.

ആണ്‍ കുട്ടി അന്ധനായിരുന്നു.

ഒരു ചെറിയ വടിയുടെ ഒരറ്റം പിടിച്ചാണ് അവന്‍ നടന്നത്. അതിന്റെ മറ്റേ അറ്റം അവളുടെ കയ്യിലാണ്

അവരുടെ പക്കല്‍ ഓരോ പ്ലാസ്റ്റിക് ബാസ്‌കറ്റ് ഉണ്ടായിരുന്നു. അ ബാസ്‌കറ്റിനുള്ളില്‍ വൃത്തിയായി അടുക്കി വച്ച പ്ലാസ്റ്റിക് കവറുകള്‍.

ഉപ്പിലിട്ട ഫലവര്‍ഗ്ഗങ്ങള്‍ പാക്ക് ചെയ്ത ബാഗുകളാണവ.
ചുവന്ന നെല്ലിക്കായ, അരിനെല്ലി, കാട്ടു തെല്ലി, ചാമ്പക്കായ മാങ്ങാ പുളിച്ചിക്കായ അങ്ങനെയുള്ള വിഭവങ്ങള്‍. പത്തുപതിനഞ്ചു പാക്കറ്റുകള്‍ മാത്രമേ ശേഷിപ്പുള്ളൂ

വളരെ ശ്രദ്ധയോടെ വൃത്തിയായി ചാക്ക് ചെയ്ത വിഭവങ്ങള്‍. ആസൂത്രിതമാം വിധം ആരോ ചെയ്തു കൊടുക്കുന്ന പാക്കറ്റുകള്‍

“സര്‍ എന്തെങ്കിലും വാങ്ങണം. മാം പ്ലീസ് ബൈ സംതിംഗ്.” ആ പെണ്‍കുട്ടി പറഞ്ഞു.

വൃത്തിയും വെടിപ്പുമുള്ള വേഷം സ്‌കൂള്‍ യൂണിഫോം പോലെ അലക്കി വടിവില്‍ തേച്ചെടുത്ത വസ്ത്രങ്ങള്‍.

ആണ്‍കുട്ടിയുടെ വേഷവും സമാനമായിരുന്നു.

“സര്‍ നിങ്ങള്‍ വാങ്ങുന്ന വസ്തുക്കള്‍ ഞങ്ങള്‍ക്ക് പഠിക്കാനും ഉടുക്കാനും ഉണ്ണാനും തരും.” അവന്‍ പറഞ്ഞു.

“ആഹാ! കൊള്ളാമല്ലോ! നല്ല ഭാഷ.”

ലൗലി പറഞ്ഞു

“ഓ! മാം നിങ്ങള്‍ മലയാളം സംസാരിക്കുന്നുവല്ലോ”

ആണ്‍കുട്ടി അത്ഭുതം കൂറി

എനിക്ക് കൗതുകവും ജിജ്ഞാസയും അടക്കി നിറുത്താന്‍ സാധിച്ചില്ല.

ആ ആണ്‍കുട്ടി കാഴ്ച ഇല്ലാത്ത ആളാണെന്ന് എനിക്കുറപ്പാണ്.

എങ്കിലുമവന്‍ സ്വഭാവികത വിടാതെ പെരുമാറുകയും സംസാരിക്കുകയും ചെയ്യുന്നു.

സാധാരണ വഴിവാണിഭക്കാരായ കുട്ടികളല്ല അവരെന്ന് എനിക്കുറപ്പായി.

“ഈ മാം മലയാളി അല്ല എന്ന് നീയെങ്ങനെ അറിഞ്ഞു?”

ഞാന്‍ ചോദിച്ചു

“സാറിനോട് ജാനറ്റ് മലയാളമാണ് പറഞ്ഞത്. മാമിനോട് ഇംഗ്ലീഷും. വിദേശീയരോട് മാത്രമേ ഇംഗ്ലീഷ് പറയൂ അവള്‍.”

“ഞങ്ങളുടെ ട്രെയിനിംഗ് അങ്ങനെയാണ്.”
പെണ്‍കുട്ടി പറഞ്ഞു.
“ട്രെയിനിംഗോ ?”
ലൗലി ചോദിച്ചു.
“ അതെ മാം. ഞങ്ങള്‍ ‘ഗയ’ യിലെ കുട്ടികളാണ്. സ്വയം പര്യാപ്തതയുള്ള ഒരു അനാഥാലയമാണ് ഗയ. അങ്ങനെയാണ് ബാലചന്ദ്രന്‍ സര്‍ പറയുന്നത്. ഞങ്ങള്‍ അനാഥരാണ്. ജോലിചെയ്യുകയും നന്നായി പഠിക്കുകയും ചെയ്യുന്നുണ്ട്.”
മുതിര്‍ന്ന ഒരാള്‍ സംസാരിക്കുന്ന പോലെ ആ ആണ്‍കുട്ടി പറഞ്ഞു. അവന്റെ വാക്കുകളിലും പ്രവര്‍ത്തിയിലും പ്രായത്തില്‍ കവിഞ്ഞ പാകത ഉണ്ടായിരുന്നു.

ഞാന്‍ ലൗലിയെ നോക്കി. അവള്‍ എന്നെയും.
“നിങ്ങള്‍ സഹോദരങ്ങളാണോ?”
“ അതെ മാം. ഞാന്‍ ജാക്‌സന്‍. ഇവള്‍ ജാനറ്റ്. ഞങ്ങളുടെ അച്ഛനും അമ്മയും വെടിക്കെട്ട് അപകടത്തില്‍ മരിച്ചു പോയി.”
ഞാനാ സംഭവം ഓര്‍മ്മിച്ചു.
എനിക്ക് വല്ലാത്ത അസ്വസ്ഥത തോന്നി.
“ ബാലചന്ദ്രന്‍ സര്‍ ഞങ്ങളെ ഏറ്റെടുത്തു. ഞങ്ങളുടെ ഭാഗ്യം. എല്ലാ ദിവസവും വൈകുന്നേരം ഞങ്ങള്‍ എന്തെങ്കിലും ജോലി ചെയ്യണം. ഇന്ന് ഈ വില്‍പ്പനയാണ് . അഞ്ചുരൂപയാണ് ഒരു പാക്കറ്റിന്. എത്രരൂപക്ക് വില്‍പ്പന നടന്നാലും അത്രയും രൂപാ കൂടി ഞങ്ങളുടെ പേരില്‍ ബാലചന്ദ്രന്‍ സാര്‍ ചേര്‍ക്കും. ഇതുവരെ ഞങ്ങള്‍ എണ്‍പത്തി എട്ടു പാക്കറ്റ് വിറ്റു. ഇവ കൂടി വില്‍ക്കാന്‍ കഴിഞ്ഞാല്‍ അഞ്ഞൂറ് രൂപാ തികക്കാം. അപ്പോള്‍ ഞങ്ങള്‍ ആയിരം രൂപാ സമ്പാതിച്ചു എന്ന് വരുന്നു.”
കേള്‍ക്കുന്ന കാര്യങ്ങള്‍ വിശ്വസിക്കാന്‍ എനിക്ക് സാധിച്ചില്ല.
“ വോ! എന്തൊരു നല്ല മാതൃക. തൊഴില്‍ എടുക്കുന്നതിന്റെ മഹത്വം അറിഞ്ഞു തന്നെ കുട്ടികള്‍ വളരണം. അതാണ് സന്ദേശം. ജാക്‌സന്‍ ശേഷിക്കുന്ന പാക്കറ്റുകള്‍ മുഴുവന്‍ ഞാന്‍ വാങ്ങുന്നു. പകരം നിങ്ങള്‍ ഞങ്ങളെ ഗയയില്‍ കൊണ്ടുപോകണം. എനിക്കവിടം കാണണം. എന്താ ബസന്ത് ?”
“ തീര്‍ച്ചയായും. ഞാനും അത് തന്നെ ചിന്തിക്കുകയായിരുന്നു.”
അവര്‍ ഗയയില്‍ എത്തി.

പ്രശാന്തസുന്ദരമായ അന്തരീക്ഷം. വിശാലമായ ഭൂവിടം. പലതരം കൃഷികള്‍. നിറയെ ഫലവൃക്ഷങ്ങള്‍
പ്രധാന കെട്ടിടം കൂടാതെ അഞ്ചാറ് അനുബന്ധ ഗൃഹങ്ങള്‍
മുപ്പതു കുട്ടികള്‍ പാര്‍ക്കുന്ന ഒരു അനാഥ മന്ദിരമാണ് അത്.

അതിന്റെ നടത്തിപ്പിനെപ്പറ്റിയും സാമ്പത്തിക സ്രോതസ്സുകളെ സംബന്ധിച്ചും ബാലചന്ദ്രന്‍ അവരെ പറഞ്ഞു കേള്‍പ്പിച്ചു.
പുറപ്പെടും നേരം ബാലചന്ദ്രന്‍ ബസന്തിനോട് ചോദിച്ചു.
“ ലൌലി വല്ലാതെ വശീകരിച്ചു കളഞ്ഞു അല്ലെ?”
ബസന്ത് മറുപടി പറഞ്ഞില്ല.
ബാലചന്ദ്രന്‍ ഒരു സമസ്യയായി അയാളില്‍ നിറയുകയായിരുന്നു.
കാരണം പറയാന്‍ കഴിയാത്ത ഒരു മൌനം അയാളെ ചൂഴ്ന്നു.
ബസന്ത് പറഞ്ഞു.
“ ഞാനിറങ്ങുന്നു സര്‍”
“ ഞങ്ങള്‍ എന്ന് പറയൂ. പൊയ്‌ക്കോളൂ”
അവര്‍ നടന്നു

ലൗലി വില്‍ഫ്രഡ് അഞ്ചാം അദ്ധ്യായം ഇവിടെ വായിക്കാം

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more