1 GBP = 124.47
breaking news

വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ കുടുംബം മറന്നത് ഏഴുവയസ്സുകാരനെ! കുട്ടിയെ വിമാനത്തിൽ തനിച്ചാക്കി മാതാപിതാക്കൾ പുറത്തേക്ക്

വിമാനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ കുടുംബം മറന്നത് ഏഴുവയസ്സുകാരനെ! കുട്ടിയെ വിമാനത്തിൽ തനിച്ചാക്കി മാതാപിതാക്കൾ പുറത്തേക്ക്

സാവോ പോളോ: വിമാനം ലാൻഡ് ചെയ്തതിന് പിന്നാലെ ഏഴുവയസ്സുകാരനായ മകനെ വിമാനത്തിനുള്ളിൽ മറന്ന് കുടുംബം പുറത്തേക്ക് പോയത് വിമാനത്താവളത്തിൽ ആശങ്കയ്ക്കിടയാക്കി. ബ്രസീലിലെ സാവോ പോളോയിൽ നിന്ന് പോർട്ടോ അലെഗ്രെയിലേക്ക് സർവീസ് നടത്തിയ ലാറ്റം എയർലൈൻസിന്റെ LA3420 വിമാനത്തിലാണ് സംഭവം.

നവംബർ 14 ശനിയാഴ്ച നടന്ന സംഭവത്തിൽ വിമാനം ലാൻഡ് ചെയ്ത് ഏകദേശം 20 മിനിറ്റിന് ശേഷമാണ് ജീവനക്കാർ വിമാനത്തിനുള്ളിൽ കുട്ടി തനിച്ചിരിക്കുന്നതായി കണ്ടെത്തിയത്. കുട്ടിയുടെ കുടുംബാംഗങ്ങൾ വിമാനം ഇറങ്ങി പുറത്തേക്ക് പോയെങ്കിലും ഏഴുവയസ്സുകാരനെ കൂടെ കൊണ്ടുപോകാൻ മറക്കുകയായിരുന്നു.

അസാധാരണമായ സാഹചര്യം ശ്രദ്ധയിൽപ്പെട്ടതോടെ പൈലറ്റ് എയർ ട്രാഫിക് കൺട്രോളുമായി ബന്ധപ്പെട്ടു. കുടുംബം ഏഴുവയസ്സുകാരനെ വിമാനത്തിനുള്ളിൽ മറന്നുപോയെന്നും കുട്ടിയെ ഏറ്റെടുക്കാൻ എയർലൈൻ ജീവനക്കാരെ അയക്കണമെന്നും പൈലറ്റ് ആവശ്യപ്പെട്ടു.

കുട്ടിയുടെ മാതാപിതാക്കൾ ഇതിനകം എയർപോർട്ടിലെ അറൈവൽസ് ഹാളിലുണ്ടെന്ന് എയർ ട്രാഫിക് കൺട്രോൾ സ്ഥിരീകരിച്ചു. എന്നാൽ സുരക്ഷാ നിയന്ത്രണങ്ങൾ കാരണം അവർക്ക് വിമാനത്തിനടുത്തേക്ക് തിരികെ പ്രവേശിക്കാൻ അനുവാദം ലഭിച്ചില്ല.

തുടർന്ന് ലാറ്റം എയർലൈൻസിലെ അധികൃതർ കുട്ടിയെ വിമാനത്തിൽ നിന്ന് സുരക്ഷിതമായി പുറത്തിറക്കി. കുടുംബബന്ധം സ്ഥിരീകരിച്ച ശേഷം ഏകദേശം 15 മിനിറ്റിനുള്ളിൽ കുട്ടിയെ അമ്മയ്ക്ക് കൈമാറി.

കുട്ടി മുഴുവൻ സമയവും എയർലൈൻ ജീവനക്കാരുടെ സംരക്ഷണയിലായിരുന്നുവെന്ന് ലാറ്റം എയർലൈൻസ് ബ്രസീൽ ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു. കുട്ടിയെ കുടുംബം വിമാനത്തിൽ മറന്നുപോയതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

വിമാനയാത്രയ്ക്കിടെ കുട്ടികളെ ഉപേക്ഷിച്ചുപോകുന്ന സംഭവങ്ങൾ നേരത്തെയും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2025 ഓഗസ്റ്റിൽ ബാഴ്‌സലോണ വിമാനത്താവളത്തിൽ പാസ്‌പോർട്ടിന്റെയും വിസയുടെയും പ്രശ്നം കാരണം യാത്രാനുമതി നിഷേധിക്കപ്പെട്ടതിനെ തുടർന്ന് പത്തുവയസ്സുകാരനായ മകനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് ദമ്പതികൾ യാത്ര ചെയ്തിരുന്നു. സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ ക്രിമിനൽ നടപടികളും ഉണ്ടായി.

2023ൽ ടെൽ അവീവിൽ നിന്ന് ബ്രസൽസിലേക്ക് റയാനെയർ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയ ബെൽജിയൻ ദമ്പതികൾ കുഞ്ഞിന് ടിക്കറ്റ് എടുത്തിട്ടില്ലെന്ന് തിരിച്ചറിഞ്ഞതിനെ തുടർന്ന് കുഞ്ഞിനെ ചെക്ക്-ഇൻ കൗണ്ടറിൽ ഉപേക്ഷിച്ച സംഭവവും വലിയ വാർത്തയായിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more