1 GBP = 122.89
breaking news

ഓക്സ്ഫോർഡ്ഷയറിൽ അഭയാർഥി തടങ്കൽ കേന്ദ്രം വിപുലീകരിക്കാൻ നീക്കം; മലിനജല പമ്പിങ് സ്റ്റേഷന് സമീപമുള്ള നിർമാണത്തിനെതിരെ പ്രതിഷേധം

ഓക്സ്ഫോർഡ്ഷയറിൽ അഭയാർഥി തടങ്കൽ കേന്ദ്രം വിപുലീകരിക്കാൻ നീക്കം; മലിനജല പമ്പിങ് സ്റ്റേഷന് സമീപമുള്ള നിർമാണത്തിനെതിരെ പ്രതിഷേധം

ദുർഗന്ധവും പ്രാണിശല്യവും മലിനജലമൊഴുക്കുമെന്ന ആശങ്കയും; പദ്ധതിക്കെതിരെ വാട്ടർ കമ്പനിയും കൗണ്ടി കൗൺസിലും

യുകെയിൽ അഭയാർഥി തടങ്കൽ കേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഓക്സ്ഫോർഡ്ഷയറിലെ കിഡ്ലിങ്ടണിന് സമീപമുള്ള ക്യാംസ്ഫീൽഡ് ഹൗസ് ഇമിഗ്രേഷൻ റിമൂവൽ സെന്റർ വിപുലീകരിക്കാനുള്ള പദ്ധതിക്കെതിരെയാണ് പുതിയ ആശങ്കകൾ ഉയർന്നിരിക്കുന്നത്. നിർദിഷ്ട തടങ്കൽ സൗകര്യങ്ങൾ മലിനജല പമ്പിങ് സ്റ്റേഷന് വെറും 20 മീറ്റർ മാത്രം അകലെയായിരിക്കുമെന്നതാണ് പ്രധാന വിമർശനം.

പദ്ധതിയുടെ ഭാഗമായി കേന്ദ്രത്തിലെ താമസസൗകര്യം നിലവിലെ 160 കിടക്കകളിൽനിന്ന് 400 ആയി ഉയർത്താനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ (ഹോം ഓഫീസ്) നീക്കം. നിലവിലുള്ള കെട്ടിടങ്ങൾ പുനഃക്രമീകരിച്ചും പുതിയ സുരക്ഷിത താമസ ബ്ലോക്കുകൾ ഒരുക്കിയുമാണ് വികസനം നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്.

എന്നാൽ, പദ്ധതിയുമായി ബന്ധപ്പെട്ട് സമർപ്പിച്ച റിപ്പോർട്ടിൽ മലിനജല കമ്പനിയായ തേംസ് വാട്ടർ ഗുരുതരമായ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. മലിനജല പമ്പിങ് സ്റ്റേഷനിൽനിന്നുള്ള ദുർഗന്ധം, ശബ്ദം, കമ്പനങ്ങൾ, അറ്റകുറ്റപ്പണികൾക്കിടയിലെ വെളിച്ചം, പ്രാണികൾ, ഈച്ചകൾ എന്നിവ തടങ്കൽ കേന്ദ്രത്തിൽ കഴിയുന്നവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി.

പ്രദേശത്തെ മലിനജല സംവിധാനത്തിന്റെയും മഴവെള്ള നിർമാർജന സംവിധാനത്തിന്റെയും കുടിവെള്ള വിതരണ ശൃംഖലയുടെയും ശേഷി സംബന്ധിച്ചും കമ്പനി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. നിർമാണം നിലവിലുള്ള സംവിധാനങ്ങൾക്ക് അമിതഭാരം സൃഷ്ടിക്കുകയും മലിനജലം പുറത്തേക്ക് ഒഴുകി പ്രദേശത്ത് വെള്ളക്കെട്ടിനും മലിനീകരണത്തിനും കാരണമാകുകയും ചെയ്യാമെന്നാണ് മറ്റൊരു മുന്നറിയിപ്പ്. ഇതുസംബന്ധിച്ച് വിശദമായ പഠനം നടത്തണമെന്നും തേംസ് വാട്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

സർക്കാർ പദ്ധതിക്കെതിരെ മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അടിസ്ഥാന ശുചിത്വവും മനുഷ്യാന്തസ്സും പോലും പരിഗണിക്കാതെയാണ് പദ്ധതി മുന്നോട്ടുപോകുന്നതെന്ന് റൈറ്റ് ടു റിമെയ്ൻ ചാരിറ്റിയുടെ ലീഡ് ലീഗൽ എജ്യുക്കേഷൻ ഓഫീസർ അല്ലി സ്വാഡ്‌ലിങ് വിമർശിച്ചു.

ഓക്സ്ഫോർഡ്ഷയർ കൗണ്ടി കൗൺസിലും കേന്ദ്രത്തിന്റെ വിപുലീകരണത്തിനെതിരെ ഔദ്യോഗികമായി എതിർപ്പ് അറിയിച്ചിട്ടുണ്ട്. പൊതുജനങ്ങളുടെ നിലവിലുള്ള ആശങ്കകൾ കൂടുതൽ രൂക്ഷമാക്കുന്ന പദ്ധതിയാണിതെന്നും ക്യാംസ്ഫീൽഡ് ഹൗസ് സ്ഥിരമായി അടച്ചുപൂട്ടണമെന്നും കൗൺസിൽ ആവശ്യപ്പെട്ടു.

2018-ൽ ആത്മഹത്യകൾ, കലാപങ്ങൾ, തടവുകാരുടെ രക്ഷപ്പെടൽ, മോശം സാഹചര്യങ്ങളെക്കുറിച്ചുള്ള പരാതികൾ എന്നിവയെ തുടർന്ന് അടച്ചുപൂട്ടിയ കേന്ദ്രം 2025 ഡിസംബറിലാണ് വീണ്ടും തുറന്നത്.

തടങ്കൽ അനുഭവം മനുഷ്യരെ മാനസികമായും സാമൂഹികമായും തകർക്കുന്ന ഒന്നാണെന്നും അവസാന മാർഗമായി മാത്രമേ ഇത് ഉപയോഗിക്കാവൂവെന്നും റെഫ്യൂജി കൗൺസിൽ ഡയറക്ടർ ഓഫ് എക്സ്റ്റേണൽ അഫയേഴ്സ് ഇമ്രാൻ ഹുസൈൻ പറഞ്ഞു. തടങ്കൽ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിന് പകരം സമൂഹത്തിൽ കഴിയുന്നതിനുള്ള ബദൽ സംവിധാനങ്ങൾ സർക്കാർ പരിഗണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

2024-ലെ പൊതുതെരഞ്ഞെടുപ്പിന് ശേഷം 2026 ജൂൺ അവസാനം വരെയുള്ള കാലയളവിൽ നിയമപരമായ താമസാവകാശമില്ലാത്ത 80,000-ത്തോളം പേരെ ബ്രിട്ടനിൽനിന്ന് തിരിച്ചയക്കുകയോ നാടുകടത്തുകയോ ചെയ്തതായാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. മുൻ രണ്ടുവർഷത്തെ അപേക്ഷിച്ച് 52 ശതമാനം വർധനവാണിത്.

രാജ്യത്തെ ഇമിഗ്രേഷൻ തടങ്കൽ സൗകര്യങ്ങളുടെ ശേഷി 40 ശതമാനം വർധിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. ക്യാംസ്ഫീൽഡ് ഹൗസ് വികസനപദ്ധതിയുമായി ബന്ധപ്പെട്ട പൊതുജനങ്ങളുടെയും വിവിധ സ്ഥാപനങ്ങളുടെയും എതിർപ്പുകൾ ഡിസംബർ 14-ന് ആരംഭിക്കുന്ന പബ്ലിക് ഇൻക്വയറിയിൽ പരിഗണിക്കും.

പദ്ധതിയിൽ സർക്കാരിന് പൂർണ വിശ്വാസമുണ്ടെന്നും, ബ്രിട്ടനിൽ തുടരാൻ നിയമപരമായ അവകാശമില്ലാത്തവരെ തിരിച്ചയക്കുന്നതിനുള്ള നടപടികൾ ശക്തിപ്പെടുത്തുന്നതിൽ തടങ്കൽ സൗകര്യങ്ങൾ വിപുലീകരിക്കുന്നത് നിർണായകമാണെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more