1 GBP = 124.73
breaking news

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തൃശൂർ പൂരം കലക്കൽ: തെളിവുകൾ അപര്യാപ്തം, ക്രൈംബ്രാഞ്ച് റിപ്പോർട്ട് മടക്കി സർക്കാർ

തിരുവനന്തപുരം: തൃശൂർ പൂരം കലക്കൽ കേസിൽ പൊലീസുദ്യോഗസ്ഥരുടെ വീഴ്ചകൾക്ക് ഉത്തരവാദികളെ കണ്ടെത്തുന്നതിലും ആരോപണങ്ങൾ തെളിയിക്കുന്നതിലും അന്വേഷണസംഘത്തിന് പോരായ്മകളുണ്ടെന്ന് വിലയിരുത്തി ക്രൈംബ്രാഞ്ച് റിപ്പോർട്ട് സർക്കാർ മടക്കി. തിരുവമ്പാടി ദേവസ്വം ഭാരവാഹികളെ പ്രതിചേർക്കാൻ മതിയായ തെളിവുകളില്ലാത്തതും പൂരത്തിന്റെ മേൽനോട്ടച്ചുമതലയുണ്ടായിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിനെതിരായ കണ്ടെത്തലുകൾ ദുർബലമായതുമാണ് റിപ്പോർട്ട് തിരിച്ചയക്കാൻ കാരണം. കൂടുതൽ തെളിവുകളും വിശദീകരണങ്ങളും ഉൾപ്പെടുത്തി പുതിയ റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല സംസ്ഥാന പൊലീസ് മേധാവിക്ക് നിർദേശം നൽകി.

2024ലെ തൃശൂർ പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ തിരുവമ്പാടി ദേവസ്വത്തിലെ പത്ത് ഭാരവാഹികൾക്കെതിരെ ഗൂഢാലോചന, കലാപത്തിന് ആഹ്വാനം തുടങ്ങിയ കുറ്റങ്ങൾ ചുമത്താൻ അനുമതി തേടിയായിരുന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട് സമർപ്പിച്ചത്. എന്നാൽ, ഗുരുതരമായ ഈ ആരോപണങ്ങൾ സാധൂകരിക്കുന്ന വ്യക്തമായ തെളിവുകൾ റിപ്പോർട്ടിനൊപ്പം ഹാജരാക്കിയിട്ടില്ലെന്നാണ് സർക്കാർ കണ്ടെത്തിയത്. കുറ്റാരോപിതർക്കെതിരായ തെളിവുകളിൽ കൂടുതൽ വ്യക്തത വരുത്തണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.

പൂരത്തിന്റെ ക്രമീകരണങ്ങൾക്ക് മേൽനോട്ടം വഹിച്ചിരുന്ന എഡിജിപി എം.ആർ. അജിത്കുമാറിന്റെ പങ്ക് സംബന്ധിച്ച അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകളിലും സർക്കാർ അതൃപ്തി രേഖപ്പെടുത്തി. അജിത്കുമാറിന് ജാഗ്രതക്കുറവുണ്ടായെന്ന പരാമർശം മാത്രമാണ് റിപ്പോർട്ടിലുള്ളത്. അദ്ദേഹത്തിനെതിരെ നടപടി ശിപാർശ ചെയ്യാൻ ആവശ്യമായ തെളിവുകൾ അന്വേഷണസംഘം കണ്ടെത്തിയിട്ടില്ല. വീഴ്ച വരുത്തിയതായി കണ്ടെത്തിയ മറ്റു പൊലീസുദ്യോഗസ്ഥർക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന കാര്യത്തിലും റിപ്പോർട്ട് വ്യക്തത നൽകുന്നില്ല.

ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സമർപ്പിച്ച 15 പേജുള്ള റിപ്പോർട്ടിൽ പൊലീസിന്റെയും ദേവസ്വം ഉദ്യോഗസ്ഥരുടെയും ഭാഗത്തുനിന്നുണ്ടായ 16 വീഴ്ചകളാണ് ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പൊലീസ് നൽകിയ നിർദേശങ്ങൾ ദേവസ്വം ജീവനക്കാർ അവഗണിച്ചതായും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, ഈ വീഴ്ചകളിൽ ഓരോരുത്തരുടെയും ഉത്തരവാദിത്തം നിർണയിക്കുന്നതിലും തുടർനടപടികൾ വ്യക്തമാക്കുന്നതിലും റിപ്പോർട്ടിന് പോരായ്മകളുണ്ടെന്നാണ് സർക്കാരിന്റെ വിലയിരുത്തൽ.

പൂരം കലക്കലുമായി ബന്ധപ്പെട്ട് ആദ്യം അന്വേഷണം നടത്തിയ എം.ആർ. അജിത്കുമാർ സമർപ്പിച്ച റിപ്പോർട്ടും 2024ൽ അന്നത്തെ സർക്കാർ തള്ളിയിരുന്നു. പൂരം അലങ്കോലപ്പെട്ടതിന്റെ ഉത്തരവാദിത്തം പ്രധാനമായും തിരുവമ്പാടി ദേവസ്വത്തിനുമേൽ ചുമത്തുന്നതായിരുന്നു ആദ്യ റിപ്പോർട്ട്. പൊലീസിന്റെ ഭാഗത്ത് കാര്യമായ വീഴ്ചയില്ലെന്ന നിലപാടെടുത്ത റിപ്പോർട്ടിൽ അജിത്കുമാറിനെതിരെയും പരാമർശങ്ങളുണ്ടായിരുന്നില്ല. ഇതിനെതിരെ വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയാണ് എച്ച്. വെങ്കിടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചത്.

അതേസമയം, ക്രൈംബ്രാഞ്ച് റിപ്പോർട്ടിനെതിരെ തിരുവമ്പാടി ദേവസ്വവും നേരത്തെ രംഗത്തെത്തിയിരുന്നു. വസ്തുതകൾ വളച്ചൊടിച്ച് നിരപരാധികളെ കുറ്റക്കാരാക്കുന്ന റിപ്പോർട്ടാണിതെന്ന് ദേവസ്വം സെക്രട്ടറി കെ. ഗിരീഷ് കുമാർ ആരോപിച്ചിരുന്നു. സംഭവത്തിൽ സമഗ്രമായ പുനരന്വേഷണം നടത്തണമെന്ന ആവശ്യവും ദേവസ്വം ഉന്നയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more