പണപ്പെരുപ്പം നിയന്ത്രിക്കാൻ കൂടുതൽ നടപടികൾ വേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ്; 23 ലക്ഷം വീട്ടുടമകൾക്ക് മോർട്ട്ഗേജ് തിരിച്ചടവ് കൂടിയേക്കും
ലണ്ടൻ: ബ്രിട്ടനിൽ പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പലിശനിരക്ക് വരും മാസങ്ങളിൽ വീണ്ടും ഉയർത്തേണ്ടിവരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ചീഫ് ഇക്കണോമിസ്റ്റ് ഹ്യൂ പിൽ. അടുത്ത മാസം തന്നെ പലിശനിരക്ക് വീണ്ടും വർധിപ്പിക്കേണ്ടിവരുമെന്ന സൂചന നൽകിയ അദ്ദേഹം, 2027ന്റെ തുടക്കത്തിലും നിരക്ക് ഉയർത്തേണ്ട സാഹചര്യമുണ്ടാകാമെന്നും വ്യക്തമാക്കി.
ഈ മാസം ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടിസ്ഥാന പലിശനിരക്ക് 3.75 ശതമാനത്തിൽനിന്ന് 4 ശതമാനമായി ഉയർത്തിയിരുന്നു. എന്നാൽ പണപ്പെരുപ്പം നിയന്ത്രിക്കാൻ ഈ നടപടി മാത്രം മതിയാകില്ലെന്നാണ് ഹ്യൂ പില്ലിന്റെ വിലയിരുത്തൽ. പണപ്പെരുപ്പം ദീർഘകാലാടിസ്ഥാനത്തിൽ രണ്ട് ശതമാനത്തിലെത്തിക്കുകയാണ് ബാങ്കിന്റെ ലക്ഷ്യമെന്നും അതിനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Please Read: യുക്മ ഫോർച്യൂൺ ലോട്ടറി 2026 ഒന്നാം സമ്മാനം പതിനായിരം പൌണ്ട് ഈസ്റ്റ്ബോണിലെ മാജിദ് തച്ചപറമ്പന്, രണ്ടാം സമ്മാനം 1 പവൻ സ്വർണ്ണം വാറിംഗ്ടണിലെ ആൻ്റ്ലിൻ ആൻ്റോയ്ക്ക്. അര പവൻ സ്വർണ്ണത്തിൻ്റെ 2 മൂന്നാം സമ്മാനങ്ങൾ ഡോർചെസ്റ്ററിലെ പ്രിജിമോൾ വാസു, ഹേവാർഡ്സ് ഹീത്തിലെ ചിഞ്ചു കുര്യാക്കോസ് എന്നിവർക്ക്.
പലിശനിരക്ക് വീണ്ടും ഉയരുന്നത് ബ്രിട്ടനിലെ ഭവനവായ്പയെടുത്തവർക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 2027ൽ ഏകദേശം 23 ലക്ഷം വീട്ടുടമകൾക്ക് നിലവിലുള്ള മോർട്ട്ഗേജ് വായ്പകൾ പുതുക്കേണ്ടിവരും. പലിശനിരക്ക് ഉയർന്ന നിലയിൽ തുടരുകയാണെങ്കിൽ ഇവരുടെ പ്രതിമാസ തിരിച്ചടവ് ഗണ്യമായി വർധിച്ചേക്കും.
ഇറാൻ യുദ്ധത്തെത്തുടർന്ന് എണ്ണ, പ്രകൃതിവാതക വിലകൾ ഉയർന്നുനിൽക്കുന്നത് ബ്രിട്ടനിലെ പണപ്പെരുപ്പം അടുത്ത വസന്തകാലത്ത് അഞ്ച് ശതമാനത്തോളമെത്തിക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ പൊതുമേഖലയിലും സ്വകാര്യ മേഖലയിലും ജീവനക്കാർ ഉയർന്ന ശമ്പളവർധന ആവശ്യപ്പെടാൻ സാധ്യതയുണ്ട്. ഇത് പണപ്പെരുപ്പം കൂടുതൽ കാലം ഉയർന്നുനിൽക്കാൻ ഇടയാക്കുമെന്നാണ് ബാങ്കിന്റെ ആശങ്ക.
പലിശനിരക്ക് ഉയർത്തുന്നതിൽ നേരത്തെ നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നും പിൽ അഭിപ്രായപ്പെട്ടു. പണപ്പെരുപ്പം നിയന്ത്രിക്കാൻ ബാങ്ക് വൈകിയെന്നാണ് തന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, പലിശനിരക്ക് വർധന ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥയിലെ നിർമാണ, വ്യവസായ മേഖലകളെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും ശക്തമാണ്. നിർമാണമേഖല മാസങ്ങളായി പ്രതിസന്ധി നേരിടുകയാണ്. ഉയർന്ന വായ്പാ ചെലവും ജീവിതച്ചെലവും കാരണം പുതുവർഷത്തിൽ കുടുംബങ്ങളുടെ ചെലവഴിക്കൽ ശേഷിയും കുറയാൻ സാധ്യതയുണ്ട്.
ഇതിനുപുറമെ, സാധാരണ കുടുംബങ്ങളുടെ വാർഷിക ഊർജബിൽ ഏകദേശം 2,000 പൗണ്ടിനടുത്തെത്താനും കൗൺസിൽ ടാക്സ് ശരാശരി അഞ്ച് ശതമാനത്തോളം വർധിക്കാനും സാധ്യതയുണ്ട്.
2027ൽ ബ്രിട്ടനിലെ അടിസ്ഥാന പലിശനിരക്ക് അഞ്ച് ശതമാനത്തിനടുത്തെത്തുമെന്നാണ് സാമ്പത്തിക വിപണികളുടെ നിലവിലെ പ്രതീക്ഷ. ഡിസംബറിൽ തന്നെ അടുത്ത പലിശവർധന ഉണ്ടായേക്കാമെന്ന വിലയിരുത്തലും സാമ്പത്തിക വിദഗ്ധർക്കിടയിൽ ശക്തമാണ്.
പലിശനിരക്ക് വർധിപ്പിക്കുന്നത് പണപ്പെരുപ്പം നിയന്ത്രിക്കാൻ സഹായിക്കുമെങ്കിലും മോർട്ട്ഗേജ് വായ്പയെടുത്തവർക്കും സാധാരണ കുടുംബങ്ങൾക്കും ഇത് കൂടുതൽ സാമ്പത്തിക സമ്മർദം സൃഷ്ടിക്കുമെന്നാണ് വിലയിരുത്തൽ.
click on malayalam character to switch languages