1 GBP = 124.64
breaking news

പച്ചപ്പാടത്തിന് നടുവില്‍ പ്രണയത്തിന്‍റെ അടയാളം; കൗതുകമായി കര്‍ഷകന്‍റെ പാഡി ആര്‍ട്ട്

പച്ചപ്പാടത്തിന് നടുവില്‍ പ്രണയത്തിന്‍റെ അടയാളം; കൗതുകമായി കര്‍ഷകന്‍റെ പാഡി ആര്‍ട്ട്

മലപ്പുറം: വിശാലമായ പച്ചനെല്‍പ്പാടത്തിന് നടുവില്‍ ഒരു ഹൃദയം. കറുപ്പും വയലറ്റും കലര്‍ന്ന നിറങ്ങള്‍ക്കിടയില്‍ തെളിഞ്ഞുനില്‍ക്കുന്ന പച്ച ലൗ ചിഹ്നം. ആദ്യനോട്ടത്തില്‍ ചിത്രരചനയാണെന്ന് തോന്നുമെങ്കിലും ഇത് നെല്‍ച്ചെടികള്‍കൊണ്ട് ഒരുക്കിയ വിസ്മയക്കാഴ്ചയാണ്. പറപ്പൂര്‍ കാട്ടുപാടത്ത് നെല്‍കൃഷിയെ വ്യത്യസ്തമായൊരു കലാസൃഷ്ടിയാക്കി മാറ്റിയിരിക്കുകയാണ് കര്‍ഷകനായ കുറ്റിക്കാട്ടില്‍ മുഹമ്മദ് (64). നെല്‍പ്പാടങ്ങളെ കാന്‍വാസാക്കി വിവിധ നിറങ്ങളിലുള്ള നെല്‍വിത്തുകള്‍ ഉപയോഗിച്ച് ചിത്രങ്ങളും രൂപങ്ങളും ഡിസൈനുകളും ഒരുക്കുന്ന രീതിയാണ് പാഡി ആര്‍ട്ട്. സാധാരണ നെല്‍കൃഷിയില്‍ നിന്ന് വ്യത്യസ്തമായി പുതിയൊരു പരീക്ഷണത്തിനാണ് മുഹമ്മദ് തന്‍റെ കൃഷിയിടത്തില്‍ തുടക്കമിട്ടത്. കൃഷിയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുക, അപൂര്‍വ നെല്‍വിത്തിനങ്ങളെ പരിചയപ്പെടുത്തുക, കര്‍ഷകര്‍ക്കിടയില്‍ പുതിയ പരീക്ഷണങ്ങള്‍ക്ക് പ്രചോദനമാകുക എന്നിവയാണ് ഈ ഉദ്യമത്തിന് പിന്നിലെ ലക്ഷ്യം.

മഹാരാഷ്ട്രയില്‍ നിന്നുള്ള അപൂര്‍വ നെല്‍വിത്തിനമായ ‘നസര്‍ ബാത്ത്’ ആണ് ഹൃദയരൂപം ഒരുക്കാന്‍ ഉപയോഗിച്ചത്. ഈ നെല്‍ച്ചെടികളുടെ ഇലകള്‍ക്ക് കറുപ്പ് കലര്‍ന്ന തവിട്ടും വയലറ്റും നിറമാണ്. സാധാരണ നെല്‍ച്ചെടികളുടെ പച്ചപ്പുമായി ചേരുമ്പോള്‍ നിറങ്ങളുടെ മനോഹരമായ വ്യത്യാസം രൂപപ്പെടും. ഈ പ്രത്യേകത പ്രയോജനപ്പെടുത്തിയാണ് കറുത്ത നിറത്തിലുള്ള പ്രതലത്തില്‍ പച്ചനിറത്തിലുള്ള ഹൃദയചിഹ്നം ഒരുക്കിയത്.

ഏക്കര്‍ കണക്കിന് സ്ഥലത്ത് നെല്‍കൃഷി ചെയ്യുന്ന മുഹമ്മദ് അര ഏക്കറിലാണ് ഈ വ്യത്യസ്ത കൃഷിരീതി പരീക്ഷിച്ചത്. ദൂരെ നിന്ന് നോക്കുമ്പോള്‍ പാടത്തിന് നടുവില്‍ വലിയൊരു ചിത്രമെന്നു തോന്നിക്കുന്ന പാഡി ആര്‍ട്ട് കാണാന്‍ നിരവധി പേരാണ് എത്തുന്നത്. കൃഷിയിടം ഭക്ഷ്യോല്‍പാദനത്തിനുള്ള ഇടം മാത്രമല്ല, സര്‍ഗാത്മകതയുടെ വേദി കൂടിയാണെന്ന് തെളിയിക്കുകയാണ് ഈ കര്‍ഷകന്‍. നസര്‍ ബാത്ത് നെല്ലിന് ആരോഗ്യഗുണങ്ങളുണ്ടെന്നും പ്രതിരോധശേഷി വര്‍ധിപ്പിക്കാനും പ്രമേഹം, ചീത്ത കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും സഹായകരമാണെന്നും പറയപ്പെടുന്നു. കിലോയ്ക്ക് 300 രൂപവരെ വിലയുള്ള ഈ അപൂര്‍വ നെല്‍വിത്തിനത്തിന് വിപണിയിലും പ്രത്യേക താല്‍പര്യമുണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more