1 GBP = 127.04
breaking news

വിമാന ഗതാഗത സംവിധാനത്തിലുണ്ടായ തകരാർ ഒഴിവാക്കാമായിരുന്നെന്ന് ഗതാഗത സെക്രട്ടറി

വിമാന ഗതാഗത സംവിധാനത്തിലുണ്ടായ തകരാർ ഒഴിവാക്കാമായിരുന്നെന്ന് ഗതാഗത സെക്രട്ടറി

ലണ്ടൻ: യുകെയിലെ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ സാങ്കേതിക തകരാർ മൂലം വിമാന സർവീസുകളിൽ വ്യാപകമായ തടസ്സങ്ങൾ നേരിട്ട സംഭവം ഒഴിവാക്കാമായിരുന്നെന്ന് ഗതാഗത സെക്രട്ടറി വ്യക്തമാക്കി. ചൊവ്വാഴ്ച നാല് മണിക്കൂറോളം പ്രവർത്തനരഹിതമായ, ‘നാറ്റ്സ്’ (Nats) നിയന്ത്രിക്കുന്ന സംവിധാനത്തെക്കുറിച്ച് വ്യോമയാന മേഖലയിലെ മേൽനോട്ട സമിതിയെക്കൊണ്ട് സ്വതന്ത്ര അന്വേഷണം നടത്താൻ ഉത്തരവിട്ടതായി ട്രാൻസ്‌പോർട്ട് സെക്രട്ടറി ഹൈഡി അലക്സാണ്ടർ ഹൗസ് ഓഫ് കോമൺസിനെ അറിയിച്ചു.

രണ്ടാം ദിവസവും തടസ്സങ്ങൾ തുടരുന്നതിനിടെ 2,000-ത്തിലധികം വിമാനങ്ങൾ റദ്ദാക്കപ്പെടുകയും, യുകെയിൽ നിന്ന് പുറത്തേക്കും തിരിച്ചുമുള്ള യാത്രയിൽ യാത്രക്കാർ വലിയ ബുദ്ധിമുട്ടുകൾ നേരിടുകയും ചെയ്തു. ‘നാറ്റ്സ്’ മേധാവി മാർട്ടിൻ റോൾഫുമായി കൂടിക്കാഴ്ച നടത്തിയ ശേഷം, സൈബർ ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാമെന്ന് ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. എങ്കിലും, “ഈ പ്രശ്നം ഒഴിവാക്കാൻ കഴിയാത്ത ഒന്നായിരുന്നെന്ന് ഞാൻ കരുതുന്നില്ല” എന്നും അവർ കൂട്ടിച്ചേർത്തു.

അതേസമയം കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടായ മൂന്നാമത്തെ വലിയ സാങ്കേതിക തകരാറിന് ‘നാറ്റ്സ്’ ക്ഷമാപണം നടത്തി. സർക്കാരിന് 49 ശതമാനം ഉടമസ്ഥാവകാശമുള്ള ‘നാറ്റ്സ്’, തടസ്സങ്ങൾ എത്രയും വേഗം പരിഹരിക്കുന്നതിനും അവയുടെ ആഘാതം കുറയ്ക്കുന്നതിനുമായി സ്വീകരിച്ച നടപടികളെക്കുറിച്ച് റോൾഫുമായി ചർച്ച ചെയ്തതായി ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു. നാറ്റ്സ് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയെയും സുസ്ഥിരതയെയും കുറിച്ച് കർശനമായ ചോദ്യങ്ങൾ ഉയരേണ്ടതുണ്ടെന്ന് പറഞ്ഞ അവർ, “ഉപഭോക്താക്കൾക്കുണ്ടായ ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനെക്കുറിച്ചും നാം ചിന്തിക്കേണ്ടതുണ്ട്” എന്നും കൂട്ടിച്ചേർത്തു.

വിസ് എയർ, റയാൻഎയർ തുടങ്ങിയ വിമാനക്കമ്പനികൾ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടിട്ടും, കഴിഞ്ഞ 11 വർഷമായി ‘നാറ്റ്സ്’നെ നയിക്കുന്ന റോൾഫിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് ബുധനാഴ്ച സർക്കാർ വ്യക്തമാക്കി. ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നാറ്റ്സിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, സിവിൽ ഏവിയേഷൻ അതോറിറ്റിയോട് സ്വതന്ത്രമായ ഒരു അവലോകനം നടത്താനും ആറുമാസത്തിനുള്ളിൽ വിവരങ്ങൾ അറിയിക്കാനും താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഹെയ്ഡി അലക്സാണ്ടർ പറഞ്ഞു.

യുകെയിലെ വിമാനക്കമ്പനികളെ പ്രതിനിധീകരിക്കുന്ന ‘എയർലൈൻസ് യുകെ’ ഹെയ്ഡി അലക്സാണ്ടറിന് കത്തെഴുതിയതായി അറിയിച്ചു. കഴിഞ്ഞ മൂന്ന് വർഷത്തിനിടെയുണ്ടാകുന്ന മൂന്നാമത്തെ വലിയ സിസ്റ്റം തകരാറായ, നാറ്റ്സിലുണ്ടായ സാങ്കേതിക തകരാറിനെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ അറിയിക്കാനാണ് കത്തെഴുതിയതെന്ന് അവർ വ്യക്തമാക്കി. യുകെയിലെ വ്യോമയാന ശൃംഖലയിലുടനീളം വലിയ തടസ്സങ്ങൾക്കാണ് ഈ സംഭവം കാരണമായത്. “മറ്റുള്ളവരുടെ തെറ്റുകൾക്ക് വിമാനക്കമ്പനികൾക്ക് സാമ്പത്തിക ബാധ്യത വഹിക്കേണ്ടിവരുന്ന ഒരു സംവിധാനമാണ് ഇതിന്റെ ഫലം. അതേസമയം, ഇതിന് ഉത്തരവാദികളായ സ്ഥാപനങ്ങൾ കാര്യമായ സാമ്പത്തിക പ്രത്യാഘാതങ്ങളൊന്നും നേരിടേണ്ടിവരുന്നില്ല. ഉത്തരവാദിത്തം എവിടെയാണോ അവിടെത്തന്നെ ഉത്തരവാദിത്തബോധവും (accountability) ഉണ്ടാകണം, സിവിൽ ഏവിയേഷൻ ബിൽ ഇക്കാര്യം പരിഹരിക്കാനുള്ള അവസരം നൽകുന്നു.” എയർലൈൻസ് യുകെയുടെ ചീഫ് എക്സിക്യൂട്ടീവ് ടിം ആൽഡർസ്‌ലേഡ് പറഞ്ഞു.

എന്നാൽ യാത്രക്കാർക്ക് നഷ്ടപരിഹാരം ലഭിക്കാൻ സാധ്യതയില്ലെന്ന് യുകെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു. എന്നിരുന്നാലും, വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്ത സാഹചര്യത്തിൽ യാത്രക്കാരെ പരിപാലിക്കേണ്ട ഉത്തരവാദിത്തം വിമാനക്കമ്പനികൾക്കുണ്ടെന്ന് അതോറിറ്റി ഓർമ്മിപ്പിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more