1 GBP = 126.95
breaking news

കുട്ടികളുടെ സ്മാർട്ട്‌ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയാൻ ആപ്പിളിനെയും ഗൂഗിളിനെയും നിർബന്ധിതരാക്കുമെന്ന് യുകെ സർക്കാർ

കുട്ടികളുടെ സ്മാർട്ട്‌ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയാൻ ആപ്പിളിനെയും ഗൂഗിളിനെയും നിർബന്ധിതരാക്കുമെന്ന് യുകെ സർക്കാർ

ലണ്ടൻ: കുട്ടികളുടെ സ്മാർട്ട്‌ഫോണുകളിൽ അശ്ലീല ചിത്രങ്ങൾ തടയുന്നതിന് നിയമപരമായ നടപടികൾ സ്വീകരിക്കാൻ ആപ്പിളിനെയും ഗൂഗിളിനെയും നിർബന്ധിതരാക്കുമെന്ന് യുകെ സർക്കാർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ തീരുമാനമൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണിത്. 16 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് വിലക്കേർപ്പെടുത്തുമെന്ന് സർക്കാർ പ്രഖ്യാപിച്ച് മാസങ്ങൾക്കുള്ളിലാണ്, സിലിക്കൺ വാലിയിലെ വമ്പൻ കമ്പനികളായ ഇവരുമായി ഏറ്റുമുട്ടലിന് വഴിയൊരുക്കുന്ന ഈ നിയമനിർമ്മാണ നീക്കം നടക്കുന്നത്.

18 വയസ്സിൽ താഴെയുള്ളവർ തങ്ങളുടെ ഉപകരണങ്ങൾ ഉപയോഗിച്ച് നഗ്നചിത്രങ്ങൾ പകർത്തുന്നതോ പങ്കുവെക്കുന്നതോ കാണുന്നതോ തടയുന്നതിനായി പാർലമെന്റിൽ ഒരു നിയമം കൊണ്ടുവരാൻ സർക്കാർ നടപടികൾ തുടങ്ങുമെന്ന് ഡിജിറ്റൽ, സംസ്കാരം, മാധ്യമം, കായികം എന്നിവയുടെ ചുമതലയുള്ള മന്ത്രി ലിസ നാൻഡി പറഞ്ഞു. സ്മാർട്ട്‌ഫോൺ വിപണിയിൽ ആധിപത്യം പുലർത്തുന്ന ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുടെ ഉടമകളായ ഗൂഗിളുമായും ആപ്പിളുമായും നടത്തിയ ചർച്ചകളിൽ ധാരണയിലെത്താൻ കഴിഞ്ഞില്ല. ഇതിനായുള്ള മൂന്ന് മാസത്തെ സമയപരിധി ചൊവ്വാഴ്ച അവസാനിക്കുകയും ചെയ്തു.

സാങ്കേതിക കമ്പനികൾക്ക് ഇപ്പോഴും ഒരു ധാരണയിലെത്താൻ അവസരമുണ്ടെങ്കിലും, വിപ്ലവകരമായ ഒരു നിയമനിർമ്മാണം അനിവാര്യമാണെന്ന് ഏതാണ്ട് ഉറപ്പാണെന്ന് നാൻഡി ഹൗസ് ഓഫ് കോമൺസിൽ പറഞ്ഞു. “ഏറ്റവും ഗുരുതരമായ ചില അപകടങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിൽ സാങ്കേതിക കമ്പനികൾ ദീർഘകാലമായി പരാജയപ്പെട്ടിരിക്കുകയാണ്, തുറന്നു പറയുകയാണെങ്കിൽ, നിലവിൽ കുട്ടികൾക്ക് ദോഷം സംഭവിക്കുമ്പോൾത്തന്നെ, നമുക്ക് ആവശ്യമുള്ള വേഗതയിൽ പുരോഗതിയുണ്ടാകുമെന്ന് വിശ്വസിച്ച് അവർക്ക് ഇളവ് നൽകാൻ ഞാൻ തയ്യാറല്ല.” അവർ കൂട്ടിച്ചേർത്തു.

ഇതിനായുള്ള സുരക്ഷാ സംവിധാനങ്ങൾ ഉപകരണത്തിൽ തന്നെ ഉൾപ്പെടുത്തുകയും അവ സ്വതവേ (default ആയി) പ്രവർത്തനസജ്ജമാക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി ആൻഡി ബർണാം പറഞ്ഞു. നഗ്നചിത്രങ്ങൾ പകർത്താനോ കാണാനോ അയയ്ക്കാനോ മുതിർന്ന ഉപയോക്താക്കളെ അനുവദിക്കുന്നതിന് മുൻപ് അവരുടെ പ്രായം പരിശോധിക്കാൻ സാങ്കേതികവിദ്യ കമ്പനികൾക്ക് നിർബന്ധമായിരിക്കും. കുട്ടികൾ ഉപയോഗിക്കുന്ന ആപ്പുകളിലും ഈ നിയന്ത്രണങ്ങൾ ബാധകമാക്കാൻ സർക്കാർ ആഗ്രഹിക്കുന്നുണ്ട്, ഇതിനായി കൂടുതൽ നിയമനിർമ്മാണം ആവശ്യമായി വരുമെന്നും ആൻഡി ബർണാം കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more