1 GBP = 128.88
breaking news

യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും

യുകെ മലയാളികൾക്ക് ചരിത്രനിമിഷം; ചാൻസലർ ജോൺ ഹീലീ യുക്മ–ഇസ ലണ്ടൻ കേരളപൂരം 2026-ൽ മുഖ്യാതിഥി;പതാക ഉയർത്തി ഉദ്ഘാടനം ചെയ്ത് വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യും

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

റോതര്‍ഹാം: യൂറോപ്പിലെ മലയാളി സമൂഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ സാംസ്കാരിക–കായിക ആഘോഷമായ യുക്മ–ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ല്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് ചാന്‍സലര്‍ ബഹുമാന്യനായ ജോണ്‍ ഹീലീ എം.പി. പങ്കെടുക്കും. ഓഗസ്റ്റ് 15 ശനിയാഴ്ച റോതര്‍ഹാമിലെ മാന്‍വേഴ്സ് ലേക്കില്‍ നടക്കുന്ന എട്ടാമത് കേരളപൂരം ആഘോഷത്തിന്റെ ഔദ്യോഗിക  ഉദ്ഘാടനം അദ്ദേഹം നിര്‍വഹിക്കും. രാവിലെ 9.15ന് അദ്ദേഹം പതാക ഉയര്‍ത്തി തുടര്‍ന്ന് കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശം ബ്രിട്ടീഷ് മണ്ണില്‍ പുനരാവിഷ്കരിക്കുന്ന വള്ളംകളി ഔദ്യോഗികമായി ഫ്ലാഗ് ഓഫ് നിര്‍വഹിച്ച് തുടക്കം കുറിയ്ക്കും.

രാജ്യത്തിന്റെ ചാന്‍സലര്‍ തന്നെ കേരളപൂരത്തിന്റെ വേദിയിലെത്തി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത് യുക്മയ്ക്കും സംഘാടകര്‍ക്കും മാത്രമല്ല, ബ്രിട്ടനിലെ മുഴുവന്‍ മലയാളി സമൂഹത്തിനും ഏറെ അഭിമാനകരവും ചരിത്രപ്രധാനവുമായ നിമിഷമായിരിക്കുമെന്ന് യുക്മ ദേശീയ പ്രസിഡന്റ് അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു. 

കേരളത്തില്‍നിന്ന് ആയിരക്കണക്കിന് മൈലുകള്‍ അകലെ, ബ്രിട്ടന്റെ ഹൃദയഭാഗത്ത് കേരളത്തിന്റെ തനത് വള്ളംകളിയും കലാ–സാംസ്കാരിക പാരമ്പര്യങ്ങളും ഇത്രയും വിപുലമായി അവതരിപ്പിക്കുന്ന വേദിയില്‍ രാജ്യത്തിന്റെ ചാന്‍സലര്‍ നേരിട്ടെത്തി പതാക ഉയര്‍ത്തുകയും വള്ളംകളി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്യുന്നത് കേരളപൂരം വള്ളംകളിയുടെ ചരിത്രത്തിലെ സുപ്രധാന അധ്യായമായി മാറുമെന്ന് ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ പറഞ്ഞു.

മൂന്ന് പതിറ്റാണ്ടിനടുത്ത പാര്‍ലമെന്ററി അനുഭവവുമായി ജോണ്‍ ഹീലീ റോമാഷ് ആന്റ് കോണിസ്ബറോ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ലേബര്‍ പാര്‍ട്ടി എം.പിയാണ് ജോണ്‍ ഹീലീ. 1997-ല്‍ ആദ്യമായി ബ്രിട്ടീഷ് പാര്‍ലമെന്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം മൂന്ന് പതിറ്റാണ്ടിനടുത്ത് എം.പിയായി തുടരുന്ന അദ്ദേഹം സര്‍ക്കാര്‍ തലത്തിലും പ്രതിപക്ഷത്തും നിരവധി സുപ്രധാന ഉത്തരവാദിത്തങ്ങള്‍ വഹിച്ചിട്ടുണ്ട്. മുന്‍ ലേബര്‍ സര്‍ക്കാരിന്റെ കാലത്ത് വിവിധ  മേഖലകളുമായി ബന്ധപ്പെട്ട മന്ത്രിസ്ഥാനങ്ങള്‍ വഹിച്ചതിനു ശേഷം പ്രതിപക്ഷ നിരയില്‍ വിവിധ വകുപ്പുകളുടെ ഷാഡോ ഉത്തരവാദിത്വങ്ങളിലും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ചു.

2024 ജൂലൈ മുതല്‍ 2026 ജനുവരി വരെ വരെ പ്രതിരോധ സെക്രട്ടറിയായി പ്രവര്‍ത്തിച്ച അദ്ദേഹം, 2026 ജൂലൈ 20-ന് പുതിയ മന്ത്രിസഭയില്‍ ചാന്‍സിലര്‍ ഓഫ് എക്സ്ചെക്വര്‍  ആയി നിയമിതനായി. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ, നികുതി നയം, പൊതുചെലവ്, ഖജനാവ് എന്നിവയുമായി ബന്ധപ്പെട്ട സുപ്രധാന ഉത്തരവാദിത്തങ്ങളാണ് ചാന്‍സലര്‍ എന്ന നിലയില്‍ അദ്ദേഹം നിര്‍വഹിക്കുന്നത്.

പാര്‍ലമെന്റിലെത്തുന്നതിന് മുമ്പ് ട്രേഡ് യൂണിയന്‍ രംഗത്തും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ക്കുവേണ്ടിയുള്ള പ്രവര്‍ത്തകനായും ജോണ്‍ ഹീലീ സേവനമനുഷ്ഠിച്ചിട്ടുണ്ട്. റോതര്‍ഹാം പ്രദേശവുമായി ദീര്‍ഘകാല ബന്ധം പുലര്‍ത്തുന്ന അദ്ദേഹം, താന്‍ പ്രതിനിധീകരിക്കുന്ന പ്രാദേശിക സമൂഹങ്ങളുമായുള്ള അടുത്ത ബന്ധത്തിനും ജനകീയ ഇടപെടലുകള്‍ക്കും ശ്രദ്ധേയനാണ്. ചാന്‍സലറുടെ സാന്നിധ്യം ആഘോഷത്തിന് കൂടുതല്‍ പ്രാദേശിക പ്രാധാന്യവും കുടിയേറ്റക്കാരുടെ സംഘടന എന്ന നിലയില്‍ യുക്മയ്ക്ക് ദേശീയ തലത്തിലുള്ള പ്രസക്തിയും നല്‍കുന്നതാവും. 

ചരിത്രനിമിഷത്തിന് സാക്ഷിയാകാന്‍ മാന്‍വേഴ്സ് തടാകം 

കേരളത്തിന്റെ ജലോത്സവ പാരമ്പര്യത്തിന്റെ ആവേശവും യു.കെ മലയാളികളുടെ ഐക്യവും ഒരുമിക്കുന്ന മാന്‍വേഴ്സ് ലേക്ക് ഇത്തവണ മറ്റൊരു ചരിത്രമുഹൂര്‍ത്തത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. വള്ളംകളിക്കൊപ്പം കേരളത്തിന്റെ സമ്പന്നമായ കലാ–സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന വിവിധ പരിപാടികളും കേരളപൂരം വേദിയില്‍ അരങ്ങേറും.

ചാന്‍സലറെ കേരളീയ പാരമ്പര്യത്തിന്റെ തനിമയോടെ സ്വീകരിക്കാനുള്ള വിപുലമായ ഒരുക്കങ്ങളും സംഘാടകര്‍ നടത്തിവരികയാണ്.  പതാക ഉയര്‍ത്തി കേരളപൂരം ഉദ്ഘാടനം ചെയ്ത ശേഷം അദ്ദേഹം വള്ളംകളിയുടെ ഔദ്യോഗിക ഫ്ലാഗ് ഓഫ് നിര്‍വഹിക്കും. യു.കെ മലയാളി സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള പ്രതിനിധികളുമായും സംഘാടകരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതിനും അവസരമൊരുങ്ങുന്നതാണ്. 

മാന്‍വേഴ്സ് തടാകത്തിനെയും പ്രാദേശിക സമൂഹത്തെയും മലയാളി സമൂഹത്തെയും കൂടുതല്‍ അടുത്തുകൊണ്ടുവരുന്നതിന് വര്‍ഷങ്ങളായി ലഭിച്ചുവരുന്ന പിന്തുണയും സഹകരണവും ഈ വര്‍ഷത്തെ ആഘോഷത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്നു.

യുകെ മലയാളി സമൂഹത്തിന് അഭിമാന നിമിഷം

ബ്രിട്ടന്റെ എന്‍.എച്ച്.എസ്-ഉം ആരോഗ്യ–പരിചരണ മേഖലയും ഉള്‍പ്പെടെ വിവിധ രംഗങ്ങളില്‍ മലയാളികള്‍ നല്‍കുന്ന സേവനവും സംഭാവനയും ഇന്ന് ഏറെ ശ്രദ്ധേയമാണ്. കേരളത്തിന്റെ സംസ്കാരവും പാരമ്പര്യവും പുതിയ തലമുറയിലേക്ക് പകര്‍ന്നുനല്‍കുന്നതിനൊപ്പം, ബ്രിട്ടന്റെ ബഹുസാംസ്കാരിക സമൂഹത്തിന്റെ അവിഭാജ്യഘടകമായി മലയാളികള്‍ മുന്നേറുന്നതിന്റെ ആഘോഷം കൂടിയാണ് കേരളപൂരം.

അതുകൊണ്ടുതന്നെ രാജ്യത്തിന്റെ ചാന്‍സലര്‍ ഈ ആഘോഷത്തില്‍ മുഖ്യാതിഥിയായി എത്തുകയും കേരളീയ പാരമ്പര്യത്തിന്റെ പ്രതീകമായ വള്ളംകളിക്ക് ഫ്ലാഗ് ഓഫ് നിര്‍വഹിക്കുകയും ചെയ്യുന്നത് യുകെയിലെ മലയാളി സമൂഹത്തിന് ലഭിക്കുന്ന വലിയ അംഗീകാരമായാണ് സംഘാടകര്‍ കാണുന്നതെന്ന് ജനറല്‍ കണ്‍വീനര്‍ ഡിക്സ് ജോര്‍ജ് അറിയിച്ചു.

മാന്‍വേഴ്സ് തടാകത്തിലെ ജലപ്പരപ്പില്‍ താളമൊത്ത തുഴച്ചിലുമായി വള്ളങ്ങള്‍ കുതിക്കുമ്പോള്‍ അത് ഒരു മത്സരത്തിന്റെ മാത്രം കാഴ്ചയാകില്ല; ഒരുമയുടേയും, കൂട്ടായ്മയുടേയും, സൗഹൃദത്തിന്റെയും, സാംസ്കാരിക കൂടിച്ചേരലിന്റെയും ശക്തമായ സന്ദേശം കൂടിയായിരിക്കും.

ഓഗസ്റ്റ് 15-ന് മാന്‍വേഴ്സ് തടകത്തിലും കരയിലുമായി നടക്കുന്നത് കേരളത്തിന്റെ പൈതൃകവും യു.കെ മലയാളികളുടെ ഐക്യവും അവര്‍ യു.കെ സമൂഹത്തിന് നല്‍കുന്ന സംഭാവനകളും ഉയര്‍ത്തിപ്പിടിക്കുന്ന അഭിമാനത്തിന്റെ ഒത്തുചേരല്‍ കൂടിയായിരിക്കും.

ഈ അപൂര്‍വ ചരിത്രനിമിഷത്തിന് സാക്ഷികളാകാന്‍ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി കുടുംബങ്ങളെയും വള്ളംകളി പ്രേമികളെയും കലാ–സാംസ്കാരിക ആസ്വാദകരെയും യുക്മ–ഇസ  ലണ്ടന്‍ കേരളപൂരം വള്ളംകളി 2026-ലേക്ക് സംഘാടകര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നു.

വേദി: Manvers Lake, Rotherham, S63 7DG

തീയതി: 15 August 2026, Saturday

യുക്മ ദേശീയ ഭാരവാഹികളായ ഷീജോ വര്‍ഗ്ഗീസ്, വര്‍ഗ്ഗീസ് ഡാനിയേല്‍, സ്മിതാ തോട്ടം, സണ്ണിമോന്‍ മത്തായി, റെയ്മോള്‍ നിധീരി, പീറ്റര്‍ താണോലില്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു. 

യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 ടൈറ്റില്‍ സ്പോണ്‍സറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈന്‍ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടന്‍, പോള്‍ ജോണ്‍ & കമ്പനി സോളിസിറ്റേഴ്‌സ്, മണവാട്ടി, എല്‍.ടി.സി. ഗ്ലോബല്‍, ഏലൂര്‍ കണ്‍സല്‍ട്ടന്‍സി, കേരള ഡിലൈറ്റ്സ്, ഇന്‍ഫിന്‍ ടൂര്‍സ് ആന്റ് ട്രാവല്‍സ്,  മൈ ലോക്കൽ ഇൻഡ്യൻ മട്ടാഞ്ചേരി, ടോണ്ടൻ  എന്നിവരും ഉടന്‍ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോണ്‍സര്‍മാര്‍.

യുക്മ – ഇസ ലണ്ടന്‍ കേരളപൂരം വള്ളംകളി 2026 കൂടുതല്‍ വിവരങ്ങള്‍ക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് 

അഡ്വ. എബി സെബാസ്റ്റ്യന്‍ (പ്രസിഡന്റ്)- 07702862186

ജയകുമാര്‍ നായര്‍ (ജനറല്‍ സെക്രട്ടറി)- 07403223006

ഡിക്സ് ജോര്‍ജ്ജ് (ജനറല്‍ കണ്‍വീനര്‍)- 07403312250

ജോര്‍ജ്ജ് തോമസ് (ടീം മാനേജ്മെന്റ്) – 07903426018

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more