1 GBP = 128.68
breaking news

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 എട്ട്, ഒൻപത് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം….

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 എട്ട്, ഒൻപത് ഹീറ്റ്സുകളിലെ ടീമുകളെ പരിചയപ്പെടാം….

കുര്യൻ ജോർജ്ജ്

(നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ –  ഇസ ലണ്ടൻ കേരളപൂരം വളളംകളി 2026 ഓഗസ്റ്റ് 15 ന് റോഥർഹാമിലെ മാൻവേഴ്സ്  തടാകത്തിൽ അരങ്ങേറുവാൻ നാല് ദിവസങ്ങൾ കൂടി മാത്രം അവശേഷിക്കവേ  ആവേശം അതിൻ്റെ പാരമ്യത്തിലെത്തി നിൽക്കുമ്പോൾ ഇന്ന് എട്ട്, ഒൻപത് ഹീറ്റ്സുകളിൽ  മത്സരിക്കുന്ന  ടീമുകളെ പരിചയപ്പെടാം.

ഹീറ്റ്സ് – 8

ഹീറ്റ്സ് 8 – ൽ മത്സരത്തിൽ  പങ്കെടുക്കുന്ന ടീമുകൾ നടുഭാഗം, അമ്പലപ്പുഴ കായിപ്രം

നടുഭാഗം –

നടുഭാഗം  ചുണ്ടനിൽ  ഇത്തവണയും  തുഴയുവാൻ എത്തുന്നത്  BKCA  ബോട്ട്  ക്ലബ്  ബാൻസ്ലി തന്നെ.  ബ്ലസൻ  കെ  ഡാനിയൽ  നയിക്കുന്ന  ടിം  മികച്ച  പ്രകടനം  കാഴ്ചവെയ്ക്കുക  എന്ന  ലക്ഷ്യത്തോടെ  ശക്തമായ  പരിശീലനത്തിലാണ്. ടീം  അംഗങ്ങളുടെ  കഠിന  അധ്വാനവും,  BKCA  അസോസിയേഷൻ്റെ  ശക്തമായ  പിൻതുണയും,  മുൻ പരിചയവും കൂടിയാക്കുമ്പോൾ തികഞ്ഞ  വിജയ  പ്രതീക്ഷയിൽ  ആണ്  BKCA  ബോട്ട് ക്ലബ്ബ് . മഞ്ചാടി ഫുഡ്  പ്രോഡക്ട്  ആണ് ഇത്തവണയും ടീമിനെ  സ്പോൺസർ ചെയ്യുന്നത് .

അമ്പലപ്പുഴ-

അമ്പലപ്പുഴ  ചുണ്ടനിൽ  ഇത്തവണ  തുഴയുവാൻ  എത്തുന്നത്  WYSE ലിവർപൂൾ  സൂപ്പർ  കിംഗ്‌സ്  ബോട്ട്  ക്ലബ്  ആണ്.  അഖിൽ  രാജ്  ആണ്  ക്യാപ്റ്റൻ .  ക്രിക്കറ്റ് രംഗത്ത് ശ്രദ്ധേയമായ പ്രകടനങ്ങളിലൂടെ കായികപ്രേമികളുടെ അംഗീകാരം നേടിയ ലിവർപൂൾ സൂപ്പർ കിംഗ്സ് (എൽഎസ്എകെ) ക്രിക്കറ്റ് ക്ലബ്, ആദ്യമായി  കേരളപൂരം വള്ളംകളി മത്സരത്തിൽ പങ്കെടുക്കുവാൻ എത്തുമ്പോൾ,   ടീം അംഗങ്ങളുടെ കഠിന പരിശീലനവും മികച്ച കൂട്ടായ്മയും കൂടിയാവുമ്പോൾ വിജയത്തിൽ കുറഞ്ഞ തൊന്നും ടീം പ്രതീക്ഷിക്കുന്നില്ല. Lords Care Lancshire ആണ് ടീമിന്റെ ഔദ്യോഗിക സ്പോൺസർ.

കായിപ്രം –

എട്ടാം പാദ മത്സരത്തിൽ  നടുഭാഗം, അമ്പലപ്പുഴ എന്നീ വള്ളങ്ങൾക്കൊപ്പം മത്സരിക്കുവാൻ ഇറങ്ങുന്ന  കായിപ്രം ചുണ്ടൻ ഇത്തവണയും തുഴയുന്നത്,  സജീവ് സെബാസ്റ്റ്യൻ നയിക്കുന്ന നനീട്ടൺ ബോട്ട് ക്ളബ്ബ് തന്നെ.  കൃത്യവും ചിട്ടയുമാർന്ന പരിശീലനത്തിന് ശേഷമാണ് യുക്മ ട്രോഫി മത്സരത്തിന് എത്തുന്നത്. യുക്മ ട്രോഫി 2026 ൽ ഏറെ പ്രതീക്ഷകളുണർത്തുന്ന ടീമുകളിൽ ഒന്നാണ് ടീം നനീട്ടൺ. കായിപ്രം വള്ളത്തിൽ മത്സരിക്കുവാൻ എത്തുന്ന ടീം നനീട്ടൻ്റെ സ്പോൺസേഴ്സ് തെരേസാസ് ലണ്ടനാണ്.

ഹീറ്റ്സ് – 9

ഹീറ്റ്സ് 9 – ൽ മത്സരത്തിൽ  പങ്കെടുക്കുന്ന ടീമുകൾ കൈനാടി, എടത്വ, കൈനകരി 

യുക്മ കേരളപൂരം വള്ളംകളി 2026-ലെ പ്രാഥമിക റൗണ്ടിലെ അവസാന പോരാട്ടമായ ഹീറ്റ്സ്–9 ആവേശത്തിന്റെ സമാപനക്കുറിപ്പാകാൻ ഒരുങ്ങുകയാണ്. അടുത്ത റൗണ്ടിലേക്കുള്ള യോഗ്യത ഉറപ്പാക്കാൻ മൂന്ന് ശക്തരായ ടീമുകൾ അവസാന തുഴച്ചിലിനായി അണിനിരക്കുമ്പോൾ മാൻവേഴ്സ് ലേക്കിൽ മത്സരം തീപാറുമെന്നുറപ്പാണ്.

കൈനാടി – സെൻ്റ് മേരീസ് ബോട്ട് ക്ലബ്ബ്, കവൻട്രി 

ഒമ്പതാം ഹീറ്റിൽ കൈനാടി ചുണ്ടനിൽ മത്സരിക്കുന്നത് സെൻ്റ് മേരീസ് ബോട്ട് ക്ലബ്ബ്, കവൻട്രിയാണ്. സാജൻ രാജൻ ക്യാപ്റ്റനായുള്ള ടീം മികച്ച പരിശീലനവും കൂട്ടായ്മയുടെ കരുത്തും കൈമുതലാക്കിയാണ് മത്സരരംഗത്തിറങ്ങുന്നത്.

മത്സരത്തിന്റെ ഓരോ ഘട്ടത്തിലും മികവ് തെളിയിച്ച് അടുത്ത റൗണ്ടിലേക്ക് മുന്നേറുക എന്ന ലക്ഷ്യത്തോടെയാണ് കവൻട്രി ടീമിന്റെ ഒരുക്കങ്ങൾ. ആത്മവിശ്വാസവും അച്ചടക്കമുള്ള പരിശീലനവുമാണ് ടീമിന്റെ പ്രധാന കരുത്ത്. Life Line Protect ആണ് ടീമിന്റെ സ്പോൺസർ.

എടത്വ – എമറാൾഡ് ഡ്രാഗൺസ് ബോട്ട് ക്ലബ്ബ്, അയർലൻണ്ട് (Emerald Dragons Boat Club, Ireland)

അയർലൻഡിനെ പ്രതിനിധീകരിച്ച് എമറാൾഡ് ഡ്രാഗൺസ് ബോട്ട് ക്ലബ്ബ്, അയർലൻണ്ട്  ആണ് എടത്വ ചുണ്ടനിൽ മത്സരിക്കുന്നത്. അനീഷ് ടി. ജെയിംസ് നയിക്കുന്ന ടീം മികച്ച മുന്നൊരുക്കങ്ങളോടെയും വിജയപ്രതീക്ഷയോടെയുമാണ് യുക്മ കേരളപൂരം വള്ളംകളിയിലേക്ക് എത്തുന്നത്.

പരിശീലനത്തിലെ കൃത്യതയും ടീം അംഗങ്ങളുടെ ഒത്തൊരുമയും ഈ ടീമിന്റെ പ്രധാന സവിശേഷതകളാണ്. ശക്തരായ എതിരാളികൾക്കിടയിലും മികച്ച പ്രകടനം കാഴ്ചവെച്ച് അടുത്ത ഘട്ടത്തിലേക്ക് മുന്നേറാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ടീം. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്പോൺസർ.

കൈനകരി – ഗോട്ട്സ് ബോട്ട് ക്ലബ് , മാഞ്ചസ്റ്റർ (GOATS Boat Club, Manchester)

ഒമ്പതാം ഹീറ്റിൽ കൈനകരി ചുണ്ടനിൽ മത്സരിക്കുന്നത്  – ഗോട്ട്സ് ബോട്ട് ക്ലബ് , മാഞ്ചസ്റ്റർ (GOATS Boat Club, Manchester) ആണ്. അഖിൽ ജോർജ് ക്യാപ്റ്റനായുള്ള ടീം യുവത്വത്തിന്റെ ഊർജവും കഠിന പരിശീലനവും കൈമുതലാക്കി വിജയത്തിനായി വെള്ളത്തിലിറങ്ങുകയാണ്.

വള്ളംകളിയോടുള്ള ആവേശവും മികച്ച ടീം വർക്കും കൊണ്ട് ശ്രദ്ധേയരായ GOATS ബോട്ട് ക്ലബ്, ഈ ഹീറ്റിൽ ശക്തമായ പോരാട്ടം കാഴ്ചവെച്ച് അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടാനാണ് ലക്ഷ്യമിടുന്നത്. മണവാട്ടി (Manavatty) ആണ് ടീമിന്റെ സ്പോൺസർ.

പ്രാഥമിക റൗണ്ടിന് ആവേശകരമായ സമാപനം

കൈനാടിയുടെ കരുത്തും എടത്വയുടെ പോരാട്ടവീര്യവും കൈനകരിയുടെ യുവത്വത്തിന്റെ ആവേശവും ഒരേ ഹീറ്റിൽ ഏറ്റുമുട്ടുമ്പോൾ പ്രാഥമിക റൗണ്ടിന്റെ അവസാന മത്സരം വള്ളംകളി പ്രേമികൾക്ക് മികച്ച കാഴ്ചവിരുന്നാകുമെന്നതിൽ സംശയമില്ല. മൂന്ന് ടീമുകളും അടുത്ത റൗണ്ടിലേക്കുള്ള രണ്ട് സ്ഥാനങ്ങൾ ലക്ഷ്യമിട്ട് അവസാന നിമിഷം വരെ പോരാടും. കരുത്തും കൂട്ടായ്മയും കൃത്യമായ തുഴച്ചിലും നിർണായകമാകുന്ന ഈ മത്സരം യുക്മ കേരളപൂരം വള്ളംകളി 2026-ലെ പ്രാഥമിക റൗണ്ടിന് ആവേശകരമായ സമാപനമാകുമെന്ന് ഉറപ്പാണ്.

ഷെഫീൽഡിനടുത്ത് റോഥർഹാം മാൻവേഴ്സ് തടാകത്തിൽ വെച്ച് നടക്കുന്ന വള്ളംകളിയും അനുബന്ധ കലാപരിപാടികളും വൻ വിജയമാക്കുവാൻ യുക്മ ദേശീയ സമിതി പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ് എന്നിവരുടെ നേതൃത്വത്തിൽ യുക്മ ദേശീയ, റീജിയണൽ ഭാരവാഹികളുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങളാണ് നടത്തി വരുന്നത്.

വള്ളംകളിയോട് അനുബന്ധിച്ച് നടക്കുന്ന കാർണിവൽ പതിവ് പോലെ കാണികളെ ആകർഷിക്കുന്ന വിധത്തിലുള്ള വിവിധ പരിപാടികൾ കൊണ്ട് ഇക്കുറിയും അത്യാകർഷമാകും. യുക്മ ഷീ ലീഡ്സ് നേതൃത്വം നൽകുന്ന യുക്മ – തെരേസാസ് ‘ഓണച്ചന്തം സീസൺ 2’ മലയാളി സുന്ദരി മത്സരം, നൂറ് കണക്കിന് മലയാളി വനിതകൾ അണി നിരക്കുന്ന ‘മെഗാ തിരുവാതിര’, കേരളത്തിൻ്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ഓട്ടൻതുള്ളൽ, ഓണക്കാലത്ത് പൂര നഗരിയെ ഹരം പിടിപ്പിക്കുന്ന പുലികളി, യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരും കലാകാരികളും അവതരിപ്പിക്കുന്ന നൃത്ത സംഗീത പരിപാടികൾ ഉൾപ്പടെ നിരവധി കലാപരിപാടികളാണ് വള്ളംകളി വേദിയിൽ അരങ്ങേറുന്നത്.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 ടൈറ്റിൽ സ്പോൺസറായ ഇസ ലണ്ടനോടൊപ്പം ലൈഫ് ലൈൻ പ്രൊട്ടക്ട് ലിമിറ്റഡ്, തെരേസാസ് ലണ്ടൻ, പോൾ ജോൺ & കമ്പനി സോളിസിറ്റേഴ്‌സ്, മണവാട്ടി, LTC ഗ്ലോബൽ, ഏലൂർ കൺസൽട്ടൻസി, കേരള ഡിലൈറ്റ്സ് എന്നിവരും ഉടൻ റിലീസിനൊരുങ്ങുന്ന മനോഹരമായ മലയാള ചിത്രം ‘ബത്‌ലഹേം കുടുംബ യൂണിറ്റ്’ ഉം ആയിരിക്കും മറ്റ് പ്രധാന സ്പോൺസർമാർ.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 സ്പോൺസർ ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കുമായി താഴെ പറയുന്നവരെ ബന്ധപ്പെടേണ്ടതാണ് :-

അഡ്വ. എബി സെബാസ്റ്റ്യൻ – 07702862186

ജയകുമാർ നായർ – 07403223006

ഡിക്സ് ജോർജജ് – 07403312250.

യുക്മ – ഇസ ലണ്ടൻ കേരളപൂരം വള്ളംകളി 2026 നടക്കുന്ന വേദിയുടെ വിലാസം:-

Manvers Lake 

Station Road 

Wath-Upon-Dearne

Rotherham 

South Yorkshire.

S63 7DG.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more