ലണ്ടൻ: ലേബർ പാർട്ടിയിലെ രാഷ്ട്രീയ മാറ്റങ്ങൾക്കൊടുവിൽ ബ്രിട്ടന്റെ ഏഴാമത്തെ പ്രധാനമന്ത്രിയായി ആൻഡി ബർണാം ഇന്നലെ ചുമതലയേറ്റു. രണ്ടുവർഷത്തെ ഭരണത്തിന് ശേഷം ജനപിന്തുണ നഷ്ടപ്പെട്ടതിനെത്തുടർന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ രാജിവെച്ച ഒഴിവിലേക്കാണ് ബർണാം എത്തുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ ബ്രിട്ടനിൽ അധികാരത്തിൽ വരുന്ന ആറാമത്തെ പ്രധാനമന്ത്രിയാണ് അദ്ദേഹം. രാജ്യത്തിന്റെ ഘടനാപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള പത്തുവർഷത്തെ കർമപദ്ധതിയുമായാണ് ബർണാം ഭരണത്തിലേക്ക് കടക്കുന്നത്.
ഇതിനിടെ തന്റെ ഭരണശൈലിയെക്കുറിച്ച് വ്യക്തമായ സൂചനകൾ ബർണാം നൽകിക്കഴിഞ്ഞു. നികുതിയിളവുകൾ സംബന്ധിച്ച് നിലനിൽക്കുന്ന ജനങ്ങളുടെ പരാതികൾ പരിഹരിക്കുമെന്നും, നികുതി വർധനവിനെ കുറിച്ചുള്ള ആശങ്കകളിൽ സാഹചര്യങ്ങൾക്കനുസരിച്ചുള്ള തീരുമാനങ്ങളേ ഉണ്ടാവുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രഖ്യാപിക്കപ്പെട്ട ‘പത്തുവർഷത്തെ കർമപദ്ധതി’ തന്റെ അധികാര കാലാവധിയെക്കുറിച്ചുള്ള പ്രഖ്യാപനമല്ല, മറിച്ച് രാജ്യത്തിന്റെ നിലവിലെ അവസ്ഥയിൽ മാറ്റം വരുത്താൻ അത്യാവശ്യമായ ഒരു നിർണ്ണായക നീക്കമാണെന്നും അദ്ദേഹം വിശദീകരിച്ചു.
ഔദ്യോഗിക ചടങ്ങുകൾക്കായി ഡൗണിങ് സ്ട്രീറ്റിൽ തിരക്കേറിയ നീക്കങ്ങളാണ് നടന്നത്. മുൻ പ്രധാനമന്ത്രി കെയർ സ്റ്റാർമർ തന്റെ വിടവാങ്ങൽ പ്രസംഗത്തിന് ശേഷം ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിന് രാജിക്കത്ത് സമർപ്പിച്ചു. തുടർന്ന് ചാൾസ് രാജാവ് ആൻഡി ബർണാമിനെ പ്രധാനമന്ത്രിയായി നിയമിച്ചു . ഔദ്യോഗികമായി അധികാരമേറ്റ ശേഷം ഡൗണിങ് സ്ട്രീറ്റിലെ വസതിക്ക് മുന്നിൽ വെച്ച് ബർണാം രാജ്യത്തെ ആദ്യമായി അഭിസംബോധന ചെയ്തു. ഇതിന് ശേഷം പുതിയ മന്ത്രിസഭയുടെ രൂപീകരണവും നടക്കും. ജോൺ ഹീലി പുതിയ ചാൻസലറായും, എഡ് മിലിബാൻഡ് ഫോറിൻ സെക്രട്ടറിയായും ചുമതലയേൽക്കും. ഷബാന മഹ്മൂദ് ഹോം സെക്രട്ടറി സ്ഥാനത്ത് തുടരുമെന്നാണ് സൂചന. ആഞ്ചല റെയ്നർ ഹൗസിങ് സെക്രട്ടറിയായും വെസ് സ്ട്രീറ്റിങ് ഡിഫൻസ് സെക്രട്ടറിയായും എത്തും.
കെയർ സ്റ്റാർമറിന്റെ ഭരണകാലത്തിന് ശേഷം രാജ്യത്തിന് സ്ഥിരതയും വികസനവും കൊണ്ടുവരാൻ കഴിയുന്ന ജനപിന്തുണയുള്ള നേതാവ് എന്ന നിലയിലാണ് ലേബർ പാർട്ടി ബർണാമിനെ അധികാരത്തിലേക്ക് കൊണ്ടുവരുന്നത്. ലണ്ടനിലെ രാഷ്ട്രീയ അസ്ഥിരതക്ക് അദ്ദേഹത്തിന്റെ വരവോടെ അന്ത്യമാകുമെന്ന പ്രതീക്ഷയിലാണ് ലേബർ പാർട്ടി നേതൃത്വം.
click on malayalam character to switch languages