1 GBP = 127.75
breaking news

തിരുവനന്തപുരം കോർപറേഷന് തലവേദനയായ പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരുടെ ഇടപെടൽ; കുടിവെള്ള-വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നീക്കം

തിരുവനന്തപുരം കോർപറേഷന് തലവേദനയായ പ്രശ്നം പരിഹരിക്കാൻ മന്ത്രിമാരുടെ ഇടപെടൽ; കുടിവെള്ള-വെള്ളക്കെട്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ നീക്കം

തിരുവനന്തപുരം: തിരുവനന്തപുരത്തെ കടുത്ത കുടിവെള്ള ക്ഷാമത്തിന് ശാശ്വത പരിഹാരം കാണുന്നതിനും മഴക്കാലത്തെ വെള്ളക്കെട്ടും പകർച്ചവ്യാധികളും പ്രതിരോധിക്കുന്നതിനുമായി സെക്രട്ടേറിയറ്റിൽ അടിയന്തര ഉന്നതതല യോഗം ചേർന്നു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്, ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ, ഗതാഗത വകുപ്പ് മന്ത്രി സി. പി. ജോൺ എന്നിവരുടെ സംയുക്ത നേതൃത്വത്തിലാണ് വകുപ്പ് മേധാവികളുടെ യോഗം വിളിച്ചുചേർത്തത്. തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി. വി. രാജേഷ്, ജില്ലാ കലക്ടർ അനുകുമാരി എന്നിവരും യോഗത്തിൽ പങ്കെടുക്കും.

നഗരത്തിലെ ജലലഭ്യത കുറവുള്ള പ്രദേശങ്ങളിൽ വാട്ടർ അതോറിറ്റിയും കോർപ്പറേഷനും സംയുക്തമായി ടാങ്കറുകളിൽ വെള്ളമെത്തിക്കും. ജലവിതരണ സമയം ജനപ്രതിനിധികൾ വഴിയും മാധ്യമങ്ങൾ വഴിയും മുൻകൂട്ടി അറിയിക്കും. പൈപ്പ് ലൈനുകളിലെ ലീക്കേജ് അടിയന്തരമായി പരിഹരിച്ച് കുടിവെള്ള നഷ്ടം പൂർണ്ണമായി ഒഴിവാക്കാൻ വാട്ടർ അതോറിറ്റിക്ക് നിർദ്ദേശം നൽകി. കഴക്കൂട്ടം ഉൾപ്പെടെയുള്ള ടെക്നോപാർക്ക് പ്രദേശങ്ങളിൽ ഐടി കമ്പനികളുമായി സഹകരിച്ച് പ്രത്യേക ജലസേചന പദ്ധതിയും മഴവെള്ള ശേഖരണ സംവിധാനങ്ങളും ആരംഭിക്കും. പേപ്പാറ ഡാമിന്റെ സംഭരണശേഷി പരമാവധി പ്രയോജനപ്പെടുത്താനും തീരുമാനമായി.

നഗരത്തിലെ പ്രധാന പ്രശ്നമായ വെള്ളക്കെട്ട് ഒഴിവാക്കാൻ ദേശീയപാത അതോറിറ്റിക്കും തദ്ദേശ സ്ഥാപനങ്ങൾക്കും കർശന നിർദ്ദേശം നൽകി. വിവിധ വകുപ്പുകളുടെ കീഴിലുള്ള ഓടകളും ചാലുകളും സമയബന്ധിതമായി വൃത്തിയാക്കും. ആമയിഴഞ്ചാൻ തോടിന്റെ സുഗമമായ ഒഴുക്കിനായി പ്രത്യേക കർമ്മ പദ്ധതി നടപ്പാക്കാനും പാർവതി പുത്തനാറിൽ ആഴ്ചയിൽ രണ്ട് തവണ ഉദ്യോഗസ്ഥതല പരിശോധന നടത്താനും യോഗം തീരുമാനിച്ചു. കടലാക്രമണം രൂക്ഷമായ പൊഴിയൂർ, ബീമാപള്ളി മേഖലകളിലെ തീരശോഷണം തടയാൻ അടിയന്തര പ്രതിരോധ നടപടികൾ സ്വീകരിക്കും. ഇതിന്റെ ഭാഗമായി ഈ തീരപ്രദേശങ്ങളിൽ താൽക്കാലിക പ്രതിരോധ മതിലായി ജിയോബാഗുകൾ നിക്ഷേപിക്കാൻ അനുമതി നൽകി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more