മഴവിൽ സംഗീതം ‘മെഗാ മ്യൂസിക് & ഡാൻസ് ഫെസ്റ്റ്’ ജൂൺ 13ന് ബോൺമൗത്തിൽ; പ്രവേശനം സൗജന്യം
Jun 04, 2026
അപ്പച്ചൻ കണ്ണഞ്ചിറ
ബോൺമൗത്ത്: യുകെയിലെ മലയാളി കലാസ്വാദകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന മഴവിൽ സംഗീതം ‘മെഗാ മ്യൂസിക് & ഡാൻസ് ഫെസ്റ്റ്’ ജൂൺ 13ന് ബോൺമൗത്തിൽ അരങ്ങേറും. മഴവിൽ സംഗീതത്തിന്റെ പതിമൂന്നാം വാർഷികാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഈ ‘മെഗാ ഇവന്റ്’ സംഗീതത്തിന്റെയും നൃത്തത്തിന്റെയും വർണാഭമായ ആഘോഷവേദിയാകും. കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ കലാകാരെ അണിനിരത്തി സംഗീത-നൃത്ത പരിപാടികൾ അവതരിപ്പിച്ച് ശ്രദ്ധേയമായ സാംസ്കാരിക സാന്നിധ്യമായി മാറിയിരിക്കുകയാണ് മഴവിൽ സംഗീതം. കലാസ്നേഹികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്ന ഈ വേദി ഇത്തവണയും കൂടുതൽ ഭംഗിയോടും പുതുമകളോടും കൂടിയാണ് ഒരുങ്ങുന്നത്.
പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ സന്തോഷ് നമ്പ്യാർ നയിക്കുന്ന ‘വോക്സ് ആൻജെല’ ടീമിന്റെ ഗാനമേളയാണ് ഇത്തവണത്തെ പ്രധാന ആകർഷണം. മലയാളം, തമിഴ്, ഹിന്ദി ഗാനങ്ങളുടെ മധുരസമ്മിശ്രണത്തിൽ ഒരുക്കുന്ന സംഗീതവിരുന്ന് പ്രേക്ഷകർക്ക് വേറിട്ട അനുഭവമാകും സമ്മാനിക്കുക. അതോടൊപ്പം യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖ ഡാൻസ് ഗ്രൂപ്പുകളുടെ നിറപ്പകിട്ടാർന്ന നൃത്താവിഷ്കാരങ്ങളും പരിപാടിയുടെ മാറ്റുകൂട്ടും. യുകെയിലെ പ്രമുഖ ഇൻഷുറൻസ് ഏജൻസിയായ ലൈഫ് ലൈൻ പ്രൊട്ടക്ട് ടൈറ്റിൽ സ്പോൺസറാകുന്ന ഈ മെഗാ ഇവന്റിൽ വിവിധ കമ്മ്യൂണിറ്റികളിൽ നിന്നുള്ള കലാകാരന്മാരും കലാസംഘങ്ങളും പങ്കെടുക്കും. വ്യത്യസ്ത സംസ്കാരങ്ങളുടെയും കലാരൂപങ്ങളുടെയും സംഗമത്തിലൂടെ വൈവിധ്യവും ഐക്യവും ആഘോഷിക്കുന്ന ഒരു സാംസ്കാരിക വിരുന്നായിരിക്കും ഈ പരിപാടിയെന്ന് സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ തനതായ രുചികൾ ആസ്വദിക്കാൻ മട്ടാഞ്ചേരി കാറ്ററേഴ്സ് ഒരുക്കുന്ന ഫുഡ് സ്റ്റാളും പരിപാടിയുടെ മറ്റൊരു പ്രധാന ആകർഷണമായിരിക്കും. മിതമായ നിരക്കിൽ വിവിധ കേരളീയ വിഭവങ്ങൾ ഇവിടെ ലഭ്യമാകും. ജൂൺ 13 ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് പരിപാടി ആരംഭിക്കും. കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം സംഗീതവും നൃത്തവും രുചിവിരുന്നും ആസ്വദിക്കാനുള്ള ഈ അപൂർവ അവസരത്തിലേക്ക് എല്ലാ കലാസ്നേഹികളെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി മുഖ്യ കോർഡിനേറ്റർ അനീഷ് ജോർജ് അറിയിച്ചു. പ്രവേശനം പൂർണ്ണമായും സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് Aneesh George: 07915 061105 Shinu Cyriac: 07888 659644
പൂരാവേശത്തിൽ നാടൊരുങ്ങുമ്പോൾ യുക്മ തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി സീസൺ 2വിന് മാറ്റുരയ്ക്കാൻ യോഗ്യരായി പന്ത്രണ്ടുപേർ; ആദ്യ നാല് മത്സരാർത്ഥികളെ പരിചയപ്പെടാം (ഭാഗം _ ഒന്ന്) /
click on malayalam character to switch languages