1 GBP = 129.48
breaking news

വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? സ്വർണത്തില്‍ പ്രധാനമന്ത്രി വരെ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?

വിവാഹത്തിനും സ്വർണം വാങ്ങാന്‍ പാടില്ലേ? സ്വർണത്തില്‍ പ്രധാനമന്ത്രി വരെ ആശങ്കപ്പെടുന്നത് എന്തുകൊണ്ട്?

ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സ്വര്‍ണം ആഭരണവും നിക്ഷേപവും മാത്രമല്ല, സാംസ്‌കാരികമായും അതിന് പ്രത്യേക പ്രാധാന്യമുണ്ട്. ഏപ്രില്‍, മേയ് മാസങ്ങളിലാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിവാഹങ്ങള്‍ നടക്കുന്നത്. സ്വര്‍ണത്തിന് ഇക്കാലയളവില്‍ ഡിമാന്‍ഡ് കൂടാറുമുണ്ട്. അതിനിടെയാണ് ഒരു വര്‍ഷത്തേക്ക് സ്വര്‍ണം വാങ്ങരുതെന്ന നിര്‍ദേശം പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവെച്ചത്. ആദ്യമായാണ് സര്‍ക്കാര്‍ തലത്തില്‍ ഇങ്ങനെയൊരു നിര്‍ദേശം വരുന്നതെന്നത് ശ്രദ്ധേയമാണ്. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സ്വര്‍ണം വാങ്ങുന്നതിനെ നിരുത്സാഹപ്പെടുത്തുന്നതെന്ന് പരിശോധിക്കാം.

ലോകത്തിലെ രണ്ടാമത്തെ വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമാണ് ഇന്ത്യ. സ്വര്‍ണം വാങ്ങുന്നത് ഇന്ത്യയുടെ വിദേശനാണ്യ ശേഖരത്തെ നേരിട്ട് ബാധിക്കുന്നുണ്ട്. ഡോളര്‍ രാജ്യത്തിനു പുറത്തേക്ക് ഒഴുകുമ്പോള്‍ അത് രൂപയുടെ മൂല്യം ഇടിയുന്നതിന് കാരണമാകുന്നു. ഇത് രാജ്യത്ത് പണപ്പെരുപ്പ നിരക്കുയരാനും നിത്യോപയോഗ സാധനങ്ങള്‍ക്ക് ഉള്‍പ്പെടെ വിലക്കയറ്റം അനുഭവപ്പെടാനും കാരണമാകും

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയിലിന് വില കുത്തനെ ഉയര്‍ന്നിരിക്കുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി ചെലവു ചുരുക്കല്‍ നിര്‍ദേശങ്ങളുമായി രംഗത്തെത്തിയത്. ഹോര്‍മുസ് കടലിടുക്കിലെ പ്രതിസന്ധി ആഗോള സമ്പദ് വ്യവസ്ഥയെ ഒന്നാകെ ബാധിച്ചിട്ടുണ്ട്. ക്രൂഡ് ഓയിലിന്റെ വില ഏതാനും ആഴ്ചകള്‍ക്കിടെ ബാരലിന് 70 ഡോളറില്‍നിന്ന് 126 ഡോളറിലേക്ക് ഉയര്‍ന്നിട്ടുണ്ട്. രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില കൂട്ടാതെ, ഉപയോഗം നിയന്ത്രിക്കാനാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.

പ്രതിസന്ധി ഘട്ടത്തിലും ഇന്ത്യയിലേക്ക് സ്വര്‍ണം ഇറക്കുമതി ചെയ്യുന്നത് തുടര്‍ന്നാല്‍, അത് വ്യാപാരക്കമ്മിക്ക് കാരണമായേക്കാമെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി കുറയ്ക്കാനായി മുമ്പും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിരുന്നു. സ്വര്‍ണത്തിന്റെ ഇറക്കുമതി തീരുവ ഉയര്‍ത്തുക, സോവെറിന്‍ ഗോള്‍ഡ് ബോണ്ട് പ്രോത്സാഹിപ്പിക്കുക തുടങ്ങിയ നടപടികളാണ് മുമ്പ് സ്വീകരിച്ചിരുന്നത്. എണ്ണവില ഉയര്‍ന്നതിനു പിന്നാലെ കഴിഞ്ഞ ദിവസങ്ങളില്‍ രൂപ റെക്കോഡ് ഇടിവ് രേഖപ്പെടുത്തിയിരുന്നു.

രൂപയുടെ മൂല്യം ഇനിയും ഇടിഞ്ഞാല്‍ അത് പണപ്പെരുപ്പത്തിനും വിലക്കയറ്റത്തിനും കാരണമാകും. സ്വര്‍ണം വാങ്ങുന്നത് കുറച്ചുപേര്‍ മാത്രം നീട്ടിവെച്ചാല്‍ തീരുന്ന പ്രശ്‌നമല്ല ഇത്. എന്നാല്‍ രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കള്‍ വിചാരിച്ചാല്‍ വിപണിയില്‍ അതിന്റെ പ്രതിഫലനമുണ്ടാകും. സ്വര്‍ണത്തിനു പുറമെ, ഇന്ധന ഉപയോഗം കുറയ്ക്കാനായി ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂട്ടണമെന്നും വര്‍ക്ക് ഫ്രം ഹോം സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്ക്കുന്നത് രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ജനങ്ങളുടെ ആരോഗ്യത്തിനും ഗുണകരമാണെന്ന് മോദി ചൂണ്ടിക്കാട്ടി. കര്‍ഷകര്‍ രാസവളങ്ങളുടെ ഉപയോഗം 50 ശതമാനമായി കുറയ്ക്കണമെന്നും ഡീസല്‍ പമ്പുകള്‍ക്ക് പകരം സൗരോര്‍ജത്തിലേക്ക് മാറണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ആഗോള വിതരണ ശൃംഖലയിലുമുണ്ടായ തടസ്സങ്ങളും വിലക്കയറ്റവും നേരിടാന്‍ രാജ്യത്തിന് ജനങ്ങളുടെ കൂട്ടായ പങ്കാളിത്തം ആവശ്യമാണെന്നും ഇതിനായി എല്ലാവരും സഹകരിക്കണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more