ലണ്ടൻ: കേരള സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന്റെ ആഹ്ളാദവും നിരാശയും യുകെ മലയാളികളെത്തേടിയെത്തുമ്പോൾ തന്നെ ബ്രിട്ടനിലും പ്രാദേശിക കൗൺസിൽ തിരഞ്ഞെടുപ്പ് ചൂട് കനക്കുകയാണ്. വരുന്ന വ്യാഴാഴ്ച്ച പോളിംഗ് ബൂത്തുകളിലെത്തുന്ന സമ്മതിദായകരെ കാത്തിരിക്കുന്ന ബാലറ്റ് പേപ്പറുകളിൽ മലയാളികളുടെ പേരുകളും. നിലവിൽ ഏകദേശം ഇരുപത്തിഞ്ചിലേറെ മലയാളികളാണ് ബ്രിട്ടനിലാകമാനം മത്സരരംഗത്തുള്ളത്.
പ്രധാനകക്ഷികളായ ലേബറിനും കൺസർവേറ്റിവ് പാർട്ടിക്കും ഏറ്റവുമധികം മലയാളി സ്ഥാനാർത്ഥികളും പ്രവർത്തകരുമുള്ളപ്പോൾ തന്നെ വെല്ലുവിളിയുയർത്തി റിഫോം യുകെക്ക് പിന്നാലെയും മലയാളികളുണ്ട്. മലയാളി സ്ഥാനാർഥികളിൽ ചിലരെ പരിചയപ്പെടാം.
ജൂണ സത്യൻ
ഇത്തവണ മത്സരരംഗത്തുള്ളതിൽ ഏറെ ശ്രദ്ധേയമാകുന്ന മത്സരമാണ് ന്യൂകാസിലിൽ. ക്യാബിനറ്റ് മെമ്പര്‍ എന്ന പദവിയില്‍ ന്യുകാസില്‍ കൗണ്‍സിലില്‍ ഏറ്റവും അധികം തിളങ്ങിയ വ്യക്തി കൂടിയാണ് ജൂണ. പ്രദേശത്തെ മലയാളികള്‍ക്ക് തുണയായി ഇന്ത്യന്‍ എംബസിയുടെ കോണ്‍സുലേറ്റില്‍ നിര്‍ണായക ഇടപെടലുകള്‍ നടത്തിയ ജൂണയെ തേടി യുകെയുടെ ഏതു ഭാഗത്തു നിന്നും മലയാളികള്‍ ബന്ധപെട്ടു തുടങ്ങിയതും അവരുടെ പ്രവര്‍ത്തന മികവ് തിരിച്ചറിഞ്ഞു തന്നെയാണ്. വാസ്തവത്തില്‍ യുകെ മലയാളി സമൂഹത്തിനു മുതല്‍ക്കൂട്ടായി മാറുകയാണ് ജൂണയുടെ രാഷ്ട്രീയ സാന്നിധ്യം. ഇന്ത്യന്‍ വംശജയായ ആദ്യ കൗണ്‍സിലറായി ന്യുകാസില്‍ കൗണ്‍സില്‍ തിരഞ്ഞെടുക്കപ്പെട്ട റെക്കോര്‍ഡും ജൂണയുടെ പേരിനൊപ്പം എന്നുമുണ്ടാകും. അക്കാദമിക് മേഖലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജൂണ സത്യനെ യുക്മ ദേശീയ കലാമേള വേദിയിൽ ആദരിച്ചിരുന്നു.
ദീപേഷ് സ്കറിയ
കൊവെൻട്രിയിലെ ഹെന്‍ലി വാര്‍ഡില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കൂടുതല്‍ വോട്ടുകള്‍ കണ്ടെത്തുകയാണ് ദീപേഷ് സ്കറിയയെ പാർട്ടി ഏല്പിച്ചിരിക്കുന്നു ദൗത്യം. കഴിഞ്ഞ തവണയും ദീപേഷിന്റെ പേര് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി പരിഗണിച്ചിരുന്നെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമാകുന്നതാണ് തനിക്കിഷ്ടം എന്ന് പാര്‍ട്ടിയെ അറിയിച്ചാണ് ഇദ്ദേഹം പിന്‍വാങ്ങിയത്. എന്നാല്‍ ഇത്തവണ ലേബറില്‍ നിന്നും റീഫോമിലേക്ക് ഒഴുകുന്ന വോട്ടുകള്‍ കണക്കിലെടുത്തു മത്സരത്തിന് ഇറങ്ങണം എന്ന് പാര്‍ട്ടി നിര്‍ദേശിക്കുക ആയിരുന്നു. നിരവധി മലയാളികൾ ദീപേഷിന് പിന്തുണയുമായി വാർഡിൽ പ്രചാരണത്തിന് ഉള്ളപ്പോൾ സീറ്റ് പിടിച്ചെടുക്കാൻ കഴിയുമെന്ന പ്രതീക്ഷയാണ് കൺസർവേറ്റിവ് പാർട്ടി നേതൃത്വത്തിന്.
അജി കെ ജോര്‍ജ്
ബ്രോംലിയില്‍ ലേബര്‍ പാര്‍ട്ടിക്ക് വേണ്ടി മത്സരത്തിന് ഇറങ്ങുകയാണ് മലയാളിയായ അജി കെ ജോര്‍ജ്. ലണ്ടന്‍ ബറോയിലെ കണ്‍സര്‍വേറ്റീവ് ശക്തി കേന്ദ്രമാണ് ബ്രോംലി. അതുകൊണ്ട് തന്നെ കടുത്ത മത്സരമാകും നേരിടേണ്ടി വരിക. കൊട്ടാരക്കര സ്വദേശിയായ അജി ജോര്‍ജ്, പ്രമുഖ ഓയില്‍ & ഗ്യാസ് കമ്പനിയില്‍ എഞ്ചിനീയറായി ജോലി ചെയ്യുകയാണ്. പൂനെ, ബാംഗ്ലൂര്‍, ഗള്‍ഫ് മേഖലകള്‍ ജോലി ചെയ്തിട്ടുള്ള അജി വിദ്യാഭ്യാസകാലത്ത് തന്നെ രാഷ്ട്രീയത്തില്‍ സജീവമായിരുന്നു.
ജെയ്സണ്‍ തോമസ്
റിഫോം യുകെയ്ക്ക് വേണ്ടി സീറ്റ് പിടിക്കാൻ വിദ്യാർത്ഥിയായ ജെയ്സൺ തോമസ്. കുടിയേറ്റത്തിനെതിരെ ശക്തമായ നിലപാടുകൾ കൈക്കൊള്ളുന്ന റിഫോം യുകെയ്ക്ക് വേണ്ടി പ്രവാസി മലയാളികളും രംഗത്തിറങ്ങുന്നത് കൗതുകമുണർത്തുന്ന കാഴ്ചയാണ്. ലണ്ടന്‍ ബറോവിലെ വാല്‍തം ഫോറെസ്റ്റില്‍ നൂറുകണക്കിന് മലയാളികള്‍ താമസിക്കുന്നിടത്താണ് ഇത്തരത്തില്‍ യുവ സാന്നിധ്യമായി മലയാളിയായ ജെയ്സണ്‍ വോട്ട് തേടി ഇറങ്ങുന്നത്. നേര്യമംഗലത്തെ രാഷ്ട്രീയ-സാമൂഹിക മേഖലകളില്‍ 25 വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ജയ്സണ്‍, പ്രവാസി സമൂഹത്തിന്റെ ശബ്ദമാകാനും പ്രാദേശിക വികസനത്തില്‍ പങ്കാളിയാകാനുമാണ് താന്‍ ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി.
സുനില്‍ ഇടിക്കുള, അനീഷ് സാമുവല്‍ ,ബിജോയ് ജോണ്സണ്
ലണ്ടനിലെ ഡയഗ്നം ആൻഡ് ബാർക്കിങ് കൗൺസിലിൽ ഇത്തവണ റിഫോം യുകെയ്ക്ക് വേണ്ടി കളത്തിലിറങ്ങുന്നത് മൂന്നുപേർ. നിലവില്‍ ലേബര്‍ പാര്‍ട്ടിക്ക് വന്‍ ഭൂരിപക്ഷമുള്ള സ്ഥലമാണ് റിഫോമിലേക്ക് തിരിയുന്നത്. അടുത്തകാലത്ത് റിഫോം പാര്‍ട്ടി ഉയര്‍ത്തിയ വിഷയങ്ങളോട് ജനങ്ങള്‍ എങ്ങനെ പ്രതികരിക്കുന്നുവെന്നതിന്റെ സൂചനയാണ് ഈ പ്രവചനഫലം നല്‍കുന്നത്.സുനില്‍ ഇടിക്കുള, അനീഷ് സാമുവല്‍ ,ബിജോയ് ജോണ്സണ് എന്നിവര്‍ ആണ് റീഫോം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി മത്സരിക്കുന്നത്. അനധികൃത കുടിയേറ്റവും അനുബന്ധ പ്രശ്നങ്ങളും തന്നെയാണ് മൂവരും ഉയർത്തിക്കാണിക്കുന്ന വിഷയങ്ങൾ.
click on malayalam character to switch languages