ബർമിംഗ്ഹാമിൽ മലയാളത്തിന്റെ പുതുവെളിച്ചം; സെൻറ് സ്റ്റീഫൻസ് മലയാളം സ്കൂളിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും ശ്രദ്ധേയമായി.
Apr 12, 2026
ജോർജ് മാത്യു
ബർമിംഗ്ഹാം: സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ചിന്റെ നേതൃത്വത്തിൽ ബർമിംഗ്ഹാമിൽ ആരംഭിച്ച ‘സെൻറ് സ്റ്റീഫൻസ് മലയാളം’ സ്കൂളിന്റെ ഉദ്ഘാടനവും പ്രവേശനോത്സവവും വർണ്ണാഭമായ ചടങ്ങുകളോടെ ശ്രദ്ധേയമായി. ഭാഷയും സംസ്കാരവും കൈമാറുന്ന ഈ മഹത്തായ സംരംഭം ഏവർക്കും മാതൃകയായി മാറി. മലയാളത്തിന്റെ ആദ്യാക്ഷരം കുറിക്കാനായി അറുപതിലധികം കുട്ടികൾ ആവേശത്തോടെ രജിസ്റ്റർ ചെയ്തെത്തിയത് ചടങ്ങിന്റെ പ്രത്യേക ആകർഷണമായി.
മാതാപിതാക്കളും അധ്യാപകരും കുട്ടികളും പങ്കെടുത്ത സദസ്സിനെ സാക്ഷിയാക്കി, മലയാളം മിഷൻ യു.കെ ചാപ്റ്റർ പ്രസിഡന്റും ലോക കേരളസഭാംഗവുമായ ശ്രീ സി. എ. ജോസഫ് മലയാളം സ്കൂളിന്റെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. സെൻറ് സ്റ്റീഫൻസ് ഇന്ത്യൻ ഓർത്തോഡോക്സ് ചർച്ച് വികാരി റവ. ഫാ. ബിനോയ് സി. ജോഷ്വാ അധ്യക്ഷത വഹിച്ചു. മുൻ വികാരിയും ഇടവകാംഗവുമായ റവ. ഫാ. വർഗീസ് ജോൺ, മലയാളം മിഷൻ യു.കെ മിഡ്ലാൻഡ്സ് റീജിയണൽ കോർഡിനേറ്റർ ശ്രീ ആഷിക് മുഹമ്മദ് നാസർ എന്നിവർ ആശംസകൾ നേർന്നു.
മലയാളം മിഷൻ യു.കെ ചാപ്റ്റർ സെക്രട്ടറി ശ്രീ എബ്രഹാം കുര്യൻ സ്വാഗതം ആശംസിക്കുകയും, ചർച്ച് യൂത്ത് വിഭാഗം പ്രതിനിധി ശ്രീ ഡാനിയേൽ ഷാജി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ആത്മീയ പ്രവർത്തനങ്ങളോടൊപ്പം മലയാളഭാഷയും കേരളത്തിന്റെ സമ്പന്നമായ സംസ്കാരവും പുതുതലമുറയിലേക്ക് കൈമാറാനുള്ള ഈ മാതൃകാപരമായ സംരംഭത്തിന് നേതൃത്വം നൽകിയ വികാരി റവ. ഫാ. ബിനോയ് സി. ജോഷ്വായെയും, ചർച്ച് ട്രസ്റ്റിമാരെയും, കമ്മറ്റി അംഗങ്ങളെയും, അധ്യാപകരെയും, മാതാപിതാക്കളെയും ശ്രീ സി. എ. ജോസഫ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പ്രത്യേകമായി അഭിനന്ദിച്ചു.
കളിയും ചിരിയും ചേർത്ത് ശ്രീ എബ്രഹാം കുര്യൻ നയിച്ച ആദ്യ ക്ലാസ് കുട്ടികൾക്ക് മാത്രമല്ല, മാതാപിതാക്കളും അധ്യാപകരും ഉൾപ്പെടെ എല്ലാവർക്കും പുതുമയാർന്ന അനുഭവമായി മാറി.
മലയാളം മിഷൻ യു.കെ ചാപ്റ്ററിന്റെ സഹകരണത്തോടെ ആരംഭിച്ച ‘സെൻറ് സ്റ്റീഫൻസ് മലയാളം’ സ്കൂളിന്റെ പ്രവർത്തനങ്ങൾ കുട്ടികളിൽ ഭാഷാസ്നേഹവും സാംസ്കാരിക അഭിമാനവും വളർത്തട്ടെയെന്നും, എല്ലാ കുട്ടികളും ഈ അവസരം പ്രയോജനപ്പെടുത്താൻ മാതാപിതാക്കളുടെ പൂർണ്ണ പിന്തുണ ഉണ്ടാകണമെന്നും മലയാളം മിഷൻ യുകെ ചാപ്റ്റർ പ്രസിഡന്റ് സി. എ. ജോസഫും, സെക്രട്ടറി എബ്രഹാം കുര്യനും, റീജിയണൽ കോർഡിനേറ്റർ ആഷിക് മുഹമ്മദ് നാസറും അഭ്യർത്ഥിച്ചു. മധുര വിതരണത്തോടെ പ്രവേശനോത്സവത്തിന് സമാപനം കുറിച്ചു.
പുതിയ യു.കെ ഇമിഗ്രേഷന്‍ നിയമങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ നീക്കാന്‍ സുവര്‍ണാവസരം: പ്രമുഖ ഇമിഗ്രേഷന്‍ സോളിസിറ്റര്‍ നയിക്കുന്ന പ്രത്യേക സെഷന് യു.എന്‍.എഫ് ദേശീയ കോണ്ഫ്രന്സില് നിര്‍ണ്ണായകമായ സെഷനാകും /
click on malayalam character to switch languages