1 GBP = 126.71

രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍ സ്വര്‍ണം! ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ വില്‍പ്പനക്കാരായി തുര്‍ക്കി

രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍ സ്വര്‍ണം! ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ വില്‍പ്പനക്കാരായി തുര്‍ക്കി

തുര്‍ക്കി സെന്‍ട്രല്‍ ബാങ്ക് വെറും രണ്ടാഴ്ചയ്ക്കുള്ളില്‍ ഏകദേശം 67,000 കോടി രൂപ വിലമതിക്കുന്ന 58 ടണ്‍ സ്വര്‍ണം വിറ്റഴിച്ച വാര്‍ത്ത വലിയ സാമ്പത്തിക ചര്‍ച്ചകള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്. 2026 മാര്‍ച്ചിലെ കണക്കുകള്‍ പ്രകാരം, തുര്‍ക്കി തങ്ങളുടെ സ്വര്‍ണ ശേഖരത്തില്‍നിന്ന് വലിയൊരു ഭാഗം വിറ്റഴിച്ചു. മാര്‍ച്ച് 13ന് അവസാനിച്ച ആഴ്ചയില്‍ ആറ് ടണ്ണും, മാര്‍ച്ച് 20ന് അവസാനിച്ച ആഴ്ചയില്‍ 52 ടണ്ണും സ്വര്‍ണം വിറ്റു. ഇതോടെ തുര്‍ക്കിയുടെ സ്വര്‍ണ ശേഖരം 513 ടണ്ണായി കുറഞ്ഞു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ ഇടിവാണിത്.

ഫെബ്രുവരിയില്‍ തുടങ്ങിയ ഇറാന്‍ യുദ്ധം തുര്‍ക്കിയെ സാമ്പത്തികമായി വലിയ പ്രതിസന്ധിയിലാക്കി. യുദ്ധം കാരണം എണ്ണയുടെയും പ്രകൃതി വാതകത്തിന്റെയും വില കുതിച്ചുയര്‍ന്നു. തുര്‍ക്കി അവരുടെ ഇന്ധന ആവശ്യങ്ങള്‍ക്കായി മറ്റ് രാജ്യങ്ങളെയാണ് പ്രധാനമായും ആശ്രയിക്കുന്നത്. ഈ ഇന്ധനം വാങ്ങാന്‍ വലിയ തുക ഡോളറില്‍ നല്‍കേണ്ടി വന്നതാണ് സ്വര്‍ണം വില്‍ക്കാന്‍ പ്രേരിപ്പിച്ചത്.

തുര്‍ക്കിയുടെ ഔദ്യോഗിക കറന്‍സിയായ ലിറയുടെ മൂല്യം ഡോളറിനെതിരെ വലിയ തകര്‍ച്ച നേരിടുന്നുണ്ടായിരുന്നു. ഇത് തടയാന്‍ വിപണിയില്‍ ഡോളര്‍ എത്തിക്കേണ്ടതുണ്ട്. കൈവശമുള്ള സ്വര്‍ണം വിറ്റ് ഡോളര്‍ ശേഖരിച്ച്, അതുപയോഗിച്ച് സ്വന്തം കറന്‍സിയെ സംരക്ഷിക്കാനാണ് സെന്‍ട്രല്‍ ബാങ്ക് ശ്രമിക്കുന്നത്. യുദ്ധം കാരണം വിദേശ നിക്ഷേപകര്‍ പണം പിന്‍വലിക്കുന്നതും ഡോളറിന് ആവശ്യം കൂടുന്നതും വലിയ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കി. പെട്ടെന്ന് പണം ആവശ്യമായി വന്നപ്പോള്‍, ഏറ്റവും വിശ്വസനീയമായ സമ്പാദ്യമായ സ്വര്‍ണം തുര്‍ക്കിക്ക് തുണയായി.

ലോകത്ത് സ്വര്‍ണം ഏറ്റവും കൂടുതല്‍ വാങ്ങിക്കൂട്ടിയിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു തുര്‍ക്കി. അവര്‍ തന്നെ ഇപ്പോള്‍ വലിയ തോതില്‍ സ്വര്‍ണം വില്‍ക്കാന്‍ തുടങ്ങിയത് ആഗോള വിപണിയില്‍ സ്വര്‍ണവിലയില്‍ ചെറിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കാരണമായിട്ടുണ്ട്. സ്വര്‍ണ ശേഖരം കുറയുന്നത് ഒരു രാജ്യത്തിന്റെ സാമ്പത്തിക കരുത്ത് കുറയുന്നതിന്റെ അടയാളമായി ചിലര്‍ കാണുന്നു. എന്നാല്‍ നിലവിലെ അടിയന്തര സാഹചര്യം നേരിടാന്‍ ഇത് അനിവാര്യമാണെന്നാണ് തുര്‍ക്കിയുടെ നിലപാട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more