1 GBP = 126.74
breaking news

ചർച്ചകളെ മുൾമുനയിലാക്കി അമേരിക്കയുടെ കരസേന വിന്യാസം

ചർച്ചകളെ മുൾമുനയിലാക്കി അമേരിക്കയുടെ കരസേന വിന്യാസം

ദുബൈ: ജി.സി.സി രാജ്യങ്ങൾ കൂടി ആക്രമണമുനയിലുള്ള യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന്റെ മധ്യസ്ഥതയിൽ ആരംഭിച്ച ചർച്ചകളെ മുൾമുനയിലാക്കി അമേരിക്കയുടെ കരസേന വിന്യാസം. യു.എസിനും ഇറാനുമിടയിൽ സമാധാനം പുലർന്ന് ഹുർമുസ് വഴി ചരക്കുകടത്ത് പഴയപടിയാകാനുള്ള കാത്തിരിപ്പ് വീണ്ടും നീട്ടിയാണ് കഴിഞ്ഞ ദിവസം യു.എസിന്റെ കരസേന ഇറങ്ങിയത്. തുർക്കിയ, ഈജിപ്ത്, സൗദി അറേബ്യ രാജ്യങ്ങളാണ് മധ്യസ്ഥ നീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. ആതിഥേയരായി പാകിസ്താനും. ചർച്ചയാകാമെന്ന് ഇറാൻ സമ്മതിച്ചതിന് തൊട്ടുപിറകെ സൈനിക വിന്യാസ വാർത്തയെത്തുന്നത് ചർച്ചകളെ നിഷ്ഫലമാക്കാൻ സാധ്യത കൂടുതലാണ്. യു.എസിൽ നേരത്തെ വിശ്വാസം നഷ്ടപ്പെട്ട ഇറാനെ പിന്നെയും അകറ്റുന്നതാകും പുതിയ നീക്കം.

ഒത്തുതീർപ്പിന്റെ വഴികൾ തെളിയുന്നുവെന്ന് സൂചന വരുമ്പോഴേക്ക് ഇസ്രായേൽ അവ ഇല്ലാതാക്കാൻ ഇറങ്ങുന്നുവെന്ന് പാകിസ്താനും കരുതുന്നു. വെള്ളിയാഴ്ചയാണ് ഇസ്രായേൽ ഇറാനിലെ രണ്ട് ഉരുക്കുനിർമാണശാലകൾ ആക്രമിച്ചത്. രണ്ട് പ്രമുഖ യൂനിവേഴ്സിറ്റികളും ഇസ്രായേൽ തകർത്തു. കൂടെ രാജ്യത്തെ ആണവോർജ കേന്ദ്രങ്ങളിലും ബോംബിട്ടു. സിവിലിയൻ കേന്ദ്രങ്ങൾ ആക്രമിക്കില്ലെന്ന് ട്രംപിന്റെ ഉറപ്പുവന്നതിനു പിന്നാലെയായിരുന്നു ഈ ആക്രമണങ്ങൾ. ഇവയത്രയും ബോധപൂർവമാണെന്നും ചർച്ച വഴിതെറ്റിക്കാനാണെന്നും പാക് ഉദ്യോഗസ്ഥർ കുറ്റപ്പെടുത്തുന്നു. ഭാവിയിൽ രാജ്യം ആക്രമിക്കപ്പെടില്ലെന്ന ഉറപ്പ് ആകണം വെടിനിർത്തലിലെ ഒന്നാം ഉപാധിയെന്ന് ഇറാൻ മുന്നോട്ടുവെക്കുന്നു. ഹുർമുസിനു മേൽ നിയന്ത്രണം നിലനിർത്താനും രാജ്യം ആഗ്രഹിക്കുന്നു. ഇത് രണ്ടും ഉറപ്പുനൽകാൻ അമേരിക്കക്കാവില്ലെന്നുറപ്പ്. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ ഇത് കഴിഞ്ഞ ദിവസവും ആവർത്തിച്ചിട്ടുണ്ട്.

നിലവിൽ ഇരുവിഭാഗത്തിന്റെയും നിർദേശങ്ങൾ കൈമാറുക മാത്രമാണ് ഒന്നാം ഘട്ടത്തിൽ പൂർത്തിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം പാക് പ്രധാനമന്ത്രി ശഹ്ബാസ് ശരീഫ് ഇറാൻ പ്രസിഡന്റ് പെസഷ്‍കിയാനെ ദീർഘമായി ഫോണിൽ വിളിച്ച് വിഷയങ്ങൾ സംസാരിച്ചിരുന്നു. നിലവിൽ അമേരിക്കയുടെയും ഇറാന്റെയും പ്രതിനിധികൾ തമ്മിൽ നേരിട്ടുള്ള സംഭാഷണം നടക്കുന്നില്ല. പകരം, പാകിസ്താൻ മധ്യസ്ഥനായി നിന്ന് പരോക്ഷ ചർച്ചകളാണ് നടക്കുന്നത്. ഒരുവർഷത്തിനിടെ രണ്ടുവട്ടം ചർച്ചകൾക്കിടെ ഇറാനിൽ ബോംബിട്ട രാജ്യമാണ് യു.എസ്. മാത്രവുമല്ല, നിലവിൽ പശ്ചിമേഷ്യയിലുള്ള 7,000 കരസൈനികർക്ക് പുറമെ 10,000 പേരെ കൂടി മേഖലയിലെത്തിക്കാൻ പെന്റഗൺ ലക്ഷ്യമിടുന്നുണ്ടെന്ന് വാൾ സ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. ഇതിനിടെ, എന്തു ചർച്ചയാണ് നടക്കാൻ പോകുന്നതെന്ന തമാശക്കാണ് ലോകം സാക്ഷിയാകുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more