1 GBP = 126.74
breaking news

ലണ്ടനിലെ വംശീയവിരുദ്ധ റാലിയിൽ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷന്‍റെ (GB) സജീവ സാന്നിധ്യം

ലണ്ടനിലെ വംശീയവിരുദ്ധ റാലിയിൽ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷന്‍റെ (GB) സജീവ സാന്നിധ്യം

ലണ്ടൻ : ഐക്യരാഷ്ട്രസഭയുടെ വംശീയവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ലണ്ടൻ നഗരമധ്യത്തിൽ നടന്ന ‘സ്റ്റാൻഡ് അപ്പ് ടു റേസിസം’ (Stand Up to Racism) റാലിയിൽ ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ ഗ്രേറ്റ് ബ്രിട്ടൻ (IWA GB) അംഗങ്ങൾ സജീവമായി പങ്കെടുത്തു. ബ്രിട്ടന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ബഹുസ്വര, വംശീയവിരുദ്ധ പ്രക്ഷോഭങ്ങളിലൊന്നായാണ് ഈ റാലി വിലയിരുത്തപ്പെടുന്നത്.

‘ടുഗെതർ അലയൻസ്’ സംഘടിപ്പിച്ച പ്രക്ഷോഭത്തിൽ പാർക്ക് ലെയിനിൽ നിന്ന് ട്രാഫൽഗർ സ്ക്വയറിലേക്കായിരുന്നു പ്രതിഷേധ മാർച്ച്. വംശീയത, തീവ്രവലതുപക്ഷ രാഷ്ട്രീയം, കുടിയേറ്റവിരുദ്ധ നിലപാടുകൾ എന്നിവയ്ക്കെതിരെ ശക്തമായ പ്രതിഷേധം മാർച്ചിൽ ഉയർന്നു. റാലിയിൽ അഞ്ചു ലക്ഷത്തോളം പേർ പങ്കെടുത്തതായി സംഘാടകർ അവകാശപ്പെട്ടു.

ട്രേഡ് യൂണിയനുകൾ, വിവിധ സാമൂഹിക സംഘടനകൾ, കുടിയേറ്റ തൊഴിലാളി കൂട്ടായ്മകൾ, മനുഷ്യാവകാശ പ്രവർത്തകർ എന്നിവരുടെ വിപുലമായ പങ്കാളിത്തം റാലിയിൽ ദൃശ്യമായി. ഐക്യവും സമത്വവും വിളംബരം ചെയ്യുന്ന പ്ലക്കാർഡുകളുമായാണ് പ്രവർത്തകർ എത്തിയത്. വിദ്വേഷത്തെയും വിഭജന രാഷ്ട്രീയത്തെയും ചെറുക്കേണ്ടതിന്‍റെ അനിവാര്യത വിവിധ രാഷ്ട്രീയ-സാമൂഹിക നേതാക്കളും കലാകാരന്മാരും തങ്ങളുടെ പ്രസംഗങ്ങളിൽ ഊന്നിപ്പറഞ്ഞു.

ബ്രിട്ടനിലെ ഇന്ത്യൻ-ദക്ഷിണേഷ്യൻ തൊഴിലാളികളുടെ അവകാശങ്ങൾക്കായി പതിറ്റാണ്ടുകളായി പോരാടുന്ന ഇന്ത്യൻ വർക്കേഴ്‌സ് അസോസിയേഷൻ (GB), ട്രേഡ് യൂണിയൻ-കുടിയേറ്റ ഐക്യമുന്നണിയുടെ ഭാഗമായാണ് റാലിയിൽ അണിനിരന്നത്. വംശീയതയ്ക്കെതിരായ പോരാട്ടങ്ങളിൽ ചരിത്രപരമായ പങ്കുവഹിച്ചിട്ടുള്ള സംഘടന, വിവേചനത്തിനും ചൂഷണത്തിനും സാമൂഹിക അസമത്വത്തിനുമെതിരായ തങ്ങളുടെ പോരാട്ടം തുടരുകയാണെന്ന് വ്യക്തമാക്കി.

തീവ്രവലതുപക്ഷ രാഷ്ട്രീയവും കുടിയേറ്റവിരുദ്ധ പ്രസ്താവനകളും വർധിച്ചുവരുന്ന നിലവിലെ സാഹചര്യത്തിൽ, ഈ പ്രതിഷേധം ശക്തമായൊരു താക്കീതായി മാറി. വിദ്വേഷത്തെ പ്രതിരോധിക്കാനും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു സമൂഹം കെട്ടിപ്പടുക്കാനും കൂട്ടായ പരിശ്രമം ആവശ്യമാണെന്ന് പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടി. ട്രാഫൽഗർ സ്ക്വയറിൽ നടന്ന സമാപന യോഗത്തോടും സാംസ്കാരിക പരിപാടികളോടും കൂടിയാണ് റാലി അവസാനിച്ചത്. സമത്വത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടം ശക്തമായി തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് ഐ.ഡബ്ല്യു.എ ജി ബി അംഗങ്ങൾ മടങ്ങിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more