പോയ സീസണിലെ പത്താം സ്ഥാനം നോക്കി പരിഹസിച്ചവര്ക്ക് മുന്നിലേക്ക് സാക്ഷാല് എം എസ് ധോണി തന്റെ ടീം ഷീറ്റ് നീട്ടി വെക്കും. റുതുരാജ് ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡിവാള്ഡ് ബ്രെവിസ്, സര്ഫറാസ് ഖാൻ, ശിവം ദുബെ, ഉര്വില് പട്ടേല്, മാത്യു ഷോര്ട്ട്…പിന്നെ, സമാനതകളില്ലാത്ത തിരിച്ചുവരവിന്റെ അധ്യായം രചിച്ചവനും, സഞ്ജു വിശ്വനാഥ് സാംസണ്. ഫിലോസഫികളെയെല്ലാം തിരുത്തി ട്വന്റി 20 ക്രിക്കറ്റിന്റെ അതിവേഗതയ്ക്കൊപ്പം സഞ്ചരിക്കാൻ ഒരു സംഘത്തെ ഒരുക്കിയിരിക്കുന്നു. ആറാം കിരീടത്തിനായി ചെപ്പോക്ക് കാത്തിരിക്കുന്നു, ചെന്നൈ സൂപ്പര് കിങ്സ് എത്രത്തോളം ശക്തരാണ്.
പരിചയസമ്പത്തും യുവത്വവും ധോണിയും ചേരുന്ന ബാറ്റിങ് നിര. ഇത് തന്നെയാണ് ചെന്നൈയെ പോയ സീസണുകളില് നിന്ന് വ്യത്യസ്തമാക്കുന്നതും. വയസൻ പടയില് നിന്നുള്ള ചുവടുമാറ്റം. രണ്ട് മാസം നീളുന്ന ടൂര്ണമെന്റ് ജയിക്കാൻ കൂറ്റനടിക്കാര് മാത്രം പോരയെന്ന യാഥാര്ത്ഥ്യം മുന്നിലുണ്ട്, സ്ഥിരതയോടെ തുടരാൻ കഴിയുന്നവരും വേണം. അതിന് ചെന്നൈക്ക് ഒന്നല്ല, രണ്ട് ഉത്തരങ്ങളുണ്ട്. റുതുരാജും സഞ്ജുവും.
ചെന്നൈ നിരയിലെ സ്ഥിരതയുടെ മറ്റൊരു വാക്കാണ് റുതുരാജ്. 2025 പരുക്കുമൂലം നഷ്ടമായ റുതുരാജ് 2023, 24 സീസണുകളില് അറുനൂറ് റണ്സോളം നേടിയിരുന്നു. നായകസമ്മര്ദത്തെ അതിജീവിക്കാനായാല് വലം കയ്യൻ ബാറ്റര്ക്ക് സമാന പ്രകടനം പുറത്തെടുക്കാനായേക്കും
ഇന്ത്യൻ ക്രിക്കറ്റ് ഭൂപടത്തില് പരീക്ഷണങ്ങളുടെ കൊടുമുടി താണ്ടിയ സഞ്ജു മറ്റാരേക്കാളും ആത്മവിശ്വാസത്തിലായിരിക്കും. ടി20 ലോകകപ്പില് അഞ്ച് മത്സരങ്ങളില് നിന്ന് നേടിയ 321 റണ്സ്, ടൂര്ണമെന്റിന്റെ താരം, മൂന്ന് മാച്ച് വിന്നിങ് നോക്കുകള്. മഞ്ഞക്കുപ്പായത്തിലും സഞ്ജുവിന് അത് തുടരാനായാല് ചെന്നൈ വില് ബി ദ ടീം ടു ബീറ്റ്.
സഞ്ജുവിനും റുതുരാജിനും ചുറ്റും അണിനിരക്കുന്ന യുവനിര. ആയുഷ്, ബ്രെവിസ്, ഉര്വില്. മൂവരുടേയും പ്രകടനങ്ങളായിരുന്നു കഴിഞ്ഞ സീസണിന്റെ അവസാന ഘട്ടത്തില് ചെന്നൈയെ എടുത്തുയര്ത്തിയത്. പകരക്കാരായെത്തി ടീമിന്റെ ഫിലോസഫിയെ തന്നെ പൊളിച്ചെഴുതാൻ പ്രേരിപ്പിച്ചവര്. അയുഷിന്റേയും ബ്രെവിസിന്റേയും 2025ലെ സ്ട്രൈക്ക് റേറ്റ് നൂറ്റി എണ്പതുകളിലാണ്, ഉര്വിലിന്റേത് 212ല് എത്തി നില്ക്കുന്നു.ഫിനിഷര് റോളില് വിശേഷണങ്ങളാവശ്യമില്ലാത്ത ധോണിയും ശിവം ദുബെയും. ലോകകപ്പിലെ ദുബെയുടെ കണ്സിസ്റ്റൻസിയും ഗെയിം ഡിഫൈനിങ് ക്യാമിയോകളും ക്രിക്കറ്റ് ലോകം കണ്ടതാണല്ലോ. വെറും ആറുച്ചാമി എന്ന ടൈറ്റിലില് ആയിരിക്കില്ല ദുബെ ഇക്കുറി അവതിരിക്കുക. മോര് മച്ചുവേഡ് ആൻഡ് റെസപോണ്സിബിള്.
14.2 കോടി വീതം മുടക്കി ടീമിലെത്തിച്ച പ്രശാന്ത് വീറും കാര്ത്തിക്ക് ശര്മയും. സെയ്ദ് മുഷ്താഖ് അലി ട്രോഫി മോശമാക്കിയില്ല 19കാരനായ കാര്ത്തിക്ക്, 160 സ്ട്രൈക്ക് റേറ്റില് 133 റണ്സ്, അഞ്ച് കളിയില് 11 സിക്സറുകള്. ഓള് റൗണ്ടറായ പ്രശാന്ത് ആറ് ഇന്നിങ്സുകളില് നിന്ന് 170 സ്ട്രൈക്ക് റേറ്റില് 112 റണ്സും ഒൻപത് വിക്കറ്റുകളും. ചെന്നൈ മാനേജ്മെന്റിന്റെ കണക്കുകൂട്ടലുകള് ഒട്ടും പിഴച്ചിട്ടില്ല എന്ന് യുവതാരങ്ങള് തെളിയിച്ചു. പക്ഷേ, ഇരുവര്ക്കും അന്തിമ ഇലവനില് ഇവിടെ സ്ഥാനമുണ്ടാകുമെന്നതാണ് ചോദ്യം.
click on malayalam character to switch languages