ലണ്ടൻ: ബ്രിട്ടനിലെ കുടിയേറ്റക്കാരുടെ ഐ എൽ ആർ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഈ വർഷം ജനുവരി മുതൽ യുക്മ ദേശീയതലത്തിൽ ആരംഭിച്ച ക്യാമ്പയിന് പിന്തുണ നൽകി യുകെയിലെ വിവിധ അസോസിയേഷനുകളും വ്യക്തികളും മുന്നോട്ട് വന്നിരുന്നു.
പുതിയ തലമുറ കുടിയേറ്റക്കാരെ സാരമായി ബാധിക്കാവുന്ന ഐ.എൽ.ആർ പരിഷ്കാരങ്ങൾ, നിയമപരമായി കുടിയേറിയ സ്കിൽഡ് വർകേഴ്സിന്റെയും അവരുടെ കുടുംബാംഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യം എന്നിവ ഉന്നയിച്ചുകൊണ്ട് യുക്മ ഭാരവാഹികളും, ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ പ്രതിനിധികളും ഡാർട്ഫോർഡ് നിയോജക മണ്ഡലത്തിലെ എംപി ജിം ഡിക്‌സണിനെ അദ്ദേഹത്തിന്റെ ഓഫീസിൽ സന്ദർശിച്ചു നിവേദനം സമർപ്പിച്ചു.
നിർദേശിച്ച വൈറ്റ് പേപ്പർ പ്രാവർത്തികമാക്കിയാൽ ബ്രിട്ടനിലെ മലയാളി സമൂഹത്തിന് ഉണ്ടാകാവുന്ന ഗുരുതരമായ പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ആശങ്കകൾ എംപിയുമായി നടന്ന ഔദ്യോഗിക കൂടിക്കാഴ്ചയിൽ വിശദമായി പങ്കുവച്ചു.
കൂടിക്കാഴ്ചയിൽ, യുക്മയെ പ്രതിനിധീകരിച്ച് യുക്മ എക്സിക്യൂട്ടീവ് കമ്മിറ്റി മെമ്പർ സുരേന്ദ്രൻ ആരക്കോട്ടും, ഡാർട്ഫോർഡ് മലയാളീ അസോസിയേഷനെ (DMA) പ്രതിനിധീകരിച്ച് പ്രസിഡന്റ് സജീവ് നായർ, സെക്രട്ടറി ജെറിൻ ജോസ്, ട്രഷറർ അജയ് ജോസഫ്, മുൻ പ്രസിഡന്റും നിലവിലെ DMA എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ജിന്റോ മാത്യു എന്നിവർ പങ്കെടുത്തു.
ഡാർട്ഫോർഡ് മലയാളീ അസോസിയേഷൻ പൊതു സമൂഹത്തിനായി നടത്തിയ സേവനങ്ങളും സാന്നിധ്യവും, പ്രത്യേകിച്ച് ആരോഗ്യ മേഖലയിലെ നിർണായക പങ്കാളിത്തവും പ്രതിനിധികൾ എംപിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോവിഡ്-19 മഹാമാരിക്കാലത്ത് ഫ്രണ്ട്‌ലൈൻ വർക്കർമാരായി പ്രവർത്തിച്ച്, കുടുംബാംഗങ്ങളെ വിട്ട് വ്യക്തിജീവിതം പോലും ത്യജിച്ച് സമൂഹത്തിനായി സേവനം ചെയ്ത മലയാളികളുടെ സംഭാവനകൾ അവർ വിശദീകരിച്ചു.
നിലവിലുള്ള സ്കിൽഡ് വർക്കർമാർക്കും അവരുടെ ആശ്രിതർക്കും സ്ഥിരതാമസത്തിനുള്ള (Permanent Residency) പാത ദുഷ്കരമാക്കുന്ന നിർദ്ദേശങ്ങൾ പിൻവലിക്കണം, യുകെയുടെ ആരോഗ്യ-സാങ്കേതിക മേഖലകളിൽ നിർണ്ണായക സംഭാവന നൽകുന്ന മലയാളി പ്രൊഫഷണലുകളുടെ തൊഴിൽ സ്ഥിരത ഉറപ്പാക്കണം, കുടുംബാംഗങ്ങളെ ഒപ്പം കൊണ്ടുവരുന്നതിനും താമസിപ്പിക്കുന്നതിനും ഏർപ്പെടുത്തിയിരിക്കുന്ന കർശനമായ വരുമാന പരിധി പുനഃപരിശോധിക്കണം തുടങ്ങിയ നിർദ്ദേശങ്ങളും സർക്കാറിന്റെ പരിഗണയിൽ കൊണ്ടുവരണമെന്ന് പ്രതിനിധികൾ ചർച്ചയിൽ അഭ്യര്ഥിക്കുകയുണ്ടായി.
പ്രതിനിധികൾ ഉന്നയിച്ച പരാതികളും നിവേദനവും തികഞ്ഞ സഹാനുഭൂതിയോടെ സ്വീകരിച്ച ജിം ഡിക്‌സൺ എം.പി, പ്രവാസി സമൂഹത്തിന്റെ ആശങ്കകൾ പാർലമെന്റിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് ഉറപ്പ് നൽകി. ലേബർ സർക്കാരിന്റെ പുതിയ കുടിയേറ്റ നയങ്ങളിൽ മലയാളി സമൂഹത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ താൻ വ്യക്തിപരമായി ഇടപെടുമെന്നും അദ്ദേഹം അറിയിച്ചു. എൻ.എച്ച്.എസ് (NHS) ഉൾപ്പെടെയുള്ള ആരോഗ്യ മേഖലകളിൽ മലയാളി നഴ്സുമാരും മറ്റ് ഫ്രണ്ട്‌ലൈൻ ജീവനക്കാരും നടത്തിയ സേവനങ്ങളെ എം.പി പ്രത്യേകം അഭിനന്ദിച്ചു. കോവിഡ് പ്രതിസന്ധി ഘട്ടത്തിൽ ബ്രിട്ടീഷ് സമൂഹത്തിന് വേണ്ടി നിലകൊണ്ട മലയാളികളുടെ ത്യാഗം വിസ്മരിക്കാനാവില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു
ബ്രിട്ടനിലെ ലേബർ സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ കുടിയേറ്റ നയങ്ങളെ അതീവ ഉത്കണ്ഠയോടെയാണ് യുകെയിലെ മലയാളി സമൂഹം ഉറ്റുനോക്കുന്നത്. ഐ.എൽ.ആർ (ILR), വിസ നിബന്ധനകൾ, സ്പൗസ് വിസ എന്നിവയിൽ നിർദ്ദേശിക്കപ്പെട്ടിട്ടുള്ള കർശനമായ പരിഷ്കാരങ്ങൾ പ്രവാസി സമൂഹത്തിന്റെ ഭാവിനിലനിൽപ്പിനെത്തന്നെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഈ നിർണ്ണായക സാഹചര്യത്തിൽ, മലയാളികളുടെ അവകാശ സംരക്ഷണത്തിനായി യുക്മ (UUKMA) നടത്തുന്ന ഇടപെടലുകൾ വലിയ പ്രതീക്ഷയോടെയാണ് പ്രവാസലോകം വീക്ഷിക്കുന്നത്.
click on malayalam character to switch languages