1 GBP = 129.29
breaking news

രാജകീയ വിരുന്നിലേക്ക് ക്ഷണം: ഗോൾഡ് മെഡൽ ജേതാവ് ഷൈനി സ്കറിയയ്ക്ക് അപൂർവ ബഹുമതി

രാജകീയ വിരുന്നിലേക്ക് ക്ഷണം: ഗോൾഡ് മെഡൽ ജേതാവ് ഷൈനി സ്കറിയയ്ക്ക് അപൂർവ ബഹുമതി

അരുൺ ജോർജ്ജ്

വെയിൽസ് കെയർ അവാർഡ് 2025-ൽ ‘ഇൻഡിപെൻഡന്റ് സെക്ടർ നഴ്സ് ഓഫ് ദ ഇയർ’ വിഭാഗത്തിൽ ഗോൾഡ് മെഡൽ നേടിയ മലയാളി നഴ്സ് ഷൈനി സ്കറിയുടെ നേട്ടം ഇതിനകം തന്നെ വാർത്തയായതാണ്. കൊല്ലം സ്വദേശിയായ ഷൈനി, വെയിൽസിലെ Rhayader-ലുള്ള Caron Group-ൽ സീനിയർ നഴ്സായി സേവനം അനുഷ്ഠിക്കുന്നു. സാമൂഹിക പരിരക്ഷാ മേഖലയിലെ മികച്ച സേവനത്തിനുള്ള അംഗീകാരമായ ഈ പുരസ്‌കാരം ഷൈനിയുടെ സമർപ്പിത പ്രവർത്തനത്തിന് ലഭിച്ച ഉയർന്ന ബഹുമതിയായി വിലയിരുത്തപ്പെടുന്നു.

ഇപ്പോൾ, ഈ നേട്ടത്തിന് പിന്നാലെ ഷൈനിക്ക് ലഭിച്ച മറ്റൊരു അപൂർവ അംഗീകാരം ശ്രദ്ധേയമാകുന്നു. ബ്രിട്ടീഷ് രാജകുടുംബം ഒരുക്കിയ പ്രത്യേക രാജകീയ വിരുന്നിലേക്ക് ഷൈനിക്ക് ഔദ്യോഗിക ക്ഷണം ലഭിച്ചു. കിങ് ചാൾസ്, രാജ്ഞി, മറ്റ് രാജകുടുംബാംഗങ്ങൾ, പ്രധാനമന്ത്രി കീർ സ്റ്റാർമർ എന്നിവരുള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുത്ത ഈ വിരുന്നിലേക്ക് ക്ഷണം ലഭിച്ച ഏക മലയാളിയാണ് ഷൈനി സ്കറിയ.

രാജകീയ വേദിയിൽ കിങ് ചാൾസുമായി നേരിട്ടുള്ള സൗഹൃദസംഭാഷണത്തിനും ഷൈനിക്ക് അവസരം ലഭിച്ചു. 2013-ൽ കേരളം സന്ദർശിച്ച അനുഭവവും, തന്റെ 65-ാം ജന്മദിനം കുമരകത്ത് ആഘോഷിച്ചതുമാണ് രാജാവ് ഓർമ്മിപ്പിച്ചത്. കേരളം അതീവ മനോഹരമായ നാടാണെന്നും, പ്രത്യേകിച്ച് ആരോഗ്യരംഗത്ത് ലോകത്തിന് കേരളം നൽകുന്ന സംഭാവനകൾ പ്രശംസനീയമാണെന്നും കിങ് ചാൾസ് പരാമർശിച്ചതായി ഷൈനി വ്യക്തമാക്കി.

സൗദി അറേബ്യയിലെ റിയാദിൽ കുട്ടികളുടെ ഐ.സി.യുവിൽ സേവനം അനുഷ്ഠിച്ച ശേഷം 2020-ലാണ് ഷൈനി വെയിൽസിലേക്ക് മാറിയത്. ഷൈനി, ശ്രീ ജേക്കബ് തരകന്റെ ഭാര്യയും മക്കളായ മന്നയുടെയും ഹന്നയുടെയും മാതാവുമാണ്.

സോഷ്യൽ കെയർ ഓസ്കാർ ജേതാവായ ഒരു മലയാളി നഴ്സിന് ലഭിച്ച ഈ രാജകീയ ക്ഷണം, പ്രവാസി മലയാളി സമൂഹത്തിന് അഭിമാനകരമായ മറ്റൊരു നേട്ടമായി മാറിയിരിക്കുകയാണ്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more