യുക്മ ദേശീയ കലാമേള – 2025 നവംബർ ഒന്നിന് “എം.ടി. വാസുദേവൻ നായർ” നഗറിൽ…….ലോഗോ മത്സരത്തിൽ കീത്ത്ലി മലയാളി അസ്സോസ്സിയേഷനിലെ ഡിംബിൾ വിന്നി റോസും, നഗർ നാമനിർദ്ദേശക മത്സരത്തിൽ ബാൺസ്ലി കേരള കൾച്ചറൽ അസ്സോസ്സിയേഷനിലെ ബിൻസി കെ ഫിലിപ്പും വിജയികൾ
Oct 09, 2025
കുര്യൻ ജോർജ്ജ്
(നാഷണൽ പി.ആർ.ഒ. & മീഡിയ കോർഡിനേറ്റർ)
പതിനാറാമത് യുക്മ ദേശീയ കലാമേള നവംബർ 01 ശനിയാഴ്ച ഗ്ളോസ്ററർഷയറിലെ ചെൽറ്റൻഹാം ക്ളീവ് സ്‌കൂളിൽ വെച്ച് നടക്കുകയാണ്. പ്രവാസ ലോകത്തെ മലയാളികളുടെ ഏറ്റവും വലിയ കലാ മത്സരമായ യുക്മ ദേശീയ കലാമേളയുടെ ലോഗോ, നഗർ നാമനിർദ്ദേശക മത്സരങ്ങളുടെ വിജയികളെ യുക്മ ദേശീയ നേതൃത്വം പ്രഖ്യാപിച്ചു. യു കെ മലയാളികൾക്കായി നടത്തിയ ലോഗോ, നഗർ നാമനിർദ്ദേശക മത്സരങ്ങളിൽ നിരവധിയാളുകൾ വളരെ താല്പര്യപൂർവ്വം പങ്കെടുത്തു. കലാമേള നഗറിനായി അന്തരിച്ച അനശ്വര ഗായകൻ പി.ജയചന്ദ്രൻ്റേതുൾപ്പടെ നിരവധി പേരുകൾ നിർദ്ദേശിക്കപ്പെട്ടുവെങ്കിലും, മലയാള സാഹിത്യത്തെയും സിനിമയെയും വിശ്വത്തോളം വളർത്തിയ മഹാപ്രതിഭ, എഴുത്തിൻ്റെ കുലപതി എം.ടി.വാസുദേവൻ നായർക്ക് യുക്മ നൽകുന്ന ആദരവായി 2025 കലാമേള നഗറിന് ‘എം.ടി.വാസുദേവൻ നായർ നഗർ’ എന്ന് നാമനിർദ്ദേശം ചെയ്യുവാൻ യുക്മ ദേശീയ സമിതി തീരുമാനിച്ചതായി പ്രസിഡൻ്റ് അഡ്വ.എബി സെബാസ്റ്റ്യൻ അറിയിച്ചു.
ദേശീയ കലാമേള 2025 ലോഗോ, നഗർ നാമനിർദ്ദേശക മത്സരങ്ങളിൽ നിരവധിയാളുകൾ വളരെ ആവേശപൂർവ്വം പങ്കെടുത്തുവെങ്കിലും രണ്ട് വനിതകളാണ് ഇക്കുറി വിജയികളായതെന്ന പ്രത്യേകതയും ഇത്തവണത്തെ മത്സരത്തിനുണ്ട്. ലോഗോ മത്സരത്തിൽ കീത്ത്ലി മലയാളി അസ്സോസ്സിയേഷനിൽ നിന്നുള്ള ഡിംബിൾ വിന്നി റോസ് വിജയിയായപ്പോൾ നഗർ നാമനിർദ്ദേശക മത്സരത്തിൽ ബാൺസ്ലി കേരള കൾച്ചറൽ അസ്സോസ്സിയേഷനിലെ ബിൻസി കെ ഫിലിപ്പ് വിജയിയായി.
ദേശീയ കലാമേള ലോഗോ മത്സരത്തിൽ വിജയിയായ ഡിംബിൾ വിന്നി റോസിന് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും നഗർ നാമനിർദ്ദേശക മത്സര വിജയി ബിൻസി കെ ഫിലിപ്പിന് പ്രശസ്തി ഫലകവും നവംബർ 01ന് ചെൽറ്റൻഹാമിലെ ദേശീയ കലാമേള വേദിയിൽ വെച്ച് സമ്മാനിക്കുന്നതാണെന്ന് ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു.
യുക്മ സൌത്ത് വെസ്റ്റ് റീജിയൺ ആതിഥേയത്വം വഹിക്കുന്ന പതിനാറാമത് ദേശീയ കലാമേള ഗ്ളോസ്റ്റർഷയറിലെ ചെൽറ്റൻഹാമിലാണ് ഇക്കുറിയും നടക്കുന്നത്. കുതിരയോട്ട മത്സരങ്ങൾക്കും ഫെസ്റ്റിവലുകൾക്കും പ്രസിദ്ധമായ ചെൽറ്റൻഹാം തുടർച്ചയായ നാലാം വർഷമാണ് യുക്‌മ ദേശീയ കലാമേളയ്ക്ക് അരങ്ങൊരുക്കുന്നത്. യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന കലാകാരൻമാരെയും കലാകാരികളെയും യുക്മ പ്രവർത്തകരെയും ചെൽറ്റൻഹാമിലെ എം.ടി. വാസുദേവൻ നായർ നഗറിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ, ജനറൽ സെക്രട്ടറി ജയകുമാർ നായർ, ട്രഷറർ ഷീജോ വർഗ്ഗീസ്, ദേശീയ കലാമേള കൺവീനർ വർഗ്ഗീസ് ഡാനിയൽ (വൈസ് പ്രസിഡൻ്റ്), സ്മിത തോട്ടം (വൈസ് പ്രസിഡൻ്റ്), സണ്ണിമോൻ മത്തായി (ജോയിൻ്റ് സെക്രട്ടറി), റെയ്മോൾ നിധീരി (ജോയിൻ്റ് സെക്രട്ടറി), പീറ്റർ താണോലിൽ (ജോയിൻ്റ് ട്രഷറർ),ദേശീയ സമിതിയംഗം രാജേഷ് രാജ്, സൌത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ് സുനിൽ ജോർജ്ജ്, എന്നിവർ അറിയിച്ചു.
‘യുക്മ ശ്രേഷ്ഠ മലയാളി 2025’ പുരസ്ക്കാരദാനവും – മാണിക്കത്ത് ഇവന്റ്സ് ഫാഷൻ ഷോ & സൗന്ദര്യമത്സരം നവംബർ 22ന് പ്രിസ്റ്റണിൽ; അവാർഡുകൾക്ക് അപേക്ഷ ക്ഷണിക്കുന്നു….. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള, ചാമ്പ്യൻഷിപ്പ് നിലനിർത്തി മിഡ്ലാൻഡ്സ് റീജിയൻ, ഈസ്റ്റ് ആംഗ്ളിയ രണ്ടും യോർക്ക്ഷയർ & ഹംബർ മൂന്നും സ്ഥാനങ്ങളിൽ. അസ്സോസ്സിയേഷൻ വിഭാഗത്തിൽ വാൽമ വാർവിക്ക് ഒന്നാംസ്ഥാനം കരസ്ഥമാക്കിയപ്പോൾ EYCO ഹൾ രണ്ടും എം.എം.എ മാഞ്ചസ്റ്റർ മൂന്നും സ്ഥാനങ്ങളിൽ. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേളക്ക് വേദികളൊരുങ്ങി; ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. റ്റ്യുക്സ്ബറി മേയർ കഷൻ പെർവെയിസ് മുഖ്യാതിഥി, ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
പതിനാറാമത് യുക്മ – ലൈഫ് ലൈൻ ദേശീയ കലാമേള നാളെ ചെൽറ്റൻഹാമിൽ…. ചെൽറ്റൻഹാം മേയർ ഡോ. ഡേവിഡ് വില്ലിംഗ്ഹാം ഉദ്ഘാടകൻ….. പ്രശസ്ത ബ്രിട്ടീഷ് ഇന്ത്യൻ നടി ‘ഡോക്ടർ ഹൂ` ഫെയിം വരദ സേതു സെലിബ്രിറ്റി ഗസ്റ്റ്. /
click on malayalam character to switch languages