കുര്യൻ ജോർജജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളി 2025 ൻ്റെ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം റോഥർഹാം മാൻവേഴ്സിൽ ആഗസ്റ്റ് 30 ശനിയാഴ്ച റോഥർഹാം മേയർ കൌൺസിലർ റുക്സാന ഇസ്മയിൽ നിർവ്വഹിക്കും. ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി സാംസ്ക്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കും. 31 ടീമുകൾ പൊതു വിഭാഗത്തിലും 11 ടീമുകൾ വനിത വിഭാഗത്തിലും അണി നിരക്കുന്ന ഏഴാമത് യുക്മ വള്ളംകളി യുകെ മലയാളികൾ ഏറെ ആവേശപൂർവ്വം കാത്തിരിക്കുകയാണ്.
യുക്മ വള്ളംകളി വേദിയായ മാൻവേഴ്സ് ലെയ്ക്ക് ഉൾപ്പെടുന്ന റോഥർഹാം സിറ്റി കൌൺസിലിൻ്റെ മേയറാണ് റുക്സാന ഇസ്മയിൽ. നന്നേ ചെറുപ്പത്തിൽ തന്നെ ലേബർ പാർട്ടി അംഗമായി രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച റുക്സാന ഇസ്മയിൽ റോഥർഹാം ഈസ്റ്റ് വാർഡിനെ പ്രതിനിധീകരിക്കുന്നു. ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി സാംസ്കാരിക സമ്മേളനത്തിൽ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നതാണ്.
യുക്മ – ഫസ്റ്റ് കോൾ കേരളപൂരം വള്ളംകളിയോട് അനുബന്ധിച്ചുള്ള വിവിധ കലാപരിപാടികളിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന നൂറ് കണക്കിന് കലാകാരൻമാരും കലാകാരികളുമാണ് വേദിയിൽ അണിനിരക്കുന്നത്. തെരേസാസ് ഓണച്ചന്തം മലയാളി സുന്ദരി മത്സരം, തിരുവാതിര ഫ്യൂഷൻ ഫ്ളെയിംസ്, ചിലമ്പ് നാടൻപാട്ട് ബാൻഡ്, ചെണ്ടമേളം, തെയ്യം, പുലികളി എന്നിവയോടൊപ്പം വിവിധ തരം നൃത്ത നൃത്യങ്ങൾ എന്നിവയൊക്കെ ആസ്വദിക്കുവാൻ മുഴുവൻ യുകെ മലയാളികളെയും മാൻവേഴ്സ് തടാകക്കരയിലേക്ക് സ്വാഗതം ചെയ്യുന്നതായി യുക്മ ദേശീയ സമിതി അറിയിച്ചു.
യുക്മ ദേശീയ പ്രസിഡൻ്റ് അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിൽ ദേശീയ ഭാരവാഹികളായ ജയകുമാർ നായർ, ഷീജോ വർഗ്ഗീസ്, വർഗ്ഗീസ് ഡാനിയൽ, സ്മിത തോട്ടം, സണ്ണിമോൻ മത്തായി, റെയ്മോൾ നിധീരി, പീറ്റർ താണോലിൽ, ഡോ.ബിജു പെരിങ്ങത്തറ, ജനറൽ കൺവീനർ ഡിക്സ് ജോർജ്ജ്, യുക്മ ദേശീയ സമിതി അംഗങ്ങൾ, റീജിയണൽ ഭാരവാഹികൾ, പോഷക സംഘടന ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ വള്ളംകളിയുടെ അവസാനഘട്ട തയ്യാറെടുപ്പുകൾ നടത്തി വരുന്നു.
click on malayalam character to switch languages