1 GBP = 126.74
breaking news

വാത്സിങ്ങാം തീർത്ഥാടനം മറ്റന്നാൾ; മാതൃസങ്കേതം മരിയൻ പ്രഘോഷണ മുഖരിതമാകും; ജൂബിലിവർഷ തീർത്ഥാടനത്തിനു സ്വാഗതമോതി ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി.

വാത്സിങ്ങാം തീർത്ഥാടനം മറ്റന്നാൾ; മാതൃസങ്കേതം മരിയൻ പ്രഘോഷണ മുഖരിതമാകും; ജൂബിലിവർഷ തീർത്ഥാടനത്തിനു സ്വാഗതമോതി ഗ്രേറ്റ് ബ്രിട്ടൻ എപ്പാർക്കി.

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ങാം: ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാമത് വാത്സിങ്ങാം തീർത്ഥാടനവും തിരുന്നാളും മറ്റന്നാൾ (ജൂലൈ 19 ശനിയാഴ്ച) നടക്കും. ജൂബിലി വർഷത്തിലെ പ്രത്യാശയുടെ തീർത്ഥാടനത്തിൽ ഒഴുകിയെത്തുന്ന മലയാളി മാതൃഭക്തരുടെ വൻ പങ്കാളിത്തത്തോടെ കൊടി തോരണങ്ങളാൽ അലംകൃതമായ വീഥിയിലൂടെ മുത്തുക്കുടകളും രൂപങ്ങളുമേന്തി പരിശുദ്ധ ജപമാലകളും, മരിയ ഭക്തിഗാനങ്ങളും ആലപിച്ച് നടത്തപ്പെടുന്ന തീർത്ഥാടന പ്രദക്ഷിണവും, ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹ ദിവ്യബലിയും, മരിയൻ സന്ദേശവും, തിരുന്നാൾ ശുശ്രുഷകളും, വാത്സിങ്ങാം പുണ്യകേന്ദ്രത്തെ മരിയ പ്രഘോഷണ മുഖരിതമാക്കും. തീർത്ഥാടനത്തിന് ഫാ. ജിനു മുണ്ഡനടക്കലിന്റെ അജപാലന നേതൃത്വത്തിൽ കേംബ്രിഡ്ജ് റീജണൽ സീറോമലബാർ വിശ്വാസ സമൂഹമാണ് ആതിഥേയത്വം വഹിക്കുക.

പരിശുദ്ധ അമ്മയുടെ നിർദ്ദേശത്തിൽ നസ്രേത്തിലെ ഭവനത്തിന്റെ മാതൃകയില്‍ വാത്സിങ്ങാമിൽ പണിതുയര്‍ത്തപ്പെട്ട ദേവാലയം നിരവധിയായ അനുഭവ സാക്ഷ്യങ്ങളാൽ ആഗോളതലത്തിൽത്തന്നെ ശ്രദ്ധേയമാണ്. മാതൃ നിർദ്ദേശത്താൽ പ്രാർത്ഥിക്കുവാൻ സൗകര്യം ഒരുക്കപ്പെട്ട ‘വാത്സിങ്ങാമിൽ എത്തി പ്രാർത്ഥിക്കുന്നവർക്ക് ‘ഫലസിദ്ധിയും മറുപടിയും ലഭിക്കും’ എന്ന് പരിശുദ്ധ അമ്മ വാഗ്ദാനം നൽകിയിരുന്നു. ഇവിടെയെത്തി വാത്സിങ്ങാം അമ്മയുടെ മാദ്ധ്യസ്ഥം വഴി പ്രാർത്ഥിച്ചു ഉദ്ദിഷ്‌ഠ കാര്യങ്ങൾ സാധിച്ചവരുടെയും,സന്താന ലബ്ദി, രോഗ സൗഖ്യം അടക്കം നിരവധിയായ വിശ്വാസ ജീവിത സാക്ഷ്യങ്ങൾ നിത്യേന പ്രഘോഷിക്കപ്പെടുന്ന പുണ്യഭൂമികൂടിയാണ് വാത്സിങ്ങാം.

ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ എപ്പാർക്കിയിലെ എല്ലാ മിഷനുകളിൽ നിന്നും തിരുന്നാൾ ഏറ്റെടുത്തു നടത്തുന്നതിനായി പ്രസുദേന്തിമാരായി ചേരുവാൻ അവസരം ഒരുക്കിയിട്ടുണ്ട്. ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരുവാനാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുമുണ്ട്.

രാവിലെ ഒമ്പതരയ്ക്ക് പ്രഭാത പ്രാർത്ഥനയോടെയും (സപ്ര), ആരാധനയോടെയും ആരംഭിക്കുന്ന തീർത്ഥാടന ശുശ്രുഷകളിൽ തുടർന്ന് രൂപതയുടെ യൂത്ത് & മൈഗ്രന്റ്‌സ് കമ്മീഷൻ ചെയറും, ധ്യാന ഗുരുവുമായ ഫാ. ജോസഫ് മുക്കാട്ട്‌ മരിയൻ പ്രഭാഷണം നൽകുന്നതാണ്.

ഉച്ചകഴിഞ്ഞു പന്ത്രണ്ടേകാലിനു നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം ആരംഭിക്കും. ഓരോ മിഷനുകളും തങ്ങൾക്ക് അനുവദിച്ചിട്ടുള്ള സ്പേസിൽ ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് മാതൃ സന്നിധിയുടെ പരിപാവനത കാത്തുകൊണ്ട് ഭക്തിപൂർവ്വം രണ്ട് ലൈനായി അണിമുറിയാതെ പങ്കെടുക്കേണ്ടതാണ്.

ഉച്ചക്ക് രണ്ടു മണിക്ക് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, രൂപതയിൽ നിന്നുള്ള വൈദികർ സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും. കുർബ്ബാന മദ്ധ്യേ മാർ ജോസഫ് സ്രാമ്പിക്കൽ തിരുന്നാൾ സന്ദേശവും നൽകുന്നതാണ്.

തീർത്ഥാടകർക്കായി വിഭവ സമൃദ്ധമായ ചൂടുള്ള നാടൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നതിനായി മലയാളി സ്റ്റാളുകൾ സജ്ജീകരിക്കുന്നുണ്ട്. ഗ്രൂപ്പുകളായി വരുന്നവർക്ക് മുൻകൂറായി ഭക്ഷണം ബുക്ക് ചെയ്യുന്നതിന് കാറ്ററിങ്ങുകാരുമായി ബന്ധപ്പെടാവുന്നതാണ്. കൗണ്ടറിൽ കാഷ്‌ മാത്രമേ സ്വീകരിക്കുകയുള്ളൂ.

ഇന്ത്യൻ ഫുഡ് ക്ലബ്ബ് – 07720614876
ജേക്കബ്‌സ് കേറ്ററിംഗ് – 07869212935

The Basilica Of Our Lady Walshingham, Houghton St. Giles, Little Walshingham, Walshingham, NR22 6AL
Route Map

Please follow the sign boards to the Shrine.
Entry To Shrine by the Road highlighted in Red and Exit from shrine by highlighted in Yellow

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more