1 GBP = 126.74
breaking news

വാത്സിങ്ഹാം തീർത്ഥാടനം ശനിയാഴ്ച…… പ്രസുദേന്തിമാരാവാൻ അവസരം……ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാം……ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം ഒരുങ്ങി

വാത്സിങ്ഹാം തീർത്ഥാടനം ശനിയാഴ്ച…… പ്രസുദേന്തിമാരാവാൻ അവസരം……ഭക്ഷണം മുൻകൂട്ടി ഓർഡർ ചെയ്യാം……ആയിരങ്ങളെ വരവേൽക്കാൻ മരിയൻ പുണ്യകേന്ദ്രം ഒരുങ്ങി

അപ്പച്ചൻ കണ്ണഞ്ചിറ

വാത്സിങ്ഹാം: ആഗോള കത്തോലിക്കാ സഭയുടെ ജൂബിലി വർഷ തീർത്ഥാടനങ്ങളുടെ ഭാഗമായി, ഗ്രേറ്റ് ബ്രിട്ടനിലെ സീറോ മലബാർ രൂപതയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ഒമ്പതാമത് വാത്സിങ്ഹാം തീർത്ഥാടനം കൂടുതൽ പ്രൗഢിയോടും ആഘോഷപൂർവ്വവും ഭക്തിപുരസ്സരവും ജൂലൈ 19 ന് ശനിയാഴ്ച്ച കൊണ്ടാടും. ഗ്രേറ്റ് ബ്രിട്ടനിലുടനീളമുള്ള സീറോ മലബാർ ഇടവകകളിൽ നിന്നുമെത്തുന്ന പതിനായിരത്തിലധികം മരിയഭക്തരെയാണ് ഇത്തവണ വാത്സിങ്ങാമിൽ പ്രതീക്ഷിക്കുന്നത്. യൂറോപ്പിലെ ഏറ്റവും വലിയ മാതൃഭക്ത സംഗമവും, മരിയൻ പ്രഘോഷണ തിരുന്നാളുമായി സീറോ മലബാർ സഭയുടെ തീർത്ഥാടനം ശ്രദ്ധേയമാവും.

ആഗോളതലത്തിൽ ‘അനുഗ്രഹങ്ങളുടെ പറുദീസ’യെന്ന ഖ്യാതി നേടിയിട്ടുള്ള ഇംഗ്ലണ്ടിലെ നസ്രേത്തിൽ പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്തതക്കും, അനുഗ്രഹ സാഫല്യത്തിനും, നന്ദി നേരുന്നതിനുമായി  നിരവധി ആളുകൾ  നിത്യേന സന്ദർശിക്കുകയും , പ്രാർത്ഥിക്കുകയും ചെയ്യുന്ന മരിയൻ സങ്കേതമാണ് വാത്സിങ്ഹാം. ഈ വർഷത്തെ തീർത്ഥാടനത്തിനു ആതിഥേയത്വം വഹിക്കുന്നത് കേംബ്രിഡ്ജ് റീജണൽ സീറോ മലബാർ സമൂഹം ആണ്. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നുമുള്ള പ്രസുദേന്തിമാരുടെ വിപുലമായ പങ്കാളിത്തം, ചടങ്ങിനെ കൂടുതൽ ഭക്തിസാന്ദ്രവും, ആകർഷകവുമാക്കും. ഇനിയും പ്രസുദേന്തിമാരാകുവാൻ ആഗ്രഹിക്കുന്നവർക്ക്  https://forms.office.com/e/5CmTvcW6p7oലിങ്കിലൂടെ രെജിസ്റ്റർ ചെയ്യാവുന്നതാണ്.

രാവിലെ ഒമ്പതരയ്ക്ക് സപ്രാ, ആരാധന തുടർന്ന് പത്തേകാലിന് അഭിഷിക്ത ധ്യാന ഗുരുവായ ഫാ. ജോസഫ് മുക്കാട്ട്  നയിക്കുന്ന മരിയൻ പ്രഭാഷണവും, പതിനൊന്നിന്  തിരുന്നാൾ കൊടിയേറ്റവും നടക്കും. ഇടവേളയിൽ ഭക്ഷണത്തിനും, അടിമവെക്കലിനുമുള്ള സമയമാണ്. പന്ത്രണ്ട് മണിക്ക്  നടക്കുന്ന പ്രസുദേന്തി വാഴ്ചക്കു ശേഷം, പന്ത്രണ്ടരയോടെ മാതൃഭക്തി നിറവിൽ തീർത്ഥാടന പ്രദക്ഷിണം നടക്കും. ഓരോ മിഷനുകളും തങ്ങളുടെ ഗ്രൂപ്പുകളോടോടൊപ്പം  ‘പിൽഗ്രിമേജ് സ്പിരിച്വൽ മിനിസ്ട്രി’ ചൊല്ലിത്തരുന്ന പ്രാർത്ഥനകളും ഭക്തിഗാനങ്ങളും ആലപിച്ച് ഭയ ഭക്തി ബഹുമാനത്തോടെ പ്രദക്ഷിണത്തിൽ പങ്കെടുക്കേണ്ടതാണ്. ഉച്ചക്ക് ഒന്നേമുക്കാലിന്  SMYM മിനിസ്ട്രിയുടെ ‘സമയം ബാൻഡ്’ ഒരുക്കുന്ന സാംഗീതസാന്ദ്രമായ ഗാനാർച്ചനയും ഉണ്ടായിരിക്കുന്നതാണ്.

ഉച്ചക്ക് രണ്ടേകാലിന് രൂപതാ അദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാർമ്മികത്വത്തിൽ, പ്രോട്ടോ സെല്ലുലോസ് റവ.ഡോ. ആന്റണി ചുണ്ടെലിക്കാട്ടിൽ, ചാൻസലർ റവ.ഡോ. മാത്യു പിണക്കാട്ട്, വൈസ് ചാൻസലർ ഫാ. ഫാൻസ്വാ പത്തിൽ, ജുഡീഷ്യൽ വികാരി റവ. ഡോ.   വിൻസന്റ് ചിറ്റിലപ്പള്ളി, ഫിനാൻസ് ഡയറക്ടർ ഫാ. ജോ മാത്യു VC കൂടാതെ മിഷനുകളിൽ നിന്നുള്ള വൈദികരും സഹകാർമ്മികരായി ആഘോഷപൂർവ്വമായ തിരുന്നാൾ സമൂഹബലി അർപ്പിക്കും.

സാധാരണയായി തീർത്ഥാടനത്തിൽ എത്തുമ്പോൾ വഴിയിലുണ്ടാകാറുള്ള ഗതാഗതകുരുക്കൊഴിവാക്കുവാനായി ഇത്തവണ മിക്ക ദേവാലയങ്ങളിൽ നിന്നും പരമാവധി കോച്ചുകൾ ക്രമീകരിച്ചു വരാനുള്ള രൂപതയുടെ നിർദ്ദേശം ഫലം കാണും.

തീർത്ഥാടകർക്കായി മിതമായ വിലയിൽ രുചികരമായ ചൂടുള്ള നാടൻ വിഭവങ്ങൾ ഒരുക്കാൻ രണ്ടു മലയാളി സ്റ്റാളുകൾ തീർത്ഥാടന വേദിയിൽ ഉണ്ടായിരിക്കുന്നതാണ്. തീർത്ഥാടകാറായ വൻജനാവലിയുടെ തിരക്കിനിടയിൽ താമസം ഉണ്ടാവാതിരിക്കുവാൻ മുൻകൂട്ടി ഭക്ഷണം ഓർഡർ ചെയ്യുവാനുള്ള സൗകര്യവും ഇരു കാറ്ററേഴ്‌സും സൗകര്യം ഒരുക്കുന്നുണ്ട്. വാത്സിങ്ങാമിൽ ഇന്റർനെറ്റിന്റെ ലഭ്യത കുറവായതിനാൽ ഭക്ഷണം വാങ്ങുന്നവർ കാഷ് കൊണ്ടുവരുവാൻ കാറ്ററേഴ്സ് അഭ്യർത്ഥിച്ചിട്ടുണ്ട്.

ഏവരെയും സ്നേഹപൂർവ്വം വാത്സിങ്ഹാം തീർത്ഥാടനത്തിരുന്നാളിലേക്ക്   ക്ഷണിച്ചു കൊള്ളുന്നതായി തീർത്ഥാടന സംഘാടക സമിതിക്കു വേണ്ടി ഫാ. ജിനു മുണ്ടനാടക്കൽ അറിയിച്ചു.

For Prasudenthi Registration : https://forms.office.com/e/5CmTvcW6p7

Caterers Contacts:

Indian Food Club-07720614876, 

Jacob’s Caterers – 07869212935

Catholic National Shrine of Our Lady Walshingham, Houghton St. GilesNorfolk, NR22 6AL

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more