യുക്മ കേരളപൂരം വള്ളംകളി – 2025 ഒരുക്കങ്ങൾ പുരോഗമിക്കുന്നു. ഏഴാമത് വള്ളംകളി ഏറ്റെടുത്ത് യുകെയിലെ വള്ളംകളി പ്രേമികൾ.
Jul 05, 2025
കുര്യൻ ജോർജ്ജ് (നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ (യൂണിയന്‍ ഓഫ് യു.കെ മലയാളി അസോസിയേഷന്‍സ്) ജനകീയ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന കേരളാ പൂരം 2025 വള്ളംകളിയുടെ ഒരുക്കങ്ങൾ ധൃതഗതിയിൽ പുരോഗമിക്കുന്നു. യൂറോപ്പിലെ ഏറ്റവും വലിയ പ്രവാസി മലയാളി സംഗമമായി മാറിക്കഴിഞ്ഞിരിക്കുന്ന യുക്മ വള്ളംകളിയുടെ ടീം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയായതായി ജനറല്‍ സെക്രട്ടറി ജയകുമാര്‍ നായര്‍ അറിയിച്ചു. അഡ്വ. എബി സെബാസ്റ്റ്യൻ്റെ നേതൃത്വത്തിലുള്ള യുക്മ ദേശീയ സമിതി ഏഴാമത് യുക്മ കേരളപൂരം വിജയത്തിലെത്തിക്കുവാനുള്ള തയ്യാറെടുപ്പുകൾ ധൃതഗതിയിൽ നടത്തി വരികയാണ്.
32 പുരുഷ ടീമുകളും 16 വനിത ടീമുകളും അണി നിരക്കുന്ന ഏഴാമത് വള്ളംകളിയുടെ ആവേശം ഇതിനോടകം തന്നെ യുകെയിലെ വള്ളംകളി പ്രേമികൾ ഏറ്റെടുത്ത് കഴിഞ്ഞു. ടീം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കി ടീം ജഴ്സികൾ പ്രിൻ്റ് ചെയ്യുന്നത് ഉൾപ്പടെയുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ബോട്ട് റെയിസ് ടീം മാനേജ്മെൻ്റ് & ട്രെയിനിങ് ചുമതല വഹിക്കുന്ന ഡിക്സ് ജോർജജ്, ജോർജ്ജ് തോമസ്, ജേക്കബ്ബ് കോയിപ്പള്ളി എന്നിവർ അറിയിച്ചു.
മാമ്മന്‍ ഫിലിപ്പ് പ്രസിഡന്റായിരുന്ന യുക്മ ഭരണസമിതിയുടെ നേതൃത്വത്തില്‍ “കേരളാ ബോട്ട് റേസ് & കാര്‍ണിവല്‍” എന്ന പേരില്‍ 2017 ജൂലൈ 29ന് യൂറോപ്പില്‍ ആദ്യമായി വാര്‍വിക് ഷെയറിലെ റഗ്ബി ഡ്രേക്കോട്ട് തടാകത്തില്‍ നടത്തിയ വള്ളംകളി വന്‍ വിജയമായിരുന്നു. 22 ടീമുകള്‍ മാറ്റുരച്ച പ്രഥമ മത്സര വള്ളംകളിയില്‍ നോബി കെ ജോസ് നയിച്ച വൂസ്റ്റര്‍ തെമ്മാടീസ് ബോട്ട് ക്ലബ് തുഴഞ്ഞ കാരിച്ചാല്‍ ചുണ്ടന്‍ വിജയ കിരീടം സ്വന്തമാക്കി. തുടര്‍ന്ന് “കേരളാ പൂരം 2018″ എന്ന പേരില്‍ ഓക്സ്ഫോര്‍ഡ് ഫാര്‍മൂര്‍ റിസര്‍വോയറില്‍ സംഘടിപ്പിക്കപ്പെട്ട രണ്ടാമത് മത്സര വള്ളംകളിയില്‍ 32 ടീമുകള്‍ മാറ്റുരച്ചപ്പോള്‍ തോമസ്‌കുട്ടി ഫ്രാന്‍സിസ് നയിച്ച ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബ് തുഴഞ്ഞ തായങ്കരി ചുണ്ടന്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. 2019ല്‍ മൂന്നാമത് വള്ളംകളി ഷെഫീല്‍ഡിനടുത്ത് റോഥര്‍ഹാമിലെ മാന്‍വേഴ്സ് തടാകത്തില്‍ സംഘടിപ്പിച്ചപ്പോഴും തായങ്കരി ചുണ്ടന്‍ കിരീടം നിലനിര്‍ത്തി. കോവിഡ് മഹാമാരിയുടെ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2022 ൽ നടത്തിയ വള്ളംകളിയില്‍ വീണ്ടും ജേതാക്കളായി ലിവര്‍പൂള്‍ ജവഹര്‍ ബോട്ട് ക്ലബിന്റെ തായങ്കരി ചുണ്ടന്‍ ഹാട്രിക്ക് നേട്ടം കൈവരിച്ചു. 2023 ലെ അഞ്ചാമത് യുക്മ കേരളപൂരം വള്ളംകളി മത്സരത്തില്‍ വാശിയേറിയ പോരാട്ടത്തിനൊടുവില്‍ മാത്യു ചാക്കോ ക്യാപ്റ്റനായ കരുത്തരായ എസ് എം എ ബോട്ട് ക്ലബ് സാല്‍ഫോര്‍ഡിന്റെ പുളിങ്കുന്ന് ചാമ്പ്യന്‍മാരായി. 2024 ലെ ആറാമത് ”യുക്മ കേരളപൂരം വള്ളംകളി” മത്സരത്തിൽ സാവിയോ ജോസ് നയിച്ച കരുത്തരായ എൻ.എം.സി.എ ബോട്ട് ക്ളബ്ബ് നോട്ടിംഗ്ഹാമിൻ്റെ കിടങ്ങറ ചാമ്പ്യൻമാരായി. ഇതിനോടകം പരിശീലനം ആരംഭിച്ച് കഴിഞ്ഞ ടീമുകൾ എല്ലാം തന്നെ മികച്ച പോരാട്ടം കാഴ്ച്ച വയ്ക്കുന്നതിനുള്ള ആവേശകരമായ തയ്യാറെടുപ്പിലാണ്.
കഴിഞ്ഞ വര്‍ഷം മത്സരം നടത്തപ്പെട്ട അതേ മോഡല്‍ വള്ളങ്ങള്‍ തന്നെയാവും മത്സരങ്ങള്‍ക്ക് ഉപയോഗിക്കുന്നത്. ഇവ കേരളത്തിലെ ചുരുളന്‍, വെപ്പ് വള്ളങ്ങള്‍ക്ക് സമാനമായ ചെറുവള്ളങ്ങളാണ്. 2019, 2022, 2023, 2024 വർഷങ്ങളിൽ കേരളപൂരം വള്ളംകളി വളരെ വിജയകരമായി അരങ്ങേറിയ റോഥർഹാമിലെ മാൻവേഴ്സിൽ തന്നെയാണ് ഇക്കുറിയും വള്ളംകളി അരങ്ങേറുന്നത്. വള്ളംകളി കാണുവാനെത്തുന്ന ആയിരക്കണക്കിന് കാണികൾക്ക് വള്ളംകളിയോടൊപ്പം കലാപരിപാടികളും സൌകര്യപ്രദമായി വീക്ഷിക്കുന്നതിനുള്ള ഇടമാണ് മാൻവേഴ്സ് തടാകക്കരയും പരിസരവും.
യുക്മ – കേരളാപൂരം 2025 മായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് എബി സെബാസ്റ്റ്യൻ (പ്രസിഡന്റ്) : 07702862186, ജയകുമാര്‍ നായര്‍ – (ജനറല്‍ സെക്രട്ടറി) : 07403223066, എന്നിവരെ ബന്ധപ്പെടേണ്ടതാണ്.
click on malayalam character to switch languages