കുര്യൻ ജോർജ്ജ്(നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)
യുക്മ യൂത്ത് എംപവർമെൻ്റ് & ഡെവലപ്പ്മെൻ്റ് ഡയറക്ടറായി മുൻ യുക്മ ദേശീയ പ്രസിഡൻ്റ് ഡോ. ബിജു പെരിങ്ങത്തറയെ, യുക്മ പ്രസിഡൻ്റ് എബി സെബാസ്റ്റ്യൻ നിയമിച്ചതായി ജനറൽ സെക്രട്ടറി ജയകുമാർ നായർ അറിയിച്ചു. 2019 മുതൽ യുക്മ യൂത്തിൻ്റെ ഭാഗമായുള്ള ട്രെയിനിംഗ് സെഷനുകൾ, വർക്ക് ഷോപ്പുകൾ, വിദ്യാഭ്യാസ അവബോധ സെമിനാറുകൾ എന്നിവയ്ക്ക് നേതൃത്വം നൽകി വരുന്ന ഡോ. ബിജുവിൻ്റെ പരിചയ സമ്പത്തും സംഘാടക മികവും പുതിയ ചുമതലയിൽ കൂടുതൽ മികവുറ്റ പ്രവർത്തനം കാഴ്ച വെയ്ക്കുവാൻ അദ്ദേഹത്തിനെ പ്രാപ്തനാക്കുമെന്ന് യുക്മ ദേശീയ സമിതി വിലയിരുത്തി.
2022 – 2025 കാലയളവിൽ യുക്മ ദേശീയ പ്രസിഡൻ്റായി തിളക്കമാർന്ന പ്രകടനം കാഴ്ച വെച്ച ഡോ. ബിജു യുക്മയെ യു കെ മലയാളികൾക്കിടയിൽ കൂടുതൽ സ്വീകാര്യതയുള്ള ഒരു സംഘടനയാക്കി മാറ്റി. യുക്മ സൌത്ത് വെസ്റ്റ് റീജിയണൽ പ്രസിഡൻ്റ്, റീജിയണിൽ നിന്നുള്ള ദേശീയ സമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള ഡോ.ബിജു യുക്മയുടെ തുടക്കകാലം മുതൽ ഒരു സന്തത സഹചാരിയാണ്. ഗ്ളോസ്റ്റർഷയർ മലയാളി അസ്സോസ്സിയേഷനിലെ (GMA) സജീവാംഗമായ ഡോ. ബിജു അസ്സോസ്സിയേഷൻ പ്രസിഡൻ്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബർമിംങ്ഹാം എൻ എച്ച് എസ്സിൽ കൺസട്ടൻ്റ് അനസ്ത്തിറ്റിസ്റ്റ് ആൻ്റ് ഡയറക്ടർ ഓഫ് ക്രിട്ടിക്കൽ കെയറായി വളരെ തിരക്കേറിയ ഔദ്യോഗിക ജീവിതം നയിക്കുന്ന ഡോ. ബിജു, സാമൂഹിക സേവന രംഗത്ത് ചെയ്യുന്ന പ്രവർത്തനങ്ങൾ നിസ്തുലമാണ്. അദ്ദേഹത്തിൻ്റെ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി, 2022 ൽ ലണ്ടനിൽ വെച്ച് നടന്ന ലോക കേരളസഭ യൂറോപ്പ് റീജിയണൽ സമ്മേളനത്തിൻ്റെ സംഘാടക സമിതി ചെയർമാനായി കേരള ഗവൺമെൻ്റ് അദ്ദേഹത്തെ നിയമിച്ചു. 2024 ജൂണിൽ തിരുവനന്തപുരത്ത് വെച്ച് നടന്ന നാലാമത് ലോക കേരളസഭയിൽ പങ്കെടുക്കുവാൻ കേരള ഗവൺമെൻ്റ് അദ്ദേഹത്തെ തിരഞ്ഞെടുത്തു.
യുക്മ ചാരിറ്റി ഫൌണ്ടേഷൻ ട്രസ്റ്റിയായി പ്രവർത്തിക്കുന്ന ഡോ. ബിജു, യുകെയിലും കേരളത്തിലുമായി നിരവധി ചാരിറ്റി പ്രോജക്ടുകളിൽ നേതൃത്വം വഹിക്കുകയും സജീവമായി പങ്കെടുക്കുകയും ചെയ്യുന്നു. 2018 ലെ പ്രളയ ദുരന്തത്തിന് ഇരയായി വീട് നഷ്ടപ്പെട്ടവർക്ക് യുക്മ GMA യുടെ സഹകരണത്തോടെ നിർമ്മിച്ച് നൽകിയ വീടുകളുടെ നിർമ്മാണത്തിന് നേതൃത്വം നൽകിയതുൾപ്പടെ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായിട്ടുണ്ട്.
ശ്രീ നാരായണ ധർമ്മ പരിപാലന സംഘത്തിൻ്റെ ആശയങ്ങൾക്ക് അനുസൃതമായി രൂപം കൊണ്ട ‘സേവനം യുകെ’ യുടെ സ്ഥാപകാംഗങ്ങളിൽ ഒരാളായ ഡോ. ബിജു, സംഘടനയുടെ ചെയർമാനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ശ്രീനാരായണ ഗുരുദേവൻ്റെ ആശയങ്ങളുടെ പ്രചരണാർത്ഥം വൂൾവർഹാംപ്റ്റണിൽ ആരംഭിച്ച ശിവഗിരി ആശ്രമം സ്ഥാപിക്കുന്നതിന് നേതൃപരമായ പങ്ക് ഡോ. ബിജു വഹിച്ചിട്ടുണ്ട്.
സൌത്ത് വെസ്റ്റിലെ ഗ്ളോസ്റ്റർഷയറിൽ താമസിക്കുന്ന ഡോ. ബിജുവിൻ്റെ ഭാര്യ ഡോ. മായ, മക്കൾ ഡോ. അപർണ, മെഡിക്കൽ വിദ്യാർത്ഥികളായ ലക്ഷ്മി, ഹൃഷികേശ് എന്നിവർ അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തനങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി അദ്ദേഹത്തോടൊപ്പമുണ്ട്.
click on malayalam character to switch languages