സുജു ജോസഫ് (പി ആർ ഒ, യുക്മ സൗത്ത് വെസ്റ്റ്)
യോവിൽ: ജൂൺ 15 ഞായറാഴ്ച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ആതിഥേയത്വം വഹിക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള യുക്മ നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റിയൻ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി യുക്മ മുൻ പ്രസിഡന്റ് ബിജു പെരിങ്ങത്തറ പങ്കെടുക്കും. സമാപന സമ്മേളനത്തിൽ യുക്മ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധിരി വിശിഷ്ടാതിഥിയാകും.
രാവിലെ എട്ടുമണിയോടെ ആരംഭിക്കുന്ന രജിസ്ട്രേഷൻ നടപടികൾക്ക് ശേഷം എട്ടര മണിയോടെ നടക്കുന്ന കായികതാരങ്ങളുടെ മാർച്ച് പാസ്റ്റ് യുക്മ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് റീജിയണൽ പ്രസിഡന്റ് സുനിൽ ജോർജ്ജിന്റെ അദ്ധ്യക്ഷതയിൽ ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനം നാഷണൽ പ്രസിഡന്റ് അഡ്വ എബി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യും. മുഖ്യാതിഥിയായി മുൻ നാഷണൽ പ്രസിഡന്റും ദേശീയ സമിതിയംഗവുമായ ഡോ ബിജു പെരിങ്ങത്തറ പങ്കെടുക്കും. സമ്മേളനത്തിൽ നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിധിരി, യുക്മ ന്യൂസ് ചീഫ് എഡിറ്റർ സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം രാജേഷ് രാജ് തുടങ്ങിയവർ പങ്കെടുക്കും. റീജിയണൽ സെക്രട്ടറി ജോബി തോമസ് സ്വാഗതവും ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ നന്ദിയും പ്രകാശിപ്പിക്കും.
അതേസമയം കായികമേളയ്ക്ക് ഇക്കുറി അസോസിയേഷനുകളിൽ നിന്ന് ലഭിക്കുന്നത് വളരെ മികച്ച പ്രതികരണമാണെന്ന് സ്പോർട്ട്സ് കോർഡിനേറ്റർ മുഹമ്മദ് ഇർഷാദ് പറഞ്ഞു. അതി വിശാലമായ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളൊരുക്കുമെന്ന് ട്രഷറർ ബേബി വർഗ്ഗീസ് ആലുങ്കൽ, വൈസ് പ്രസിഡന്റുമാരായ ചാർളി മാത്യു, ടെസ്സി മാത്യു, ജോയിന്റ് സെക്രട്ടറിമാരായ സാനി മൈക്കിൾ, ശാലിനി റിജേഷ്, ഇന്റേണൽ ഓഡിറ്റർ ഉമ്മൻ ജോൺ, എസ് എം സി എ പ്രസിഡന്റ് ഗിരീഷ് കുമാർ, സെക്രട്ടറി ബവറിൻ ജോൺ, ട്രഷറർ ടിനു തോമസ് തുടങ്ങിയവർ അറിയിച്ചു. രാവിലെ എട്ടു മണിമുതൽ തന്നെ നാടൻ വിഭവങ്ങളോട് കൂടിയ തട്ടുകട മട്ടാഞ്ചേരി റെസ്റ്റോറന്റ് കായികമേള വേദിയിൽ പ്രവർത്തനസജ്ജമാകും.
കഴിഞ്ഞ രണ്ടു തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് നാലാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 15ന് കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി അറിയിച്ചു.
കായികമേള നടക്കുന്ന സ്ഥലത്തിന്റെ വിലാസം: Yeovil Olympiads Athletic Club, Picket Lane, Yeovil, BA21 3DS
click on malayalam character to switch languages